കര്ണന് രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്; ശിക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രിം കോടതിയില്‍
ചെന്നൈ: കോടതിയലക്ഷക്കേസില് സുപ്രം കോടതി ആറുമാസം തടവിനു ശിക്ഷിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കര്ണന് രാജ്യം വിട്ടിരിക്കാമെന്ന് റിപ്പോര്‍ട്ട്. അറസ്റ്റ് ഒഴിവാക്കാനായി അദ്ദേഹം രാജ്യം വിട്ടതാവാമെന്നും രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചെങ്കില്‍ മാത്രമേ തിരിച്ചു വരികയുള്ളു എന്നും കര്‍ണന്റെ അടുത്ത സഹായിയും അഭിഭാഷകനുമായ പീറ്റര്‍ രമേശ് കുമാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാളിലേക്കോ ബംഗ്ലാദേശിലേക്കോ പോയിരിക്കാമെന്ന് സൂചന നല്കിയ കുമാര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപെടുത്താന്‍ തയാറായില്ല.
അതിനിടെ, തടവുശിക്ഷ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകര്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. കര്ണന് ഒളിവിലല്ലെന്നും ചെന്നൈയില്‍ തന്നെയുണ്ടെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചതായാണ് വിവരം.
എന്നാല്‍, കഴിഞ്ഞ ദിവസം ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്യാനായി ചെന്നൈയിലെത്തിയ കൊല്‍ക്കത്ത പൊലിസ്സംഘത്തിന് അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല. കൊല്‍ക്കത്ത പൊലിസിലെ അഞ്ചംഗ സംഘമാണ് ഇന്നലെ രാവിലെ ചെന്നൈയിലെത്തിയത്.
താമസിക്കുന്ന കേന്ദ്രങ്ങള്‍ നിരന്തരം മാറി മാറി അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണ് കര്‍ണനെന്നാണ് പൊലിസിന്റെ നിഗമനം. ഇന്നലെ പുലര്‍ച്ചെ വരെ അദ്ദേഹം ചെപ്പോക് ഗവ. ഗസ്റ്റ് ഹൗസിലെ മൂന്നാം നമ്പര്‍ മുറിയിലുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ആന്ധ്രാപ്രദേശിലെ ക്ഷേത്രനഗരിയായ ശ്രികളഹസ്തിയില് എത്തിയതായി വിവരം ലഭിച്ചു. അതേസമയം, ഗസ്റ്റ്ഹൗസില്‍ അദ്ദേഹം താമസിച്ച മുറി ഔദ്യോഗികമായി ഒഴിവാക്കിയിട്ടില്ല.
കൊല്‍ക്കത്തയില്‍ നിന്നെത്തിയ പൊലിസ് ചെന്നൈ പൊലിസുമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഗസ്റ്റ്ഹൗസിന്റെ മുറിവാടക നല്‍കാതെയാണ് അദ്ദേഹം പോയതെന്ന് അധികൃതര്‍ പൊലിസിന് വിവരം നല്‍കിയിട്ടുണ്ട്. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അദ്ദേഹം ഗസ്റ്റ്ഹൗസില്‍ എത്തിയത്. ഈ അഭിഭാഷകര്‍ അവരുടെ മുറി ഒഴിവാക്കിയിട്ടുണ്ട്.
കര്ണന് അറസ്റ്റിലായാല്‍ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമായിരിക്കും. 61കാരനായ അദ്ദേഹം അടുത്തമാസം സര്‍വിസില്‍ നിന്ന് വിരമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."