ഉരുള്‍പൊട്ടിയത് മറച്ചുവച്ചെന്ന് പരാതി
പടിഞ്ഞാറത്തറ: ബാണാസുര റിസര്‍വോയറിനു സമീപം സ്വകാര്യഭൂമികളിലെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ബന്ധപ്പെട്ടവര്‍ മറച്ചുവച്ചെന്ന് ആക്ഷേപം.
നിര്‍മാണത്തിലിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ റിസോര്‍ട്ടുകള്‍ ഉള്‍പ്പെട്ട സ്വകാര്യഭൂമികളിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് മറച്ചുവച്ചത്. റിസര്‍വോയറിനോടു ചേര്‍ന്നുണ്ടായ ഉരുള്‍പൊട്ടലാണ് അണയിലേക്ക് മണ്ണും വെള്ളവും കുത്തിയൊഴുകുന്നതിന് ഇടയാക്കിയതെന്ന് അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്. ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ റിസര്‍വോയറിനോടു ചേര്‍ന്ന് 40ലധികം സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതായാണ് ഡാം അധികൃതര്‍ നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഇതുവരെയും റവന്യുവകുപ്പിന് റിപ്പോര്‍ട്ട് ചെയ്തില്ല. വന്‍കിട സ്വകാര്യ റിസോര്‍ട്ടുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് കൂടുതല്‍ മണ്ണിടിച്ചിലുണ്ടായത്. കുറ്റിയാംവയല്‍ താണ്ടിയോട് നിര്‍മാണം നടന്നുവരുന്ന റിസോര്‍ട്ടിന്റെ ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ പൂര്‍ണമായും പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ചതായി കണ്ടെത്തിയിരുന്നു. തൊട്ടടുത്ത ബാണാസുര റിസോര്‍ട്ടിന്‍െര്‍ മുന്‍ഭാഗം മണ്ണിടിഞ്ഞ് കെട്ടിടം അപകടാവസ്ഥയിലാണ്. റിസോര്‍ട്ടുകളുടെ തുടര്‍ പ്രവര്‍ത്തനത്തിന് തടസമാവുമെന്ന് ഭയന്നാണ് ഉടമകള്‍ മണ്ണിടിച്ചില്‍ സംബന്ധിച്ച വിവരം മൂടിവെക്കുന്നത്. ബാണാസുര റിസര്‍വോയറിന് ചുറ്റും അനിയന്ത്രിത നിര്‍മാണങ്ങളാണ് നടന്നുവരുന്നത്. റിസര്‍വോയറിന്റെ അതിര്‍ത്തിയില്‍നിന്നു നിയമാനുസൃതമുള്ള അകലംപോലും പാലിക്കാതെയാണ് നിര്‍മാണമെന്ന ആക്ഷേപവും ഉയര്‍ന്നുണ്ട്. ഡാം, പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണിതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."