അടച്ചുപൂട്ടിയ ഔട്ട്‌ലറ്റുകള്‍ ഒന്നൊന്നായി തുറക്കുന്നു
നിലമ്പൂര്‍: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലമ്പൂരില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ ഒന്നൊന്നായി തുറന്നു. കഴിഞ്ഞ ദിവസം രണ്ടു ബാറുകള്‍ തുറന്നതിനു പിന്നാലെ ഇന്നലെ കോടതിപ്പടിയിലെ ബിവറേജസ് ഔട്ട്‌ലറ്റും തുറന്നു.
ബിവറേജ് തുറന്ന വിവരമറിഞ്ഞു നൂറുകണക്കിനു മദ്യപന്‍മാരാണ് ബിവറേജിനു മുന്നിലേക്ക് ഒഴുകിയെത്തിയത്. ദേശീയ, സംസ്ഥാന പാതകളില്‍നിന്നു 500 മീറ്റര്‍ ഉള്ളിലുള്ള മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നായിരുന്നു സുപ്രിംകോടതി വിധി. ഇതോടെ നിലമ്പൂരിലെ മദ്യശാലകള്‍ക്കു പൂട്ടുവീഴുകയും ചെയ്തിരുന്നു. എന്നാല്‍, ജില്ലയിലെ സംസ്ഥാനപാതകള്‍ ജില്ലാ പാതാകളാക്കി അതാത് സ്ഥലങ്ങളിലെ പൊതുമരമാത്ത് വകുപ്പ് എ.ഇമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാറുടമകള്‍ താല്‍കാലിക അനുമതി വാങ്ങിയത്.
സംസ്ഥാനപാതയായ കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ അന്തര്‍ സംസ്ഥാനപാതയുടെ ഒരു ഭാഗം ജില്ലാ പാതയാക്കി നിലമ്പൂര്‍ പൊതുമരാമത്ത് അസി.എന്‍ജിനിയറാണ് റിപ്പോര്‍ട്ട് നല്‍കിയത്. വടപുറം മുതല്‍ വെളിയംതോടുവരെയാണ് ജില്ലാപാതയാക്കി മാറ്റിയത്. ദേശീയ പാതയാക്കുന്നതിനു പ്രൊപ്പോസല്‍ പോയ പാതകൂടിയാണണിത്. ഒരു സംസ്ഥാനപാതയുടെ ഇടയ്ക്കു മുറിച്ച് ജില്ലാപാതയാക്കി മാറ്റുകയാണിവിടെ ചെയ്തത്. എ.ഇയുടെ റിപ്പോര്‍ട്ടിനെതിരേ നിലമ്പൂര്‍ നഗരസഭാ കൗണ്‍സില്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ എ.ഇ ഓഫിസ് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."