മോദിയുടെ സത്യപ്രതിജ്ഞ: ഇംറാന്‍ഖാനെ ക്ഷണിക്കാത്തത് അവഹേളനമെന്ന് പാകിസ്താന്‍
ഇസ്‌ലാമാബാദ്: നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി ഇംറാന്‍ഖാനെ ക്ഷണിക്കാത്തത് രാജ്യത്തോടുള്ള അവഹേളനമാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. പാക് ടെലിവിഷന്‍ ചാനലുകളോട് സംസാരിക്കവെ ഇരു രാജ്യങ്ങളും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
30ന് മോദി വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ചടങ്ങിലേക്ക് ബംഗ്ലാദേശ്, തായ്‌ലന്റ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ്. മ്യാന്മര്‍, കസാഖിസ്താന്‍ എന്നീ രാജ്യങ്ങളുടെ ഭരണാധികാരികളെ ക്ഷണിച്ചിട്ടുണ്ട്.
ചടങ്ങിനു ക്ഷണിക്കുന്നതിനെക്കാള്‍ ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കുന്നതിനാണ് പാകിസ്താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഖുറൈശി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കിര്‍ഗിസ്താനില്‍ നടന്ന ഷാങ്ഹായി കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ ഖുറൈശി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയിരുന്നു.
ജമ്മു കശ്മിരില്‍ പാക് പിന്തുണയുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഇന്ത്യയുടെ 40 ജവാന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ-പാക് ബന്ധം വഷളായത്.
അതിനിടെ ഇന്ത്യയുടെ വിരമിച്ച സൈനിക -പൊലിസ് ഓഫിസര്‍മാരെ ഉന്നമിട്ട് പാക് ചാരസംഘടനയായ ഐ.എസ്.ഐ ഹാര്‍വസ്റ്റ് പദ്ധതി നടത്താന്‍ ശ്രമിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാനഡ കേന്ദ്രമാക്കിയ ഖലിസ്താന്‍ പ്രവര്‍ത്തകരാണ് ഇതിനു ചുക്കാന്‍പിടിക്കുന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. അതിനാല്‍ ഖലിസ്താന്‍ തീവ്രവാദി സംഘടനയുടെ നീക്കങ്ങള്‍ ഇന്ത്യന്‍ സുരക്ഷാസേന നിരീക്ഷിച്ചുവരികയാണ്.
ഖലിസ്താന്‍ ഹിതപരിശോധനാ പ്രസ്ഥാനത്തില്‍ ചേരുന്നവര്‍ക്ക് ഇവര്‍ സൗജന്യ വിമാനടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പത്താന്‍കോട്ട് റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം നടത്തുമെന്ന ഭീഷണിക്കത്ത് സ്‌റ്റേഷന്‍ സൂപ്രണ്ടിന് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."