മറക്കരുത്, അങ്ങനെയാണവര്‍ ഇങ്ങനെയായത്
രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയില്‍ അഴിമതിക്കെതിരേ പോരാടാനെന്ന വ്യാജേന ഭഗത് സിങ് ക്രാന്തിസേനയെന്ന പേരിലൊരു ദുരൂഹ സംഘടന പ്രത്യക്ഷപ്പെട്ടു. തേജീന്ദര്‍ സിങ് പാല്‍ ബാഗയെന്ന രാഷ്ട്രീയ ക്രിമിനലായിരുന്നു നേതാവ്. അത്രയും കാലംവരെ ബാഗയെക്കുറിച്ച് ആരും കേട്ടിരുന്നില്ല. ശ്രീരാമസേനയുടെ ഡല്‍ഹി നേതാവ് ഇന്ദര്‍വര്‍മ, ആര്‍.എസ്.എസുകാരനായ വിഷ്ണു ഗുപ്ത, ഹര്‍വീന്ദര്‍ സിങ് തുടങ്ങിയവരായിരുന്നു മറ്റു നേതാക്കള്‍. അഴിമതി വിരുദ്ധതയെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണവും അക്രമവുമായിരുന്നു ഭഗത് സിങ് ക്രാന്തി സേനയുടെ കേളികള്‍.
2011ല്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെ ഇന്ദര്‍ വര്‍മ പ്രശാന്ത് ഭൂഷന്റെ ഓഫിസിലിട്ട് മര്‍ദിച്ചു. ഹര്‍വീന്ദര്‍ സിങ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ശരത് പവാറിനെ പൊതുവഴിയില്‍ വച്ച് മുഖത്തടിച്ചു. ഡല്‍ഹി പാട്യാലഹൗസ് കോടതിയിലും പരിസരത്തും മറ്റുമായി സംഘം നടത്താത്ത അക്രമങ്ങളില്ല. എന്നിട്ടും ഇവര്‍ക്കു പോലിസ് സഹായമുണ്ടായിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഡല്‍ഹിയിലെ പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷനായ ബാഗ പിന്നീട് പ്രത്യക്ഷപ്പെടുന്നത് ബി.ജെ.പിയുടെ ഡല്‍ഹി വക്താവായാണ്. ഇതേ ബാഗയെയാണ് പശ്ചിമ ബംഗാളില്‍ അക്രമമുണ്ടാക്കി സീറ്റുകള്‍ പിടിക്കാന്‍ അമിത്ഷാ നിയോഗിച്ചത്. ബാഗയെന്ന ക്രിമിനലിന് ബംഗാളില്‍ എന്താണ് കാര്യമെന്ന് മമതാ ബാനര്‍ജി ചോദിച്ചത് അയാളുണ്ടാക്കുന്ന അക്രമം കണ്ടാണ്.
മോദി സര്‍ക്കാന്‍ വീണ്ടും അധികാരത്തിലെത്തുന്ന ഘട്ടത്തിലാണ് ഫാസിസം രാജ്യത്തിന്റെ അധികാര കേന്ദ്രങ്ങളില്‍ പിടിമുറുക്കാന്‍ നടത്തിയ ഗൂഢാലോചനയെ പുനരവലോകനം നടത്തേണ്ടത്. അഴിമതിക്കാരുടെ ഒരു കൂട്ടം രാജ്യം ഭരിക്കുന്നുവെന്നും രാജ്യമാകമാനം സ്‌ഫോടനങ്ങളുമായി അരക്ഷിതാവസ്ഥയുണ്ടാകുന്നുവെന്നുമുള്ള പ്രചാരണമായിരുന്നു രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നത്. ഇക്കാലത്ത് ഡല്‍ഹിയിലുണ്ടായ അഴിമതിവിരുദ്ധ സമരങ്ങളെ ജനത്തിന്റെ സ്വാഭാവിക അഴിമതിവിരുദ്ധ വികാരമായി കണ്ടവര്‍ക്കാണ് പിഴച്ചത്. എല്ലാം ആസൂത്രിതമായിരുന്നു. രാജ്യത്തെ സ്‌ഫോടനങ്ങള്‍ മുതല്‍ അഴിമതി വിരുദ്ധ മുന്നേറ്റങ്ങള്‍ വരെ. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനത്തെത്തിക്കുകയും ഫാസിസത്തിന് ഇന്ത്യയുടെ സമ്പൂര്‍ണ ഭരണനിയന്ത്രണമേറ്റെടുക്കാനുള്ള അവസരമൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ വിദഗ്ധമായി ആസൂത്രണം ചെയ്തതായിരുന്നു അത്.
