യൂറോപ്യന്‍ യൂനിയന്‍ തീവ്ര വലതുപക്ഷത്തേക്ക്
ലോകം കൂടുതല്‍ ആപല്‍ക്കരമായ അവസ്ഥയിലേക്ക് മാറുന്നു എന്ന സൂചനയാണ് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ തീവ്ര വലതുപക്ഷം യൂറോപ്യന്‍ യൂനിയനിലും മേല്‍ക്കൈ നേടുന്നു എന്നത് ആശങ്കാജനകമാണ്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം അതിവേഗമാണ് ലോക രാഷ്ട്രങ്ങളില്‍ വലതുപക്ഷ തീവ്രവാദക്കാര്‍ അധികാരത്തില്‍ വന്നുകൊണ്ടിരിക്കുന്നത്.
തീവ്ര വലതുപക്ഷങ്ങള്‍ക്ക് ലോകത്തു കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത ഇടതുപക്ഷ, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രസക്തിയാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. 751 അംഗ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് 28 അംഗ രാജ്യങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം തീവ്ര ദേശീയ- വലതുപക്ഷ കക്ഷികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. ഇന്ത്യ കഴിഞ്ഞാല്‍ ലോകത്ത് ജനാധിപത്യം പുലരുന്ന യൂറോപ്പില്‍ ഇന്ത്യയെപ്പോലെതന്നെ തീവ്ര വലതുപക്ഷ കക്ഷികള്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കാഴ്ച.
പാര്‍ലമെന്റിലെ നാലിലൊന്ന് സീറ്റുകളാണ് തീവ്ര ദേശീയവാദികളും തീവ്ര വലതുപക്ഷവും ചേര്‍ന്ന് പിടിച്ചെടുത്തിരിക്കുന്നത്. യൂറോപ്യന്‍ യൂനിയനിലെ മധ്യ വലതുപക്ഷ കക്ഷിയായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും മധ്യ ഇടതുപക്ഷ കക്ഷിയായ പ്രോഗസീവ് അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് ആന്‍ഡ് ഡെമോക്രാറ്റ്‌സി(എസ് ആന്‍ഡ് ഡി)നെയും ബഹുദൂരം പിന്നിലാക്കിയാണ് തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ മേധാവിത്വം നേടിയത്. അടുത്തകാലത്തായി ഫ്രാന്‍സിലും ഇറ്റലിയിലും ബ്രിട്ടനിലും ജര്‍മനിയിലും തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ടായ വളര്‍ച്ചയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ബ്രിട്ടനില്‍ പുതുതായി രൂപംകൊണ്ട ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് പ്രധാനമന്ത്രി തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും ലേബര്‍ പാര്‍ട്ടിയെയും ബഹുദൂരം പിന്നിലാക്കാന്‍ കഴിഞ്ഞത് തീവ്ര വലതുപക്ഷ കക്ഷികളുടെ വളര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ആഗോളീകരണത്തിനുശേഷം ലോകത്തിന്റെ ക്രമംതന്നെ തെറ്റിയതിന്റെ അനന്തരഫലങ്ങളാണിതൊക്കെയും. ആഗോളീകരണം കോര്‍പറേറ്റുകള്‍ക്കാണ് വമ്പിച്ച ആനുകൂല്യങ്ങള്‍ പ്രദാനം ചെയ്തത്. തീവ്ര ദേശീയതയുടെപേരില്‍ ഉരുവംകൊണ്ട കക്ഷികള്‍ ഇടതുപക്ഷ ചിന്താധാരകളെ അപ്രസക്തമാക്കിയത് കോര്‍പറേറ്റുകള്‍ക്ക് ഉത്തേജനമാവുകയായിരുന്നു. അതിനാലാണ് കോര്‍പറേറ്റുകള്‍ തീവ്ര ദേശീയ പാര്‍ട്ടികളെയും തീവ്ര വലതുപക്ഷ കക്ഷികളെയും അകമഴിഞ്ഞ് സഹായിക്കുന്നത്. ഇന്ത്യയില്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോര്‍പറേറ്റ്- ബി.ജെ.പി സഖ്യം ജയിച്ചതും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.
യൂറോപ്യന്‍ യൂനിയന്റെ ചരിത്രത്തിലാദ്യമായാണ് സോഷ്യലിസ്റ്റ് കക്ഷികള്‍ക്കും മധ്യ ഇടതുപക്ഷ കക്ഷികള്‍ക്കും ഇത്രയും വലിയ പരാജയമുണ്ടാകുന്നത്. ഇതിനിടയിലും ആശ്വാസം നല്‍കുന്നത് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗ്രീന്‍സ് പാര്‍ട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചതാണ്. 2014ല്‍ അവര്‍ക്ക് 50 പാര്‍ലമെന്റ് അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്രാവശ്യം 70 അംഗങ്ങളെ വിജയിപ്പിക്കാനായിട്ടുണ്ട്. 751 അംഗ പാര്‍ലമെന്റില്‍ മധ്യ വലതുപക്ഷ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി 180 സീറ്റുകളിലാണ് വിജയിച്ചത്. ലിബറല്‍ പാര്‍ട്ടികളുടെയും ഗ്രീന്‍സ് പാര്‍ട്ടിയുടെയും പിന്തുണയോടെ മധ്യ വലതുപക്ഷ സോഷ്യലിസ്റ്റുകളും ഇടതുപക്ഷ ഡെമോക്രാറ്റുകളും ഭൂരിപക്ഷത്തിലെത്തിയാല്‍ താല്‍കാലികമായിട്ടെങ്കിലും യൂറോപ്യന്‍ യൂനിയന്‍ തീവ്ര വലതുപക്ഷ കക്ഷികളുടെ പിടിയില്‍നിന്ന് രക്ഷപ്പെടും.
