എത്രവേണേലും ട്രോളിക്കോളൂ ... കൈനിറയെ സമ്മാനം നേടൂ ...
നിലമ്പൂര്‍: എന്തൊക്കെയാണ് സുരക്ഷിത ആഹാരത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകള്‍? പങ്കുവയ്ക്കൂ.... വെറുതേ വേണ്ടെന്നേ...സമ്മാനവും കൊണ്ട് മടങ്ങാം... ട്രോളന്‍മാര്‍ക്ക് കൈനിറയെ സമ്മാനം നല്‍കാനൊരുങ്ങുകയാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്.
ഭക്ഷ്യ സുരക്ഷയെപറ്റി ട്രോളുന്നവര്‍ക്കാണ് സമ്മാനം. ട്രോളിനെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സന്ദേശങ്ങള്‍ എത്തിക്കുന്ന മാധ്യമമാക്കാനാണ് വകുപ്പ് ട്രോള്‍ മത്സരം സംഘടിപ്പിക്കുന്നത്.
ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാമെന്നാണ് മാനദണ്ഡം. കുറിയ്ക്കുകൊള്ളുന്ന ട്രോളുകള്‍ ഇന്ന് സാമൂഹിക മാധ്യമങ്ങളിലും സമൂഹത്തിലും ഒരു പോലെ ഹിറ്റാകുന്നുണ്ടെന്ന് മനസിലാക്കിയാണ് വകുപ്പിന്റെ പുതിയ നീക്കം.
നല്ല സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും ഇന്ന് ട്രോളുകള്‍ തന്നെയാണ് ഏറ്റവും നല്ല മാധ്യമമെന്ന് മുന്നില്‍ കണ്ടാണ് മത്സരം നടത്തുന്നത്. വളരെ ചുരുങ്ങിയ വാക്കുകളില്‍ രസകരമായി ഒരു വിഷയം ആയിരകണക്കിന് ആളുകളിലേക്ക് എത്തിക്കാനാകുമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണക്കുകൂട്ടല്‍. സുരക്ഷിത ആഹാരത്തെക്കുറിച്ചുള്ള സാമൂഹിക പ്രാധാന്യമുള്ള സന്ദേശങ്ങള്‍ നല്‍കുന്ന ട്രോളുകളാണ് വേണ്ടത്. ഭക്ഷണരീതിയെ കുറിച്ചുള്ള ബോധവല്‍കരണവും സന്ദേശങ്ങളും പൊതുജനങ്ങളെ ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
രണ്ടു വിഭാഗങ്ങളിലാണ് മത്സരം. ഒന്നാം വിഭാഗത്തില്‍ ഒന്നാം സമ്മാനം 5000 രൂപയും, രണ്ടും മൂന്നും യഥാക്രമം 3000, 1500 രൂപ എന്നിങ്ങനെ ലഭിക്കും.
ലഭിക്കുന്ന ട്രോളുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കായ ഫുഡ് സേഫ്റ്റി കേരള എന്ന പേജില്‍ അപ് ലോഡ് ചെയ്യും. ഒരു മാസത്തിന് ശേഷം ട്രോളുകള്‍ക്ക് ലഭിച്ച ലൈക്കും ഷെയറും പരിഗണിച്ചാണ് ഒന്നും, രണ്ടും, മൂന്നും സമ്മാനം നല്‍കുക.
പേജില്‍ അപ്‌ലോഡ് ചെയ്യുന്ന ട്രോളുകളില്‍ ഏറ്റവും സര്‍ഗാത്മക വിഷയം അവതരിപ്പിച്ചിരിക്കുന്ന ട്രോളര്‍ക്ക് രണ്ടാം വിഭാഗത്തില്‍ 5000 രൂപയും ലഭിക്കും. രണ്ടാം വിഭാഗത്തില്‍ വിദഗ്ധ സമിതിയായിരിക്കും വിജയിയെ കണ്ടെത്തുക. ജൂണ്‍ 7ന് വൈകീട്ട് അഞ്ചുവരെ ട്രോളുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മത്സരവുമായി ബന്ധപ്പെട്ട ഇമെയിലിലേക്ക് അയക്കാം.
ഏതു സോഫ്റ്റ്‌വെയറും, മൊബൈല്‍ ആപ്പും ഉപയോഗിച്ചും ട്രോള്‍ ഉണ്ടാക്കാം. ചിത്രം വ്യക്തമായി കാണുന്നതും വാട്ടര്‍മാര്‍ക്കോ, മറ്റു ലോഗോകളോ, വ്യക്തികളേയോ സ്ഥാപനങ്ങളേയോ അധിക്ഷേപിക്കുന്നതോ, മുന്‍പ് മറ്റെവിടെയെങ്കിലും വരാത്തതോ ആയിരിക്കണം.
മലയാള ഭാഷയില്‍ മാത്രമേ ട്രോളാവൂ. ഒരാള്‍ക്ക് മൂന്നു ട്രോളുകള്‍ വരെ അയക്കാമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിക്കുന്നുണ്ട്. ട്രോളിന്റെ ക്യാപ്ഷനും തയാറാക്കിയ ആളുടെ മൊബൈല്‍ നമ്പറും ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ ലിങ്കും വച്ച് [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."