ബാഗയുടെയും മറ്റും അഴിമതി വിരുദ്ധസംഘം മാത്രമല്ല, യു.പി.എ കാലത്ത് മധ്യവര്‍ഗത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പടര്‍ത്തിയ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അസീമാനന്ദയും പ്രജ്ഞാസിങുമെല്ലാം മോദിയുടെ സ്വന്തക്കാരായിരുന്നു. മനപ്പൂര്‍വ്വം കെട്ടിയുണ്ടാക്കിയ കള്ളങ്ങളുടെ ഉന്മാദത്തില്‍ നിന്നുകൊണ്ടാണ് ഇന്ത്യയില്‍ ഹിന്ദുത്വം അതിന്റെ സര്‍വരൂപത്തിലും അധികാരത്തിലേക്ക് തിരിച്ചുവന്നതെന്നതോര്‍ക്കുക. അതിലെ ഒരു കള്ളം പൊളിയുമ്പോള്‍ അത് മറ്റൊരു കള്ളമായി വരും. അതു പൊളിയുമ്പോള്‍ അത് പുതിയ ഉന്മാദങ്ങളെ കൂട്ടുപിടിക്കും. അത്ര ഭീകരമായ കാപട്യത്തിന്റെ മെയ്‌വഴക്കമാണ് ഫാസിസത്തിന് അധികാരത്തിലേക്കുള്ള വഴിയാവുന്നത്.
ആസൂത്രിതമായി തയാറാക്കപ്പെട്ട നുണകളിലൂടെയായിരുന്നു മോദി 2014ല്‍ അധികാരത്തിലെത്തുകയും പിന്നാലെ ഇപ്പോള്‍ അതിന്റെ തുടര്‍ച്ച ഉറപ്പാക്കുകയും ചെയ്തത്. വംശീയതയുടെ പേരില്‍ ആളുകളെ പച്ചയ്ക്കു കൊല്ലുന്ന ഹിന്ദുത്വം പോലുള്ള ആശയങ്ങള്‍ എങ്ങനെ സമൂഹത്തില്‍ ഇത്ര സ്വീകാര്യതയുള്ളതാകുന്നുവെന്ന ചോദ്യത്തിന് 1919കളില്‍ ഫാസിസത്തിന്റെ തുടക്കകാലത്തെ യുറോപ്പിലെ രാഷ്ട്രീയ സാഹചര്യവുമായി ചേര്‍ത്തുവായിച്ചാല്‍ മറുപടിയാവും. യൂറോപ്പിന്റെ സമ്പത്ത് ന്യൂനപക്ഷം കൈയടയ്ക്കുന്നുവെന്നും ജനാധിപത്യം അധികാരമുള്ളവര്‍ക്കു മാത്രം നേട്ടമുണ്ടാക്കുന്നതുമാണെന്ന പൊതുവികാരമായിരുന്നു അക്കാലത്ത് യൂറോപ്പിലെ യുവതയെ ഭരിച്ചിരുന്നത്. ഇത്തരമൊരു വൈകാരിക തലത്തിലാണ് ഇന്ത്യയില്‍ ഹിന്ദുത്വം അധികാരത്തിലേക്ക് തിരിച്ചുവന്നതെന്നതോര്‍ക്കുക.
