കല്ലടയാറ്റില്‍ യുവതിയുടെ മരണം: ഉന്നതതല അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്
കൊട്ടാരക്കര: പുത്തൂരിനു സമീപം കല്ലടയാറ്റില്‍ യുവതി മരിച്ച സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം. മാവടി മുള്ളിക്കാട്ടില്‍ വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ സുധ(20)യുടെ മരണം അന്വേഷിക്കാനാണ് കോടതി വിധി. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കുറ്റാന്വേഷണത്തില്‍ വിദഗ്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ഡി.ജി.പി.ക്കും ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും കോടതി നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് ഐ.ജി.മേല്‍നോട്ടം വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2014 ഫെബ്രുവരി 24നാണ് കല്ലടയാറ്റില്‍ ഞാങ്കടവ് പാലത്തിനു സമീപം സുധയുടെ മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴയിലെ ഡയറക്ട് മാര്‍ക്കറ്റിങ് കമ്പനിയില്‍ ജോലിചെയ്തിരുന്ന സുധ രാജിവച്ചു മടങ്ങിയെങ്കിലും വീട്ടിലെത്തിയിരുന്നില്ല.
മൃതദേഹത്തില്‍ ജനനേന്ദ്രിയത്തില്‍ കണ്ടെത്തിയ മുറിവുകളാണ് മരണത്തെ ദുരൂഹമാക്കിയത്. ആയുധം കൊണ്ടുണ്ടാക്കിയതു പോലെ ആഴത്തിലൂള്ള നാല് മുറിവുകളാണ് ജനനേന്ദ്രിയത്തില്‍ കണ്ടെത്തിയത്. അടിവസ്ത്രങ്ങള്‍ കീറാതെ ഉണ്ടായ ഈ മുറിവ് അപകടത്തിലോ വീഴ്ചയിലോ പറ്റിയതാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ കോടതി തള്ളി. കൂടാതെ സുധയ്ക്ക് ആലപ്പുഴയില്‍ ജോലി വാങ്ങി നല്‍കിയവരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് പോലീസ് അന്വേഷിച്ചിട്ടുമില്ലെന്ന് ബന്ധുക്കള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നു വിലയിരുത്തിയ കോടതി അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയമിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്.
മരണത്തിനു പിന്നിലെ ദുരൂഹത അഴിക്കാന്‍ കോടതിയുത്തരവ് സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നതായി സുധയുടെ അച്ഛന്‍ സുരേന്ദ്രന്‍, മാവടി സി.ജി.ശശികുമാര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."