അല്‍ അത്‌നയ്ന്‍ സി 27
ഇന്നലെ മനസിലേക്ക് വീണ്ടും ബെന്യാമിന്റെ നജീബ് കടന്നുവന്നു. പത്തേമാരിയിലെ നാരായണനിലേക്ക് കണ്ണ് നട്ടിരിക്കവേ മരുഭൂമിയില്‍ ദാഹിച്ചുമരിച്ച ആത്മാക്കളുടെ നിര എന്റെ ചിന്തയ്ക്ക് ചൂടുപകര്‍ന്നു.
ഡയറിത്താളുകളില്‍ വെറുതെ കുറിച്ചുവച്ചു. 'നിഴലുകള്‍ പോലും ജ്വലിക്കേണ്ട കാലമാണിത്. എന്നിട്ടും ഞാന്‍ എന്തേ എന്നില്‍ അസ്തമിക്കുന്നു.' ഇത്രയും വെട്ടിക്കളഞ്ഞു, അറിവിന്റെ അജ്ഞതയില്‍ ഭ്രമിച്ചു ഞാന്‍ എന്നിലേക്ക് പുറംതിരിഞ്ഞിരുന്നു.
ദുബായ്. അതൊരു ലോകമാണ്. ബുര്‍ജ് ഖലീഫ വാനോളം തലയുയര്‍ത്തി നില്‍ക്കുന്ന ഒത്തിരി പള്ളിക്കല്‍ നാരായണന്മാര്‍ക്കും മൊയ്തീന്‍മാര്‍ക്കും വീട്ടിലെ അടുപ്പില്‍ തീ പടര്‍ത്തിയ ലോകം. അതിലേറെ ആത്മാക്കള്‍ ദാഹിച്ചുമരിച്ച നജീബുമാര്‍ ഉരുകിത്തീര്‍ന്ന മണലാരണ്യം.
ശ്യാമമാധവത്തോളം കറുത്ത ലംബോര്‍ഗിനി കാറില്‍, മനസ് നാട്ടില്‍വച്ചു മറന്ന, തടിച്ച ശരീരം കുതിക്കുകയാണ്. എ.സിയുടെ കുളിരിലും ഉള്ള് അല്‍പം പൊള്ളുന്നുണ്ട്. ഒരുതരം പൊള്ളിക്കുന്ന തണുപ്പ്. പുലര്‍ച്ചെയുടെ ഇരുട്ടില്‍ മുന്നോട്ടുനീങ്ങി. മനസില്‍ ആദി നിറഞ്ഞൊരു മുരള്‍ച്ചയോടെ കാര്‍ അല്‍ അത്‌നയ്ന്‍ ഹോസ്പിറ്റലിന്റെ മുന്‍പില്‍ നിന്നു. എന്തോ പറയാനെന്ന പോലെ ഒരിളംകാറ്റ് മെല്ലെ തഴുകിപ്പോയി. കറുത്ത ചായത്തില്‍ സ്വര്‍ണനിറത്തില്‍ സുന്ദരിയായി തിളങ്ങുന്ന നാമം. അല്‍ അത്‌നയ്ന്‍. താഴെ ആയുധധാരികളായ രണ്ടു കാവല്‍ഭടന്മാര്‍. ബൈജു വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു, മൂന്നാം നിലയില്‍ സി 27ല്‍ ആണെന്ന്.
റിസപ്ഷനില്‍ ചാര നിറത്തിലുള്ള ഹിജാബ് ധരിച്ച കടുംകാപ്പി കണ്ണുകളുള്ള സുന്ദരി. അവളുടെ ചായം തേച്ച ചുണ്ടുകള്‍ ഉടനെ ദയാപൂര്‍വം ചോദിച്ചു 'എനി ഹെല്‍പ്പ് സര്‍....?'
