കുടിവെള്ള പ്രശ്‌നം നഗരസഭാ കൗണ്‍സിലില്‍ ബഹളം; ഇറങ്ങിപ്പോക്ക്
മലപ്പുറം: കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനിടെ മലപ്പുറം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കവും ബഹളവും. വേനല്‍ ശക്തമായിട്ടും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നഗരസഭ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പൊതുകിണറുകളും ജലസ്രോതസുകളും നന്നാക്കാനുള്ള പദ്ധതികള്‍ക്കായി നഗരസഭ മുന്‍കയ്യെടുക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ചാമക്കയം പമ്പ് ഹൗസില്‍ നിന്നും വെള്ളമെടുക്കുന്നതിന് മോട്ടര്‍ സ്ഥാപിക്കാന്‍ ഒരുമാസമായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ കുടിവെള്ള വിതരണത്തിലെ സര്‍ക്കാര്‍ അനാസ്ഥ മറച്ചുവെക്കാനാണ് മലപ്പുറം നഗരസഭയില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക് നാടകമെന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം. 24 ദിവസമായി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും നഗരസഭ കുടിവെള്ളമെത്തിക്കുന്നുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോ വാര്‍ഡിലും ലോറിയില്‍ വെള്ളമെത്തിക്കാന്‍ നാലായിരം രൂപ വീതം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ സഹായം കൂടിയായതോടെ നഗരസഭയില്‍ കുടിവെള്ള വിതരണം കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ട്. ഇതില്‍ വിറളിപൂണ്ട പ്രതിപക്ഷം ഒരു മോട്ടോര്‍ വാങ്ങിയില്ലെന്ന കാരണം പറഞ്ഞാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളം വെച്ചതെന്ന് ഭരണപക്ഷം ആരോപിച്ചു.
മലപ്പുറം നഗരപരിധിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സ്ഥാപിച്ച വാട്ടര്‍ കിയോസ്‌കില്‍ ഒരുതുള്ളിവെള്ളം പോലും എത്തിക്കാന്‍ സര്‍ക്കാറിനായിട്ടില്ലെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഹാരിസ് ആമിയന്‍ കുറ്റപ്പെടുത്തി.
നഗരസഭയുടെ സീറോ വേസ്റ്റ് പദ്ധതി കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതരസംഘടനകളെ നിയോഗിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 110 കെ.വി സബ്‌സ്‌റ്റേഷന്‍ മുണ്ടുപറമ്പ് മുതല്‍ സിവില്‍ സ്‌റ്റേഷന്‍്, മച്ചിങ്ങല് വരെ യു.ജി കേബിള്‍ സ്ഥാപിക്കുന്നതിനുള്ള കെ.എസ്.ഇ.ബി യുടെ അപേക്ഷ അംഗീകാരം നല്‍കി. മുണ്ടുപറമ്പില്‍ നഗരസഭയുടെ അനുമതിയില്ലാതെ ആരംഭിച്ച മദ്യശാലകള്‍ക്കെതിരെ നിയമനടപടികള്‍ ഊര്‍ജിതമാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."