നാല് ഭക്തന്മാര്‍
എവിടെ നിന്നോ യാത്രചെയ്തു വരികയായിരുന്ന മണ്ടശിരോമണികളായ നാലു ഭക്തന്മാര്‍ ഉച്ചസമയത്തെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ പട്ടണത്തിലെ പള്ളിയില്‍ കയറി. പ്രാര്‍ഥനക്കുള്ള സമയം ആയോ ഇല്ലേ എന്നൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. പള്ളിയില്‍ അവരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.
ഒരാള്‍ മുന്‍പിലും ബാക്കി മൂന്നുപേര്‍ പിറകിലും ആയി അവര്‍ പ്രാര്‍ഥനയ്ക്കായി അണിനിരന്നു.
'അല്ലാഹു അക്ബര്‍' എന്ന് പറഞ്ഞ് അവര്‍ പ്രാര്‍ഥനയില്‍ പ്രവേശിച്ചു. നിശ്ചയിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങളും മറ്റു മന്ത്രങ്ങളും അല്ലാതെ പ്രാര്‍ഥന കഴിയും വരെ ഇനി മറ്റൊന്നും ഉരുവിടാന്‍ പാടില്ല.
പ്രാര്‍ഥന പകുതി പിന്നിട്ടപ്പോള്‍ പള്ളിയിലെ മുഅദ്ദിന്‍ അഥവാ ബാങ്ക് വിളിക്കാരന്‍ അവിടെ വന്നുചേര്‍ന്നു. സമയത്തിന് മുന്‍പേ നിസ്‌കാരം തുടങ്ങിയ ആളുകളെ ഒന്ന് ചൂഴ്ന്നു നോക്കിയ ശേഷം അദ്ദേഹം മിനാരത്തില്‍ കയറി ബാങ്ക് വിളിക്കാന്‍ തുടങ്ങി.
അവിടെ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന നാലുപേര്‍ക്കും സംശയമായി: സമയത്തിന് മുന്‍പ് ആയിപ്പോയോ തങ്ങളുടെ പ്രാര്‍ഥന?
നാലില്‍ ഒരുവന്‍ ഉറക്കെ ബാങ്ക് വിളിക്കാരനെ വിളിച്ചു ചോദിച്ചു: 'ഹേയ്, ബാങ്ക് വിളിക്കാരാ... സമയം തെറ്റിയല്ല ബാങ്ക് വിളിച്ചത് എന്നു നിങ്ങള്‍ക്കു ഉറപ്പുണ്ടോ?'
അപ്പോള്‍ രണ്ടാമത്തെ ആള്‍ ഇടപെട്ടു: 'നീ എന്തൊരു മഠയനാണു ചങ്ങാതീ? നിസ്‌കരിക്കുമ്പോള്‍ സംസാരിച്ചാല്‍ നിസ്‌കാരം മുറിഞ്ഞുപോവും എന്ന് നിനക്ക് അറിയില്ലേ?'
മൂന്നാമത്തെ നിസ്‌കാരക്കാരന്‍ പറഞ്ഞു: 'ഫും! അതാപ്പോ നന്നായേ. നീയും മിണ്ടിയില്ലേ മണ്ടാ? നിങ്ങള്‍ രണ്ടാളുടെയും നിസ്‌കാരം കട്ടപ്പൊക! ഹ...ഹ!'
ഇത് കേട്ട് മുന്നില്‍ നില്‍ക്കുന്ന നാലാമത്തവനു ചിരിയടക്കാന്‍ കഴിഞ്ഞില്ല. അവന്‍ പറഞ്ഞു: 'അതു കൊണ്ടല്ലേ ഞാന്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നത്? ദൈവത്തിനു സ്തുതി. ഞാന്‍ മിണ്ടിയില്ല. അതിനാല്‍ എന്റെ പ്രാര്‍ഥനക്ക് കുഴപ്പമൊന്നുമില്ല'.
താനും മറ്റുള്ളവരെപ്പോലെ സംസാരിക്കുകയായിരുന്നു എന്ന കാര്യം നാലാമത്തെ ഭക്തനും ഓര്‍ത്തില്ല.
അന്യരുടെ കുറ്റം കണ്ട് രസിക്കുന്നവര്‍ സ്വന്തം തെറ്റ് കാണാറില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."