കരിപ്പൂര്‍ വിമാനത്താവളം; കൈവശമുള്ള ഭൂമി പരമാവധി പ്രയോജനപ്പെടുത്തി വികസന പദ്ധതി
കൊണ്ടോട്ടി: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി കുറഞ്ഞ ഭൂമി ഏറ്റെടുത്ത് കരിപ്പൂര്‍ വിമാനത്താവള വികസനം സാധ്യമാക്കാന്‍ വിദ്ഗധ സംഘമെത്തി. വിമാനത്താവള റണ്‍വേ, വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന ഏപ്രണ്‍, കാര്‍പാര്‍ക്കിങ് തുടങ്ങിയവ വിപുലപ്പെടുന്നത് സംബന്ധിച്ച് പഠിക്കുന്നതിനും റിപ്പോര്‍ട്ട് തയാറാക്കുന്നതിനുമായി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പ്ലാനിങ് വിഭാഗം ജനറല്‍ മാനേജര്‍ അമിത് ഭൗമികിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ഇന്നലെ കരിപ്പൂരിലെത്തിയത്. അതോറിറ്റിയുടെ സ്ഥലമടക്കം നൂറ് ഏക്കര്‍ ലഭ്യമായാല്‍ മതിയായ സൗകര്യമൊരുക്കാനാകുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.
റണ്‍വേ വികസനത്തിന് ഇരുവശങ്ങളിലുമായി 50 ഏക്കര്‍ സ്ഥലം ലഭ്യമാക്കണം. 108 മീറ്റര്‍ വീതിയിലും 750 മീറ്റര്‍ നീളത്തിലുമായി അതോറിറ്റിയുടെ കൈവശമുള്ള 27 ഏക്കര്‍ ഭൂമിയും ഇതോടൊപ്പം പ്രയോജനപ്പെടുത്തും.അപ്രോച്ച് ലൈറ്റുകള്‍ സ്ഥാപിക്കാനായി നേരത്തെ ഏറ്റെടുത്ത സ്ഥലമാണ് നിലവില്‍ അതോറിറ്റിയുടെ കൈവശമുള്ളത്. റണ്‍വേയുടെ തെക്കുഭാഗത്ത് പുതിയ ടെര്‍മിനല്‍ സ്ഥാപിക്കുന്നത് വേണ്ടെന്ന് വച്ചിട്ടുണ്ട്. ഇവിടേക്ക് സമാന്തര റോഡുകളടക്കം വേണ്ടിവരുന്നതിനാലാണിത്. ഇതിന് പകരം വിമാനങ്ങളുടെ പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലം ഒരുക്കുന്ന നടപടികള്‍ കൈക്കൊള്ളും.
12 വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് നിലവില്‍ കരിപ്പൂരിലുള്ളത്. ഇത് 33 വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുതകുന്ന രീതിയില്‍ വിപുലപ്പെടുത്തും. നിലവില്‍ പഴയ ടെര്‍മിനല്‍, ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന സ്ഥലം അടക്കം ഉപയോഗിച്ച് ഏപ്രണ്‍ വിപുലപ്പെടുത്താനാകും. ഇതോടൊപ്പം വാഹന പാര്‍ക്കിങിനുള്ള സൗകര്യവും വര്‍ധിപ്പിക്കും.
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്നു .ഇതിന്റെ തുടര്‍നടപടികള്‍ക്കായി വിമാനത്താവള ഡയരക്ടറെയും ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് എം.കെ രാഘവന്‍ അടക്കമുള്ള മലബാറിലെ എം.പിമാര്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെ കണ്ട് ചര്‍ച്ചയും നടത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സംഘം കരിപ്പൂരിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."