അമേത്തിയിലെ സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്, കൊന്നത് ബി.ജെ.പിക്കാര്‍ തന്നെ; മൂന്നു പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ കേന്ദ്രമന്ത്രിയും മണ്ഡലത്തിലെ എം.പിയുമായ സ്മൃതി ഇറാനിയുടെ അടുത്ത അനുയായി സുരേന്ദ്ര സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിക്കുള്ളിലെ രാഷ്ട്രീയ വൈര്യമാണെന്ന് സംസ്ഥാന പൊലിസ് വ്യക്തമാക്കുകയും ചെയ്തതോടെയാണിത്.
അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരില്‍ ഒരാളില്‍ നിന്ന് പൊലിസ് നാടന്‍ തോക്ക് കണ്ടെത്തി. 72 മണിക്കൂര്‍ നീണ്ട ഉന്നതതല അന്വേഷണത്തില്‍ കൊലപാതകത്തില്‍ കലാശിച്ചത് പ്രാദേശിക ബി.ജെ.പിക്കുള്ളിലെ ശത്രുതയാണെന്ന് വ്യക്തമായതായും പൊലിസ് പറഞ്ഞു. പ്രതികളുടെ പേരുവിവരങ്ങളും ഫോട്ടോകളും പൊലിസ് പുറത്തുവിട്ടിട്ടില്ല. കേസില്‍ ആകെ അഞ്ചുപ്രതികളാണുള്ളത്. ഇനി രണ്ടുപേരെയാണ് പിടികൂടാനുള്ളത്. ഇവര്‍ ഒളിവിലാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രതികളില്‍ ഒരാള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. പക്ഷെ സുരേന്ദ്രസിങ്ങ് മറ്റൊരാളെ പിന്തുണച്ചു. ഇതാണ് ശത്രുതക്ക് കാരണമെന്നും പൊലിസ് കണ്ടെത്തി. ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി സിങ്ങും ഇക്കാര്യം സ്ഥിരീകരിച്ചു.
ഞായറാഴ്ച രാവിലെയാണ് അമേത്തിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണചുമതലയുണ്ടായിരുന്ന സുരേന്ദ്ര സിങ് വെടിയേറ്റു മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നായിരുന്നു ആദ്യം ബി.ജെ.പി ആരോപിച്ചത്. സ്മൃതി ഇറാനിയും ഇക്കാര്യം ആരോപിച്ചിരുന്നു. പിന്നീട് സുരേന്ദ്രസിങ്ങിന്റെ മൃതദേഹം കൊണ്ടുപോവുമ്പോള്‍ ശവമഞ്ചത്തിന്റെ ഒരുവശം തോളിലേറ്റി നടന്ന ഇറാനിയുടെ ചിത്രങ്ങളും പ്രചരിച്ചിരുന്നു. സുരേന്ദ്രന്‍ജിയെ വെടിവച്ചവര്‍ക്കും അതിന് ഉത്തരവിട്ടവര്‍ക്കും കൊലക്കയര്‍ ലഭിക്കാന്‍ സുപ്രിംകോടതി വരെ പോവുമെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോട് ശപഥം ചെയ്തിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിന് പിന്നില്‍ ബി.ജെ.പി തന്നെയാണെന്നു പൊലിസ് സ്ഥിരീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."