സഹനസമരത്തിന്റെ വിജയം സീഫോര്‍ത്ത്-പെരിയശോല റോഡ് പുനരുദ്ധാരണം ആരംഭിച്ചു
ഗൂഡല്ലൂര്‍: സീഫോര്‍ത്ത്- പെരിയശോല റോഡിന്റെ പുനരുദ്ധാരണം നടത്താത്തതില്‍ നാടൊന്നിച്ച് സഹനസമരം നടത്തിയപ്പോള്‍ മുട്ടുമടക്കിയ അധികൃതര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മെയ് ഒന്നിന് പുനരുദ്ധാരണം തുടങ്ങുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്.
എന്നാല്‍ പ്രവൃത്തി ആരംഭിച്ചത് എട്ടിനാണ്. എങ്കിലും നാട്ടുകാര്‍ സന്തോഷത്തിലാണ്. ദേശീയപാത വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറും സംസ്ഥാനപാത വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറും സ്ഥലത്തെത്തി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ പരിശോധിച്ചത് നാട്ടുകാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ട്. ഒപ്പം ദേശീയപാത വിഭാഗത്തില്‍ നിന്നുള്ള ഫണ്ട് റോഡിനായി വകയിരുത്തി നല്‍കാമെന്ന അസിസ്റ്റന്റ് എന്‍ജിനീയറുടെ പ്രഖ്യാപനം ഇവര്‍ക്ക് ഇരട്ടി മധുരവുമായി. റോഡിലെ പഴയ ടാറിങ് അടക്കം പൊളിച്ചുമാറ്റിയാണ് പുതിയ റോഡ് നിര്‍മിക്കുന്നത്. ഇതിനായി ജെ.സി.ബി ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ക്കാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. നിര്‍മാണ സാമഗ്രികള്‍ക്ക് പോലും അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ പഞ്ചായത്തിലേക്ക് ജനങ്ങളുടെ സഹന സമരത്തിന്റെ ഫലമായാണ് ജെ.സി.ബിയടക്കമുള്ള വാഹനങ്ങളെത്തിയത്. പെരിയശോലയില്‍ നിന്നാണ് പ്രവൃത്തി ആരംഭിച്ചത്. 26 വര്‍ഷത്തിന് ശേഷമാണ് റോഡ് നിര്‍മാണം നടക്കുന്നത്. കഴിഞ്ഞ മാസം 17നാണ് നാട്ടുകാര്‍ ഒന്നിച്ച് ഗൂഡല്ലൂരിലെ ഹൈവേ ഓഫിസ് ഉപരോധിക്കാനെത്തിയത്.
ഉപരോധത്തിന് പിന്തുണയുമായി ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും എത്തിയതോടെ അധികൃതരുടെ പിടിവാശിയും അവസാനിക്കുകയായിരുന്നു.
സമരം വിജയിപ്പിച്ച നാട്ടുകാര്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും നടപടികള്‍ വേഗത്തിലാക്കി റോഡ് പുനരുദ്ധാരണം യാഥാര്‍ത്യമാക്കിയ ഉദ്യോഗസ്ഥര്‍ക്കും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഹനീഫ എല്ലമല, അയ്യാസാമി, ഇബ്‌നു, അബ്ദുസമദ് നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."