കല്ലട ബസിലെ മര്‍ദനം: റിപ്പോര്‍ട്ട് നല്‍കാതെ പൊലിസിന്റെ ഒത്തുകളി
26നകം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കോഴിക്കോട്: കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പൊലിസിന്റെ ഒത്തുകളി. ഇന്നലെ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നിട്ടും പൊലിസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല. ഇന്നലെ കോഴിക്കോട് നടന്ന സിറ്റിങ്ങില്‍ ബസ് ഉടമ സുരേഷ് കല്ലട കമ്മിഷന്‍ മുന്‍പാകെ ഹാജരായെങ്കിലും പൊലിസ് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ കമ്മിഷന് കേസ് പരിഗണിക്കാന്‍ കഴിഞ്ഞില്ല. കമ്മിഷന്‍ ആവശ്യപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം സിറ്റി പൊലിസ് കമ്മിഷനറും സംസ്ഥാന ഗതാഗത കമ്മിഷനറും ജൂണ്‍ 26നകം ഹാജരാക്കണമെന്ന് കമ്മിഷന്‍ അംഗം പി. മോഹനദാസ് നിര്‍ദേശിച്ചു. 26ന് നടക്കുന്ന സിറ്റിങ്ങില്‍ വിശദീകരണം ഫയല്‍ ചെയ്യണമെന്ന് ബസുടമ സുരേഷ് കല്ലടക്കും കമ്മിഷന്‍ നിര്‍ദേശം നല്‍കി. കേസ് വീണ്ടും ജൂണ്‍ 26ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി ഡോ. നൗഷാദ് തെക്കേയിലും അഡ്വ. ശ്രീജിത്തും നല്‍കിയ പരാതിയാണ് കമ്മിഷന്‍ പരിഗണിച്ചത്. അഭിഭാഷകര്‍ക്കൊപ്പമാണ് സുരേഷ് കല്ലട കമ്മിഷനു മുന്‍പില്‍ ഹാജരായത്. പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്ന് കമ്മിഷന്‍ അംഗം പി. മോഹനദാസ് പറഞ്ഞു. എന്നാല്‍ പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിന് പിന്നില്‍ അട്ടിമറി നടന്നതായി പരാതിക്കാരന്‍ നൗഷാദ് ആരോപിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ് കല്ലട ഗ്രൂപ്പിന്റെ തിരുവനന്തപുരം-ബംഗളൂരു ബസില്‍ യാത്രക്കാരായ രണ്ടു ചെറുപ്പക്കാരെ ബസിലെ ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ബസില്‍നിന്നും ഇറക്കിവിടുകയും ചെയ്തത്. സംഭവം വിവാദമായതോടെ കല്ലട ബസ് ജീവനക്കാരായ ഏഴ് പേരെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ മൂന്നാഴ്ചക്കകം ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. തിരിച്ചറിയല്‍ പരേഡ് നടക്കുന്നതിന് തൊട്ടുമുന്‍പായി പ്രതികള്‍ ജാമ്യത്തിലിറങ്ങിയത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നുവെന്നാണ് ആരോപണം.
യാത്രക്കാരെ മര്‍ദിച്ച കേസില്‍ ബസ് ജീവനക്കാരായ തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ജയേഷ്, തൃശൂര്‍ സ്വദേശി എം.ജെ ജിതിന്‍, കൊല്ലം സ്വദേശി രാജേഷ്, പുതുച്ചേരി സ്വദേശി എ. അന്‍വറുദ്ദീന്‍, കൊല്ലം സ്വദേശി ഗിരിലാല്‍ അപ്പുക്കുട്ടന്‍, ആലപ്പുഴ സ്വദേശി ആര്‍. വിഷ്ണുരാജ്, ട്രിച്ചി സ്വദേശി ഡി. കുമാര്‍ എന്നിവരാണ് പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."