കാവനൂരില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇരു മുന്നണികളും ആശങ്കയില്‍
അരീക്കോട്: ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തി കാവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണം പിടിച്ചെടുക്കുമെന്ന് യു.ഡി.എഫും തുടര്‍ന്നും പഞ്ചായത്ത് ഭരിക്കുമെന്ന് എല്‍.ഡി.എഫും പറയുന്നുണ്ടെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട അന്തിമ നിലപാട് എടുക്കാന്‍ ഇരു മുന്നണികള്‍ക്കും ഇപ്പോഴും സാധിച്ചിട്ടില്ല. പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ കെ.വിദ്യാവതിയെ അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫ് അംഗങ്ങള്‍ പുറത്താക്കിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇടത് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്ന സ്വതന്ത്രന്‍ കെ.അഹമ്മദ് ഹാജിയെ ലീഗിലേക്ക് എടുത്തതോടെ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് ഒന്‍പത് അംഗങ്ങളുമാണുള്ളത്.
യു.ഡി.എഫിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് മാത്രമെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയൊള്ളുവെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി റംലക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. റംല നിലവില്‍ സ്ഥിരം സമിതിയധ്യക്ഷയാണ്. എന്നാല്‍ യു.ഡി.എഫിലെ വൈസ് പ്രസിഡന്റിനെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് വോട്ട് ചെയ്ത എളയൂര്‍ വാര്‍ഡ് അംഗം ഫാതിമ പ്രസിഡന്റാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരം. കാവനൂരില്‍ ലീഗിനെതിരേ വിമത പക്ഷം സംഘടിപ്പിച്ച പരിപാടിയില്‍ ലീഗിലെ രണ്ട് അംഗങ്ങളുടെ ഭര്‍താക്കന്മാര്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അംഗങ്ങള്‍ കൂറുമാറാന്‍ സാധ്യതയുള്ളതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പായി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനാണ് ലീഗ് തീരുമാനം. യു.ഡി.എഫിലെ എല്ലാ അംഗങ്ങളെയും ഇന്ന് രാവിലെ എട്ടിന് എടവണ്ണയിലെ മുസ്‌ലിം ലീഗ് ഓഫീസില്‍ എത്തിച്ച് ജില്ലാ നേതാക്കളുടെ നേതൃത്വത്തിലാണ് വിപ്പ് നല്‍കുക. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണീന്‍ കുട്ടി മൗലവിയും ജനറല്‍ സെക്രട്ടറി വി.എ നാസറും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."