വിഭവസമാഹരണം: വടകരയിലും കുറ്റ്യാടിയിലും മികച്ച പ്രതികരണം
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തുന്ന ധനശേഖരണം ആരംഭിച്ചു. വടകരയില്‍ ലഭിച്ചത് 72,94,373 രൂപ. വടകര റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുടെ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും കൈമാറി. ഇതില്‍ തോടന്നൂരില്‍നിന്ന് സി.കെ പ്രമീളയുടെ നേതൃത്വത്തില്‍ ആറുമാസം കൊണ്ട് 100 സ്ത്രീകളെ യോഗ പരിശീലിപ്പിച്ചതിന്റെ ഗുരുദക്ഷിണയായി ലഭിച്ച 10,000 രൂപ മുതല്‍ വടകര നഗരസഭയുടെ പത്തു ലക്ഷം രൂപയുടെ ചെക്ക് വരെ ഉള്‍പ്പെടും. വടകര ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മൂന്നര ലക്ഷം രൂപ സംഭാവന നല്‍കി. സ്‌കൂളിലെ പ്രധാനാധ്യാപകനും സംസ്ഥാന സ്‌കൂള്‍ അധ്യാപക അവാര്‍ഡ് ജേതാവുമായ സത്യനാഥന്‍ അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപയും സംഭാവന നല്‍കി. മന്ത്രി ടി.പി രാമകൃഷ്ണന്‍ ഏറ്റുവാങ്ങി.
അഴിയൂര്‍ പഞ്ചായത്ത് തനതുഫണ്ടില്‍നിന്ന് അഞ്ചു ലക്ഷം രൂപ നല്‍കി. പ്രസിഡന്റ് ഇ.ടി അയ്യൂബ്, സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് എന്നിവര്‍ ചെക്ക് കൈമാറി. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുകയും മന്ത്രിക്ക് കൈമാറി.
കുറ്റ്യാടി പഞ്ചായത്ത് ഹാളില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് പത്തു ലക്ഷം, കുറ്റുമ്മല്‍ ബ്ലോക്ക് അഞ്ചു ലക്ഷം, അംഗങ്ങളുടെ ഓണറേറിയമായി 1,06,500, കുന്നുമ്മല്‍ പഞ്ചായത്ത് 12 ലക്ഷം കൈമാറി. പഞ്ചായത്തുകള്‍, വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍ മുഖേന രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ധനസമാഹരണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."