പൊതുവിദ്യാഭ്യാസം ഇനി ഒരു കുടക്കീഴില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല ഈ അധ്യയനം മുതല്‍ ഒരു കുടക്കീഴിലാക്കാന്‍ അന്തിമ തീരുമാനം. ഇന്നലെ രാവിലെ നിയമസഭയിലാണ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നയം വ്യക്തമാക്കിയത്. വൈകിട്ട് നടന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുത്തു. മുസ്‌ലിം ലീഗിലെ കെ.എന്‍.എ ഖാദര്‍ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് അധ്യയന വര്‍ഷം മുതല്‍ ഒരു കുടക്കീഴിലാക്കുന്നതു സംബന്ധിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതായി മന്ത്രി സഭയെ അറിയിച്ചത്.
ഖാദര്‍ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുന്നില്ലെന്നും റിപ്പോര്‍ട്ടിന്റെ മൂന്നും നാലും ഭാഗങ്ങള്‍ മാത്രമാണ് ആദ്യഘട്ടമായി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ ഡയറക്ടറേറ്റുകളുടെ ലയനം സംബന്ധിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭാഗമാണ് നടപ്പാക്കുന്നത്. അടുത്ത ആഴ്ച പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ലയിപ്പിച്ച് ഒന്നാക്കും. ഈ അധ്യയനം സ്‌കൂളുകള്‍ തുറക്കുന്നത് ഡയറക്ടറേറ്റ് ഒഫ് ജനറല്‍ എഡ്യൂക്കേഷന്‍(ഡി.ജി.ഇ) എന്ന പുതിയ ഡയറക്ടറേറ്റിന് കീഴിലായിരിക്കും. മൂന്ന് ഡയറക്ടറേറ്റുകള്‍ക്ക് കീഴില്‍ പ്രത്യേകം പ്രവര്‍ത്തിക്കുന്ന പരീക്ഷാവിഭാഗങ്ങളും ഒന്നാക്കി മാറ്റും.
ഡയറക്ടറേറ്റ് ഒഫ് ജനറല്‍ എഡ്യൂക്കേഷന് കീഴിലായിരിക്കും പുതിയ പരീക്ഷാ സംവിധാനം. ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ സ്‌കൂളിനെ ഒറ്റ യൂണിറ്റാക്കി പ്രിന്‍സിപ്പലിനെ സ്ഥാപന മേധാവിയും ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററെ വൈസ് പ്രിന്‍സിപ്പലുമാക്കും. സ്‌കൂളിന്റെ ഓഫീസ് സംവിധാനം ഒന്നായി മാറും. ഹൈസ്‌കൂളിലെ അനധ്യാപക ജീവനക്കാരും ഓഫീസും ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനത്തിന്റെ ഭാഗമായി മാറും. നിലവിലുള്ള എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഘടനയിലും അധ്യാപക തസ്തികയിലും മാറ്റമുണ്ടാകില്ല.
ഭരണതലത്തില്‍ മാത്രമായിരിക്കും മാറ്റം. ഹയര്‍ സെക്കന്‍ഡറി ഇല്ലാത്തിടത്ത് ഹെഡ്മാസ്റ്റര്‍ മേധാവിയായി തടുരും. പ്രെമോഷന്‍ ഘടനയില്‍ മാറ്റം വരുത്തില്ല. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് എ.ഇ.ഒ, വൈസ് പ്രിന്‍സിപ്പല്‍ എന്നീ തസ്തികകള്‍ ഉണ്ടായിരിക്കും. പ്രിന്‍സിപ്പലിന്റെ ജോലിഭാരം കൂടുതലായതിനാല്‍ ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ക്ലാസെടുക്കുന്നതിന് തത്തുല്യമായി മാത്രം ഹയര്‍ സെക്കന്‍ഡറിയില്‍ ക്ലാസെടുത്താല്‍ മതിയാകും. കൂടാതെ അവര്‍ കൈകാര്യം ചെയ്തു പോന്ന ക്ലാസുകള്‍ ജൂനിയര്‍ അധ്യാപകന് നല്‍കുകയോ അല്ലാത്തിടങ്ങളില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുകയോ ചെയ്യാം.
അതേസമയം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. ഉടന്‍ നിയമനടപടിയിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിദ്യാഭ്യാസ മേഖലയെ ചുവപ്പ് അണിയിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ അനാവശ്യ തിടുക്കം സംശയകരമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
രണ്ട് ശുപാര്‍ശകള്‍ ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യൂക്കേഷനെന്ന ഒറ്റ കുടക്കീഴിലാക്കാനാണ് നീക്കം.
പൊതു പരീക്ഷ ബോര്‍ഡ് രൂപീകരിക്കും. ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ഉള്ള സ്‌കൂളിലെ സ്ഥാപനമേധാവി പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്ററുമായിരിക്കും. അതേ സമയം റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."