സി ഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിച്ചു: പിണറായി
തിരുവനന്തപുരം: സി ഡിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. അതിന്റെ ഫലമായി സ്ഥാപനത്തിന്റെ വാര്‍ഷിക വരുമാനം 2011-16ലെ ശരാശരിയായ 36.73 കോടി രൂപയില്‍നിന്ന് 68 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി നടപ്പാക്കിവരുന്ന പദ്ധതികളൊന്നും സി ഡിറ്റില്‍നിന്ന് മാറ്റിയിട്ടില്ലെന്നും കെ.സി ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്കി. സി ഡിറ്റിന്റെ ചുമതലയില്‍ നടത്തിവരുന്ന ചില പദ്ധതികള്‍ പുറംകരാര്‍ വഴി സ്വകാര്യ സ്ഥാപനങ്ങളാണ് ചെയ്യുന്നതെന്ന് 'നാം മുന്നോട്ടെ'ന്ന ടെലിവിഷന്‍ പരിപാടിയെ ഉദ്ധരിച്ച് കെ.സി ജോസഫ് ചൂണ്ടിക്കാട്ടിയപ്പോള്‍ നിയമവിരുദ്ധമായി ഒന്നും ഇതിനു പിന്നിലില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
പൊതുജന സമ്പര്‍ക്ക വകുപ്പ് നിര്‍മിക്കുന്ന 'നാം മുന്നോട്ട് ' പ്രതിവാര ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക സൗകര്യം ഒരുക്കിയിരുന്നത് സി ഡിറ്റാണ്. പരിപാടിയില്‍ ക്ഷണിക്കുന്ന അതിഥികള്‍ക്ക് കൂടി സൗകര്യപ്രദമാകുംവിധം നഗരപരിധിയില്‍ ഷൂട്ടിങ് ഫ്ളോറും ചിത്രീകരണ സംവിധാനവും പോസ്റ്റ് പ്രൊഡക്ഷന്‍ സൗകര്യവുമുള്ള ടെലിവിഷന്‍ ചാനലുകള്‍, പ്രൊഡക്ഷന്‍ ഹൗസുകള്‍ എന്നിവരില്‍നിന്ന് താല്പര്യപത്രം ക്ഷണിച്ചു. ഇതില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ സാങ്കേതിക സഹായം 'നാം മുന്നോട്ട് ' പരിപാടി നിര്‍മിക്കാനാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."