അധിക ജീവനക്കാരെ നിയോഗിക്കാന്‍ ഫണ്ടില്ലാതെ ജില്ലാ ഭരണകൂടങ്ങള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് വ്യാപനത്തിന്റെ അതിതീവ്രഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴും ചികിത്സക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും അധിക ജീവനക്കാരെ നിയോഗിക്കാനാകാതെ ജില്ലാഭരണകൂടങ്ങള്‍. ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലവില്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ട് ഉണ്ടെങ്കിലും, ചട്ടം അനുസരിച്ച് അത് ജീവനക്കാരെ നിയോഗിക്കുന്നതിന് ചെലവഴിക്കാനാകില്ല. ജീവനക്കാരെ നിയോഗിക്കുന്നതിലേക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായാല്‍ ജീവനക്കാരുടെ കുറവ് ആരോഗ്യപ്രവര്ത്തനങ്ങളെയാകെ ഗുരുതര പതിസന്ധിയിലാക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. അധികജോലി ചെയ്യിക്കുന്നതിനെതിരേ ഇതിനോടകം തന്നെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്.വ്യാഴാഴ്ച മുതല്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ അധികജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
എല്ലാവിധ കൊവിഡേതര ട്രെയിനിങ്ങുകളും, വെബിനാറുകളും, ഡ്യൂട്ടി സമയത്തിനുശേഷമുള്ള സൂം മീറ്റിങ്ങുകളും പരിശീലന പരിപാടികളും ബഹിഷ്കരിച്ചും തുടങ്ങിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കുകയെന്നതാണ് ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."