യൂറോപ്യന്‍ വന്‍കരയിലെ 28 രാജ്യങ്ങള്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റിലേക്ക് ഇന്ത്യയെപ്പോലെ അഞ്ചു വര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രസംവിധാനം നിലവില്‍വന്നതെങ്കിലും ഐക്യ യൂറോപ്പ് എന്ന ലക്ഷ്യം നേടിയെടുക്കാന്‍ യൂറോപ്യന്‍ യൂനിയന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഏകീകൃത കമ്പോളം, പൊതുനാണയം, പൊതുകാര്‍ഷിക നയം, പൊതുവ്യാപാര നയം, പൊതുമത്സ്യബന്ധന നയം എന്നിവയാണ് യൂനിയന്റെ സവിശേഷതകള്‍. എന്നാല്‍ തങ്ങളുടെ സമ്പത്ത് ചോര്‍ത്തുന്നു എന്നാരോപിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോരാനുള്ള നടപടികള്‍ 2016ല്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തെരേസാ മേയുടെ രാജിയില്‍ വരെ എത്തിനില്‍ക്കുന്നു ഇതു സംബന്ധിച്ച നടപടികള്‍.
ഡോണാള്‍ഡ് ട്രംപാണ് ലോകത്ത് തീവ്ര ദേശീയതയ്ക്കും തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനും പ്രചുരപ്രചാരം നേടിക്കൊടുത്തത്. അമേരിക്കയിലെ അതിസമ്പന്നരായ 50 പേരിലൊരാളായ ട്രംപിന് രാജ്യത്തെ തീവ്ര വലതുപക്ഷത്തേക്ക് കൊണ്ടുപോകണമായിരുന്നു. അക്രമാസക്ത ദേശീയതയിലേക്ക് അമേരിക്കന്‍ ജനതയെ മാറ്റിച്ചിന്തിപ്പിച്ചത് ട്രംപിന്റെ വ്യവസായ താല്‍പര്യങ്ങളാണ്. കുടിയേറ്റക്കാരായ മുസ്‌ലിംകളെ ശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപ് ഇതിനു തുടക്കമിട്ടത്. കുടിയേറ്റക്കാരെ തിരിച്ചയച്ചുകൊണ്ടിരുന്ന ട്രംപിന്റെ നയം യൂറോപ്പിലേക്കും പടരുകയായിരുന്നു. യൂറോപ്യന്‍ യൂനിയനിലെ പല അംഗ രാജ്യങ്ങളും ട്രംപിനെയാണ് മാതൃകയാക്കുന്നത്. അന്യരാഷ്ട്രങ്ങളോടും സ്വന്തം രാഷ്ട്രത്തിനകത്തു തന്നെയുള്ള മതന്യൂനപക്ഷങ്ങളോടും വര്‍ഗങ്ങളോടും അസഹിഷ്ണുതയും അക്രമാസക്ത നിലപാടും സ്വീകരിക്കുക എന്നതാണവരുടെ നയം.
അന്യരെ പുച്ഛിക്കുക എന്നതാണ് ട്രംപിന്റെ നയം. അതുതന്നെയാണ് തീവ്ര ദേശീയതയുടെ അന്തര്‍ധാരയും. അക്രമാസക്ത ദേശീയത ജനങ്ങളെ ശത്രുക്കളാക്കി മാറ്റി. യൂറോപ്യന്‍ യൂനിയനിലും അതിന്റെ കാലടി ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി ഇപ്പോള്‍. സ്വന്തം രാജ്യത്തിന്റെ മേന്മയും പൈതൃകവും പൊലിപ്പിച്ചുകാട്ടി അതെല്ലാം അപകടത്തില്‍ പെടാന്‍പോകുന്നു എന്ന് പറഞ്ഞായിരുന്നു ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വളരെ ആസൂത്രിതമായാണ് ഇത്തരം വാദങ്ങള്‍ ട്രംപ് പ്രചരിപ്പിച്ചത്. അതുകൊണ്ടാണ് ട്രംപിന് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്താന്‍ കഴിഞ്ഞത്. ഇന്ത്യയെപ്പോലെതന്നെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ക്രിയാത്മക രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെടാതെപോയതും ഈ അക്രമാസക്ത ദേശീയത ജനങ്ങളില്‍ കുത്തിവച്ചതിനാലായിരുന്നു. ഇതു തന്നെയാണ് ലോകത്തെ ജനാധിപത്യ, ലിബറല്‍, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ലോകത്താകമാനം നേരിടുന്ന വെല്ലുവിളിയും.
സ്വതന്ത്ര ചിന്തകളുടെയും സ്വാതന്ത്ര്യത്തിന്റെയും മേല്‍ തീവ്ര വലതുപക്ഷം നേടുന്ന ആധിപത്യത്തിനാണ് ലോകം ഇപ്പോള്‍ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഒരു പതിപ്പാണ് കഴിഞ്ഞ ദിവസത്തെ യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കണ്ടത്. തീവ്ര വലതുപക്ഷ, വര്‍ഗീയ, വംശീയ രാഷ്ട്രീയത്തിനു ബദലായി ജനപക്ഷ രാഷ്ട്രീയം ഉയര്‍ന്നുവന്നാല്‍ മാത്രമേ ഈ രാഷ്ട്രീയ ഭീകരതയെ തുടച്ചുനീക്കാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."