മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍
മലപ്പുറം: ചരക്കുകപ്പലുകള്‍ക്ക് പ്രത്യേക സഞ്ചാര ഇടനാഴി പ്രഖ്യാപിക്കാനുള്ള കേന്ദ്ര ഷിപ്പിങ് ഡയരക്ടറുടെ നീക്കത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക. ചരക്കുകപ്പലുകളും മത്സ്യബന്ധന ബോട്ടുകളും കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനാണ് പ്രത്യേക ഇടനാഴി ഉണ്ടാക്കുന്നത്. കടലിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനോട് പൂര്‍ണമായി യോജിക്കുന്നുണ്ടെങ്കിലും ഇത് ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് ദോഷകരമാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
തീരത്തു നിന്നു 15 നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്നു തുടങ്ങുന്ന നിര്‍ദിഷ്ട ഇടനാഴിയുടെ വീതി 20 നോട്ടിക്കല്‍ മൈല്‍ ആണ്. ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തുന്ന പ്രധാന മേഖലയും ഇതില്‍ ഉള്‍പ്പെടും. ഇടനാഴി പ്രാബല്യത്തില്‍ വന്നാല്‍ ഇവിടെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. ഇത് ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്ക വ്യാപകമാണ്.
സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ ഈ മേഖലയില്‍നിന്ന് അകറ്റി വന്‍കിട ഷിപ്പിങ് കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നീക്കമാണിതെന്ന ആരോപണം ശക്തമാണ്.
ആവശ്യമായ കൂടിയാലോചനകള്‍ക്കു ശേഷമാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പറയുന്നതെങ്കിലും മത്സ്യത്തൊഴിലാളികളുടെ സംഘടനകളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. മാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യം മത്സ്യത്തൊഴിലാളി സംഘടനകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. മത്സ്യബന്ധനം നടത്തുന്ന മേഖലയെക്കുറിച്ചോ അതിന്റെ അതിര്‍ത്തികള്‍ സംബന്ധിച്ചോ വ്യക്തമായി അറിയാതെയാണ് ഇടനാഴിയുണ്ടാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇടനാഴി പ്രാബല്യത്തില്‍ വന്നാല്‍ കടലിലെ അപകടങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ചരക്കുകപ്പലുകള്‍ ഒഴിവാക്കപ്പെടുമെന്ന ആശങ്കയുമുണ്ട്. അങ്ങനെ വരുമ്പോള്‍ ബോട്ടുകളില്‍ പോയി മീന്‍പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ മാത്രമായിരിക്കും അപകടക്കേസുകളില്‍ പ്രതികളാകുക. വരുമാന നഷ്ടത്തിനു പുറമെ മത്സ്യത്തൊഴിലാളികള്‍ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയുമുണ്ടാകുമെന്ന ആശങ്കയിലാണ് കടലിന്റെ മക്കള്‍.
തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ ഏകോപനസമിതിയായ നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം കേന്ദ്ര ഷിപ്പിങ് മന്ത്രി നിഥിന്‍ ഗഡ്കരിക്ക് കത്തയച്ചിട്ടുണ്ട്. സംഘടനകളുടെ പ്രതിനിധികളുമായി വിശദമായ ചര്‍ച്ച നടത്തി അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് പദ്ധതി നടപ്പാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."