ബിഹാര്‍ തെരഞ്ഞെടുപ്പ്; നിതീഷിനെ ഉന്നംവച്ച് ചിരാഗ്; പിന്നില്‍ ബി.ജെ.പി?
പാറ്റ്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ എന്‍.ഡി.എയിലെ മുറുമുറുപ്പ് വര്‍ധിക്കുന്നു. ജെ.ഡി.യുവുമായി പിണങ്ങി മുന്നണി വിട്ട എല്‍.ജെ.പി, ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഉന്നംവച്ചും ബി.ജെ.പിയെ പിന്തുണച്ചും വീണ്ടും വീണ്ടും രംഗത്തെത്തുന്നതാണ് മുന്നണിയെ ഉലയ്ക്കുന്നത്.
കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പാസ്വാന്‍ മരിച്ചു ദിവസങ്ങള്‍ മാത്രം പിന്നിട്ടിരിക്കേ, തന്റെ പിതാവിനെ നിതീഷ് കുമാര്‍ പരമാവധി ദ്രോഹിച്ചിരുന്നെന്നു വ്യക്തമാക്കി അദ്ദേഹത്തിന്റെ മകനും എല്‍.ജെ.പി നേതാവുമായ ചിരാഗ് പാസ്വാന്‍ രംഗത്തെത്തി.
എന്നാല്‍, നിതീഷ് കുമാറിനെയും ജെ.ഡി.യുവിനെയും പരമാവധി എതിര്‍ക്കുമ്പോഴും ബി.ജെ.പിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ചിരാഗ് സ്വീകരിക്കുന്നത്. നരേന്ദ്രമോദിയുമായും ബി.ജെ.പിയുമായും തങ്ങള്‍ക്ക് ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും ബിഹാറില്‍ ബി.ജെ.പി-എല്‍.ജെ.പി സര്‍ക്കാര്‍ വരുമെന്നും കഴിഞ്ഞ ദിവസവും അദ്ദേഹം ആവര്‍ത്തിച്ചു. അമിത് ഷായുടെ സമ്മതത്തോടെയും അറിവോടെയുമാണ് തങ്ങള്‍ മുന്നണി വിട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ജെ.ഡി.യുവിനെ ഒതുക്കാന്‍ എല്‍.ജെ.പിയെ മുന്നില്‍നിര്‍ത്തി ബി.ജെ.പി തന്ത്രം മെനയുകയാണെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.
എന്നാല്‍, ഇക്കാര്യങ്ങള്‍ നിഷേധിച്ച് ബിഹാറിലെ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഇന്നലെയും രംഗത്തെത്തിയിട്ടുണ്ട്. 243 അംഗ നിയമസഭയിലേക്ക് 115 വീതം സീറ്റുകളിലാണ് ബി.ജെ.പിയും ജെ.ഡി.യുവും മത്സരിക്കുന്നത്. ജെ.ഡി.യുവിന്റെ മണ്ഡലങ്ങളില്‍ എല്‍.ജെ.പി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിലൂടെ അവരുടെ സീറ്റ് കുറയ്ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നാണ് സൂചന.
അതേസമയം, നിതീഷ് കുമാര്‍ ദുര്‍ബലനാണെന്നും ബിഹാറിനെ പുരോഗതിയിലേക്കു നയിക്കാന്‍ അദ്ദേഹത്തിനാകില്ലെന്നും ആരോപിച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും രംഗത്തെത്തിയിട്ടുണ്ട്.
മീരാകുമാറിന്റെ പേജ് നീക്കി; ഫേസ്ബുക്ക് വിവാദത്തില്‍
ആരോപണവുമായി മുന്‍ ലോക്‌സഭാ സ്പീക്കര്‍ രംഗത്തെത്തിയതോടെ പേജ് തിരികെയെത്തി; അന്വേഷണവും പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: മുന്‍ ലോക്‌സഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ മീരാകുമാറിന്റെ പേജ് നീക്കം ചെയ്ത് ഫേസ്ബുക്ക്. കഴിഞ്ഞ ദിവസം പേജ് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് ഇക്കാര്യം വ്യക്തമാക്കിയും ഫേസ്ബുക്കിനെതിരേ ആരോപണമുന്നയിച്ചും മീരാകുമാര്‍ ട്വിറ്ററിലൂടെ രംഗത്തെത്തി. ഇതിനു പിന്നാലെ പേജ് പുനഃസ്ഥാപിച്ച ഫേസ്ബുക്ക് അധികൃതര്‍, വിവാദം തുടര്‍ന്നതോടെ സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു.
തന്റെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്‌തെന്നും എന്തിനാണെന്നു വ്യക്തമല്ലെന്നും ട്വീറ്റ് ചെയ്ത മീരാകുമാര്‍, ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് ആരോപിക്കുകയും ചെയ്തു. ബിഹാര്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി തന്റെ പേജ് നീക്കിയത് യാദൃശ്ചികമാകില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് പേജ് പുനഃസ്ഥാപിച്ചത്. ഇതിനു പിന്നാലെ ഫേസ്ബുക്കിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയതോടെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ, ബി.ജെ.പി പറയുന്നതിനനുസരിച്ച് ഫേസ്ബുക്ക് നിലപാടെടുക്കുന്നുവെന്ന ആരോപണം ശക്തമായി ഉയരുകയും വിഷയത്തില്‍ പാര്‍ലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കുകയും കോണ്‍ഗ്രസ് രണ്ടുതവണ ഫേസ്ബുക്ക് സി.ഇ.ഒയ്ക്കു കത്തയക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."