ഡല്‍ഹിയില്‍ അക്കാലത്ത് ജന്തര്‍ മന്ദറിലും തുടര്‍ന്ന് രാംലീലാ മൈതാനിയിലും കണ്ട അണ്ണാഹസാരെ സമരങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് ബോധ്യമില്ലാത്തവരായിരുന്നില്ല അന്നത്തെ യു.പി.എ സര്‍ക്കാര്‍. എന്നാല്‍ സ്വയംകൃതാനര്‍ത്ഥങ്ങളുടെ കെടുതികളില്‍ നിസ്സഹായരായിരുന്നു അവര്‍. അന്ന് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന ആര്‍.എസ്.എസ് ഗവേഷണസ്ഥാപനത്തിന്റെ മേധാവിയായിരുന്ന ഇന്റലിജന്‍സ് ബ്യൂറോ മുന്‍ തലവന്‍ അജിത് ഡോവലായിരുന്നു ഹസാരെ സമരത്തിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം. ദോവലിപ്പോള്‍ മോദിയുടെ ദേശസുരക്ഷാ ഉപദേഷ്ടാവാണ്. സമരത്തിനായി ആര്‍.എസ്.എസ് ആന്റി കറപ്ഷന്‍ ഫ്രണ്ട് എന്ന പേരില്‍ ഒരു സമിതി രൂപീകരിച്ചു. ആര്‍.എസ്.എസ് നേതാവ് ഗോവിന്ദാചാര്യയായിരുന്നു ഇതിന്റെ കണ്‍വീനര്‍. രാംദേവ് രക്ഷാധികാരി, ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി, അജിത് ഡോവല്‍ തുടങ്ങിയ അംഗങ്ങളും. പിന്നീട് അക്രമങ്ങളായിരുന്നു ഡല്‍ഹിയില്‍ എവിടെയും. ഒന്നും കണ്ടില്ലെന്ന് നടിച്ചിട്ടും കടുത്ത നിയമലംഘനങ്ങളുടെ പേരില്‍ അക്കാലത്ത് 350ലധികം ഹസാരെ അനുകൂലികളെ പൊലിസിന് അറസ്റ്റ് ചെയ്യേണ്ടി വന്നു. ഇതില്‍ 200ലധികം പേര്‍ അറസ്റ്റിലായത് വഴിപോക്കരെ ബലമായി തടഞ്ഞു നിര്‍ത്തി ഹസാരെയ്ക്ക് മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും സമ്മതിക്കാത്തവരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരിലാണ്. ഹസാരേയ്ക്ക് മുദ്രാവാക്യം വിളിക്കാത്തതിന് ഒരു മാധ്യമപ്രവര്‍ത്തകന്റെ തല തല്ലിപ്പൊട്ടിച്ചു.
ഭീകരാക്രമങ്ങളുടെ പങ്ക് വെളിപ്പെട്ട ശേഷം ആര്‍.എസ്.എസിന് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മുഖം നഷ്ടപ്പെട്ട കാലത്താണ് അഴിമതി വിരുദ്ധതയുടെ മുഖം മൂടിയണിച്ച് സംഘ്പരിവാര്‍ പ്രത്യക്ഷപ്പെട്ടതെന്നോര്‍ക്കണം. രാജ്യത്തെ നഗരകേന്ദ്രീകൃത ഹിന്ദു മധ്യവര്‍ഗത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകളെ ശക്തമാക്കാനാണ് ആര്‍.എസ്.എസ് ആദ്യം ശ്രമിച്ചത്. സംഝോതയുള്‍പ്പെടെയുള്ള ബോംബാക്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്ന ശേഷം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ആര്‍.എസ്.എസ് നേരിട്ടിരുന്നത്. ആര്‍.എസ്.എസിനെ കോണ്‍ഗ്രസ് തുടര്‍ച്ചയായി ആക്രമിച്ച സംഭവവും ഇന്ത്യയുടെ ചരിത്രത്തില്‍ പുതിയതായിരുന്നു.