'സി 27..???' അവളുടെ മൈലാഞ്ചി ചുവപ്പോടുകൂടിയ ചൂണ്ടുവിരല്‍ പോവാനൊരുങ്ങിയ വഴിയിലേക്കു ധൃതിയില്‍ കാലുകള്‍ പരക്കം പാഞ്ഞു. ഓരോ മുറിയുടെയും വാതിലിനുമുകളില്‍, അകത്തു മരണം കാത്തുകിടക്കുന്നവര്‍ക്ക് ക്ഷണം എത്താനുള്ള മേല്‍വിലാസം എന്നപോല്‍ ഓരോ നമ്പറുകള്‍ തൂങ്ങി നിന്നിരുന്നു. ഒടുവില്‍ വലത്തേ ചുമരില്‍ എന്നെ കാത്തെന്നോണം സി 27 ലെ അക്ഷരങ്ങള്‍ അക്ഷമരായിരുന്നു.
ഉള്ളില്‍ മറ്റാരും ഉണ്ടാവില്ലെന്ന് മനസ് ഉറപ്പിച്ചിരുന്നു. അതിനാല്‍ പറയും മുന്‍പേ കൈ ഭാരം കുറഞ്ഞ മാരവാതില്‍ തള്ളിത്തുറന്നു. ദാഹിച്ചു മരിക്കാനായ ശ്വാനന്റെ അന്ത്യരോദനം പോലെ ചെറുതായ് ഏങ്ങി വാതില്‍ തുറന്നുവന്നു.
ഇരുമ്പ് കട്ടിലില്‍ ഇളംനീല വിരിപ്പിനുമുകളില്‍ ഒത്തിരി ട്യൂബുകള്‍ക്കിടയില്‍ കിടക്കുന്ന നീണ്ട രൂപം. ജീവന്‍ ഇനിയും ശേഷിക്കുന്നുണ്ടെന്ന് കാണിക്കാനെന്നോണം നെഞ്ചിന്‍കൂട് ഇടയ്ക്കിടെ പൊങ്ങുകയും താഴുകയും ചെയ്യുന്നുണ്ട്. ആ മനുഷ്യനെ പോലെ ഉള്ളിലുള്ളതെല്ലാം തീരാനായ ഒരു ഗ്ലൂക്കോസ് കുപ്പിയുടെ അറ്റം, ഇടത് കയ്യില്‍ വേരുകണക്കെ പൊങ്ങിയ പച്ച ഞരമ്പിനുള്ളില്‍ തുളച്ചുകയറിയിരുന്നു.
പതിയെ അടുത്തുചെന്നിരുന്നു. മുറി മുഴുവന്‍ കുറ്റബോധത്തിന്റെ ഇരുട്ട് നിഴല്‍പോലെ തങ്ങിനിന്നിരുന്നു. വിരിപ്പില്‍ വെറുതെ കിടന്നിരുന്ന ശൂന്യമായ കയ്യില്‍ വെറുതെ പിടിച്ചു. പള്ളിയുടെ മുറ്റത്തെ പുല്ലില്‍ വെറുതെ കൊഴിഞ്ഞ ഇലകണക്കെ കിടക്കുമ്പോള്‍ 'കണ്ടിട്ട് മലയാളി ആണെന്ന് തോന്നുന്നു' എന്ന് പറഞ്ഞു കയ്യില്‍ പിടിച്ച അന്ന് ബലിഷ്ഠമായിരുന്ന കൈ. ഇന്നത് വെയിലും മഴയും കൊണ്ട് തുളവീണ്, ഇടയ്ക്കിടെ ഇല്ലി തടയുന്ന, മൂലയിലേക്കെറിയപ്പെട്ട ശീലക്കുടയായിരിക്കുന്നു. കുഴിയില്‍ വീണുകിടന്നിരുന്ന നരച്ച കണ്ണുകള്‍ പതിയെ അല്‍പം തുറന്നു. വിറയ്ക്കുന്ന ചുണ്ടോടോപ്പം ഒരിറ്റ് കണ്ണീര് ചുളുങ്ങിയ കവിളിലൂടെ ഇറങ്ങിവന്നു ചെവിക്കടിയില്‍ സ്ഥാനം പിടിച്ചു.
