കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ വിമര്‍ശിച്ചിട്ടില്ല, മറ്റുള്ളവര്‍ക്ക് പാഠമാകണമെന്നാണ് ഉദ്ദേശിച്ചത്: കെ കെ ശൈലജ
തിരുവനന്തപുരം: കൊവിഡ് നിരക്ക് വര്‍ധിച്ചതില്‍ കേരളത്തിനെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് വിമര്‍ശിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തെ വിമര്‍ശിച്ചുവെന്നത് തെറ്റിദ്ധാരണജനകമാണെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര മന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്നും ട്വീറ്റിലെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായതെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഓണാഘോഷത്തിലെ വീഴ്ചകളാണ് ചൂണ്ടിക്കാട്ടിയതെന്നും കേരളത്തിനും ഇതേ നിലപാടാണെന്നും മന്ത്രി കൂട്ടിചേര്‍്ത്തു. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉള്ള നിര്‍ദേശമാണ് അദ്ദേഹം നല്‍കിയത്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. ഓണാക്കാലത്ത് സംഭവിച്ച വീഴ്ച മുഖ്യമന്ത്രി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. നവരാത്രി ആഘോഷ കാലത്ത് മറ്റ് സംസ്ഥാനങ്ങള്‍ ഇത് പാഠമാക്കണം എന്നാണ് മന്ത്രി പറഞ്ഞത്.ഹൈക്കോടതി നിര്‍ദേശം ലംഘിച്ചും ആള്‍ക്കൂട്ടം ഉണ്ടായതും രോഗ വ്യാപനം വര്‍ധിപ്പിച്ചു.
രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് ബാധിച്ചുളള മരണനിരക്ക് കേരളത്തിലാണ് ഏറ്റവും കുറവെന്നുളള കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് ട്വീറ്റിലുണ്ടായ തെറ്റിദ്ധാരണ പരിഹരിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും മന്ത്രി കൂട്ടിചേര്‍ത്തു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."