മരണം വരെ പോരാടും: കന്യാസ്ത്രീകള്‍
കൊച്ചി: പീഡനക്കേസില്‍ കന്യാസ്ത്രീക്ക് നീതിലഭിക്കാന്‍ മരണംവരെ പോരാടുമെന്ന് സമരത്തിന് പിന്തുണയുമായെത്തിയ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍.
ശക്തമായി പ്രതികരിക്കാതിരുന്നതിനാലാണ് അഭയകേസില്‍ നീതി ലഭിക്കാതിരുന്നത്. തങ്ങള്‍ നടത്തുന്ന സമരം ഒരുസഭയ്ക്കും എതിരല്ല. തങ്ങള്‍ക്ക് നീതി ലഭിച്ചേ മതിയാകൂവെന്നും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. ഇവരെ കൂടാതെ കുറുവിലങ്ങാട് മഠത്തിലെ സി.അനുപമ, സി. നീന റോസ്, സി.ജോസഫിന്‍ എന്നിവരും സമരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന മിഷണറീസ് ഓഫ് ജീസസിന്റെ വാദം വേദനിപ്പിച്ചതായി സി. ജോസഫിന്‍ പറഞ്ഞു. ഇനി ആര്‍ക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകാന്‍ പാടില്ല. മിഷണറീസ് ഓഫ് ജീസസ് തങ്ങളുടെ സമരത്തെ തള്ളിപ്പറയുന്നതില്‍ വിഷമമുണ്ട്. ബിഷപ്പിന്റെ സമ്മര്‍ദത്തെ തുടര്‍ന്നായിരിക്കും ഇതെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ക്ക് ആരുടെയും പ്രേരണ ലഭിച്ചിട്ടില്ല. മിഷണറീസ് ഓഫ് ജീസസിന്റെ എതിര്‍പ്പിനുപിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെയാണെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. തങ്ങളുടെ സഹോദരിയായ സിസ്റ്ററിന് ഉണ്ടായ അനുഭവം ഇനി ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. ഇത്തരത്തിലുള്ള അനുഭവം തങ്ങള്‍ക്ക് ആദ്യമാണ്. ഇത്തരത്തില്‍ നിരവധി ദുരനുഭവങ്ങളുണ്ടായതായി പറഞ്ഞുകേട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഇതുപോലുള്ള അനുഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. വിശുദ്ധപാതയില്‍ ജീവിക്കുന്ന ഒട്ടേറെ വൈദികരുണ്ട്. അതുപോലെ മോശക്കാരുമുണ്ട്. അത്തരക്കാരെ സഭ സംരക്ഷിക്കുന്നതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. പി.സി ജോര്‍ജ് ആരുടെയോ സമ്മര്‍ദത്തിനുവഴങ്ങിയാണ് കന്യാസ്ത്രീയെ അവഹേളിക്കുന്നതരത്തില്‍ സംസാരിച്ചതെന്നും അവര്‍ പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരേ സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനാണ് കന്യാസ്ത്രീകളെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."