പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മമതാ ബാനര്‍ജിയും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു മുഖ്യമന്ത്രിമാരോട് ചര്‍ച്ച നടത്തിയെന്നും താന്‍ പങ്കെടുക്കുമെന്നും മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് വ്യാഴാഴ്ച നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന കാര്യം മമത അറിയിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയും മമതയും തമ്മില്‍ ശക്തമായ വാഗ്വാദങ്ങളുണ്ടായിരുന്നു. ഇതിന്നിടെ സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കാന്‍ മമത സമ്മതം അറിയിച്ചത് രാഷ്ട്രീയ രംഗത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ബിംസ്റ്റക് രാഷ്്ട്ര നേതാക്കളെ ക്ഷണിച്ചിരുന്നു. ഇന്ത്യക്കൊപ്പം ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക, തായ്ലന്ഡ്, നേപ്പാള്‍, ഭൂട്ടാന് എന്നീരാജ്യങ്ങളാണുള്ളത്. ഷാങ്ഹായി കോര്പറേഷന് ചെയറിന്റെ അധ്യക്ഷനായ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ്, പ്രവാസി ഭാരതിയ ദിവസിലെ ഈ വര്‍ഷത്തെ മുഖ്യാതിഥി മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
സിനിമാ നടന്മാരായ രജിനികാന്തിനെയും കമല്‍ ഹാസനെയും ക്ഷണിച്ചിരുന്നു. രജനികാന്ത് ക്ഷണം സ്വീകരിച്ചെങ്കിലും കമല്‍ഹാസന്റെ സാന്നിധ്യം സംബന്ധിച്ച സ്ഥരീകരണമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."