1919ല്‍ ഗബ്രിയേലേ ഡി അനുന്‍സിയോ എന്ന ഇറ്റാലിയന്‍ കവി രണ്ടായിരം കലാപകാരികളെയും കൂട്ടി അഡ്രിയാറ്റിക് നഗരമായ ഫിയുമെ കീഴടക്കിയ ശേഷമാണ് ഫാസിസത്തിന്റെ വക്താവാകുന്നത്. 1911ല്‍ ലിബിയയില്‍ ഇറ്റലി നടത്തിയ അധിനിവേശത്തെയും തുടര്‍ന്നുള്ള കൂട്ടക്കൊലയെയും കണ്ണടച്ച് പിന്തുണച്ച ഡി അനുന്‍സിയോ മുസ്‌ലിംരാജ്യങ്ങള്‍ പൂര്‍ണമായും കീഴടക്കി യൂറോപ്പിന്റെ വരുതിയില്‍ കൊണ്ടുവരണമെന്ന ആശയക്കാരനായിരുന്നു. ഒന്നാം ലോകയുദ്ധത്തിന് ശേഷമുണ്ടായ ഭരണമാറ്റമുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഡി അനുന്‍സിയോ അവസരമായി കണ്ടു. ഒന്നാം ലോകയുദ്ധത്തിനു ശേഷമുണ്ടായ അങ്കലാപ്പിന്റെ ചുഴിയില്‍പ്പെട്ട യൂറോപ്പിന് ഏറ്റവും സ്വീകാര്യനായ നേതാവായി ഡി അനുന്‍സിയോ മാറിയിരുന്നു.
തലമുണ്ഠനം ചെയ്തു വീടിന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് ഡി അനുന്‍സിയോ നടത്തുന്ന വെറുപ്പിന്റെ പ്രഭാഷണങ്ങള്‍ക്കായി കാതോര്‍ത്തിരുന്നവരില്‍ മുസോളിനിയും ഹിറ്റ്‌ലറുമുണ്ടായിരുന്നു. അക്കാലത്ത് ഡി അനുന്‍സിയോയുടെ സംഘത്തില്‍ ചേരാന്‍ ഇന്ത്യയില്‍ നിന്നുള്ള യുവാക്കളുമുണ്ടായിരുന്നു. ആഗോളവല്‍കരണം ഈ മേഖലയിലുണ്ടാക്കിയ മാറ്റം സാങ്കേതിക വിദ്യയുടെ വ്യാപനത്തിലൂടെ ആള്‍ക്കൂട്ടത്തെ രൂപപ്പെടുത്തുന്നത് വേഗത്തിലാക്കിയെന്നതാണ് ഇതില്‍ നിന്ന് ഇന്ത്യന്‍ ഫാസിസത്തിലേക്കുള്ള മാറ്റം. ഇതു പഴയ രൂപത്തിലുള്ള അധികാര കേന്ദ്രങ്ങളെ ദുര്‍ബലപ്പെടുത്തി. ഇന്ത്യയില്‍ നരേന്ദ്രമോദി മുതല്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വരെയുള്ളവര്‍ ഈ സാഹചര്യത്തിന്റെ ഗുണഭോക്താക്കളാണ്.
രാഷ്ട്രീയ സംവാദങ്ങളിലൂടെ ഇളക്കാന്‍ കഴിയാത്ത തരത്തിലുള്ള രാഷ്ട്രീയ ഹിന്ദുത്വത്തെ രൂപപ്പെടുത്തിയെത്തുവെന്നതാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ നേട്ടങ്ങളിലൊന്ന്. നോട്ടു നിരോധനത്തിന്റെ ദുരിതങ്ങള്‍ അവരും അനുഭവിച്ചിട്ടുണ്ട്. അവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ ദാരിദ്ര്യം അതുപോലെയോ അതില്‍ കൂടുതലായോ ഉണ്ട്. അതൊക്കെയായാലും മാറ്റമെന്ന ബോധ്യത്തെ അവര്‍ ഉള്‍ക്കൊള്ളുന്നില്ല.
ഈ യാഥാര്‍ഥ്യങ്ങള്‍ക്കെല്ലാമുപരി ആഭ്യന്തര ശത്രുവിന്റെ പ്രത്യക്ഷ രൂപമായ പാകിസ്താനും അതിനെതിരേ പോരാടി വിജയിക്കുന്ന ഹിന്ദു വീരപുരുഷനുമെന്ന നേതൃരൂപത്തെ ശരാശരി ഉത്തരേന്ത്യന്‍ ഹിന്ദുക്കളുടെ മനസ്സിലെത്തിക്കുന്നതില്‍ സംഘ്പരിവാര്‍ വിജയിച്ചിട്ടുണ്ട്. ഫാസിസത്തെ അടിത്തട്ടില്‍ നേരിടാതെ വെറും മുദ്രാവാക്യങ്ങള്‍ കൊണ്ട് താഴെയിറക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നത് വെറുതെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."