മോശം പെരുമാറ്റം: സെറീനക്ക് പിഴ
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണിന്റെ ഫൈനലില്‍ അമ്പയറെ ചീത്ത വിളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത അമേരിക്കന്‍ താരം സെറീനാ വില്യംസിന് യു.എസ് ഓപ്പണ്‍ അധികൃതര്‍ പിഴ ചുമത്തി. 17,000 ഡോളറാണ് സെറീനക്ക് പിഴ ചുമത്തിയിട്ടുള്ളത്.
യു.എസ് ഓപ്പണ്‍ ഫൈനലില്‍ ജപ്പാന്‍ താരം നവോമി ഒസാക്കയ്‌ക്കെതിരായ മത്സരത്തിനിടയിലായിരുന്നു സംഭവം. മത്സരം തോറ്റ സെറീനയ്‌ക്കെതിരേ പലഭാഗത്തുനിന്നും രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് അച്ചടക്ക നടപടി.
അമ്പയറെ തെറിവിളിച്ചതിന് 10,000 ഡോളറും, മുന്നറിയിപ്പിന് 4,000 ഡോളറും, റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3,000 ഡോളറുമാണ് പിഴ വിധിച്ചിട്ടുള്ളത്. ഗ്രാന്‍ന്റ്‌സ്‌ലാം മത്സരത്തിനിടെ കോച്ചിന്റെ നിര്‍ദേശം സ്വീകരിക്കുന്നത് നിയമത്തിന് എതിരാണ്. ഇത് ലംഘിച്ചതിന് മത്സരത്തിനിടെ സെറീനയ്ക്ക് അമ്പയര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. ഇത് തെറ്റിച്ചതിനാണ് 4,000 ഡോളര്‍ പിഴ ഈടാക്കിയത്. കളിക്കിടെ പരിശീലകനുമായി എതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതും സഹായം ലഭിക്കുന്നതും കുറ്റകരമാണ്. ഒസാക്കയുമായുള്ള മത്സരത്തില്‍ പിന്നോക്കം പോയതോടെ പ്രകോപിതയായ സെറീന കോര്‍ട്ടില്‍ നിലവാരമില്ലാതെ പെരുമാറുകയായിരുന്നു. അമ്പയറെ കള്ളനെന്നും നുണയനെന്നും മറ്റും സെറീന അധിക്ഷേപിച്ചു. ഇതേതുടര്‍ന്ന് സെറീനയുടെ പോയിന്റ് വെട്ടിക്കുറച്ചിരുന്നു. താന്‍ സ്ത്രീ ആയതിനാലാണ് അമ്പയര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും എന്റെ പോയിന്റ് കുറച്ച താങ്കള്‍ കള്ളനാണെന്നും സെറീന അമ്പയറോട് പറഞ്ഞിരുന്നു.
പഴയ ഫോമിലല്ലെങ്കിലും വിംബിള്‍ഡണിലും യു.എസ് ഓപ്പണിലും ഫൈനലിലെത്താന്‍ സെറീനക്ക് കഴിഞ്ഞു എന്നത് താരം വലിയ നേട്ടമായിട്ടാണ് കാണുന്നത്. മത്സരത്തില്‍ 6-2, 6-4 എന്ന നിലയില്‍ ജയിച്ച ഒസാക്ക 1.85 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."