നീണ്ട പതിനഞ്ചു വര്‍ഷത്തെ അജ്ഞത പക്ഷേ, ആ കണ്ണില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അവരുടെ മൗനത്തിനിടയിലെ നിശ്ശബ്ദതയ്ക്ക് ഒരുപാടു കാലത്തെ കഥകള്‍ പറയുവാനുണ്ടായിരുന്നു.
അന്ന് ആ പള്ളി മുറ്റത്ത് നിന്നു തന്നെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ച് സ്വന്തം മുറിയില്‍ കൊണ്ടുപോയി സ്വന്തം ആഹാരം വിളമ്പി തന്ന മനുഷ്യന്‍. ഒടുവില്‍ മിനുത്ത മരപ്പലകകള്‍ പാകിയ നിലത്ത് ഇരുട്ടില്‍ കിടക്കുമ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞിരുന്നു, 'ദുബൈയിലെ ചൂടാ മ്മളെ പൊരേല് അടുപ്പിലെ തീക്ക്. ആ അടുപ്പത്ത്ള്ളത് കാത്ത് ഇരിക്ക്ന്ന മക്കളേം ഉമ്മാന്റേം ഓളേം പെങ്ങളേം മൊഖം ആലോയ്ക്കുമ്പളേ ഇ മരപ്പലകമ്മല് കെടക്കുമ്പോ തന്നെ എന്തൊരു തണുപ്പാന്നറിയോ...'
പിറ്റേന്ന് പലരേം ചെന്ന് കണ്ടു 'ഒത്തിരി പഠിച്ച ചെക്കനാ.. ഇങ്ങള്‍ ഓനൊര് പണി ശെരിയാക്കി കൊട്ക്കണം ആ...ഹ് മ്മളെ കോയിക്കോട്ടാരന്‍ തന്ന്യാ...' എന്ന് പറഞ്ഞു എന്നെ ഏല്‍പ്പിച്ചുകൊടുക്കുമ്പോള്‍ കരുതിയിരുന്നില്ല അടുത്ത സമാഗമത്തിന് ഇത്ര അകലം വരുമെന്ന്. നീണ്ട പതിനഞ്ചു വര്‍ഷം. ദുബായില്‍ പലയിടത്തും അന്വേഷിച്ചു. എങ്കിലും ആ പേരുള്ള മനുഷ്യനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇന്നലെ രാത്രി ബൈജുവിന്റെ ഫോണ്‍കോള്‍. 'ഇക്കാ ഇങ്ങള് ഇതുവരെ അന്വേഷിച്ചുനടന്ന ആളില്ലേ, മൂപ്പര് അല്‍ അത്‌നയ്ന്‍ ആസ്പത്രി ഇല്ലേ, ദുബായ് ഗവണ്മെന്റ് പാവങ്ങള്‍ക്ക് ഇണ്ടാക്കി കൊടുത്ത അയ്യ ആസ്പത്രി... ആടണ്ട്'
പെട്ടെന്ന് പുലരുവാന്‍ കൊതിച്ചു. പുലരുവോളം നിലാവ് കുടിച്ച് നിലത്തിറങ്ങി കിടന്നു. എളുപ്പത്തില്‍ വസ്ത്രം മാറി പുറപ്പെട്ടു.
വിറയ്ക്കുന്ന ചുണ്ടുകള്‍ക്കും നിറയുന്ന കണ്ണുകള്‍ക്കും എന്തെല്ലാമോ പറയുവാനുണ്ട്. കയ്യിലെ പിടുത്തം മുറുക്കമാണ്. അല്‍ അത്‌നയ്ന്‍ ഹോസ്പിറ്റലിലെ സി 27 മുറിക്കുള്ളിലെ ജനലിനപ്പുറം ഇരുട്ടുനീങ്ങി പുലരി ഉദിക്കുന്നുണ്ടായിരുന്നു... !!!!
*(അല്‍ അത്‌നയ്ന്‍- രണ്ടാം വട്ടം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."