വ്യാജരേഖ കേസ്: വൈദികരെ അന്വേഷണസംഘം ചോദ്യം ചെയ്തു
കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ ചമച്ചുവെന്ന കേസിലെ പ്രതികളായ വൈദികരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിലെ ഒന്നാം പ്രതി ഫാ.പോള്‍ തേലക്കാട്ട്, നാലാം പ്രതി ഫാ.ടോണി കല്ലൂക്കാരന് എന്നിവരെയാണ് ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. കോടതി നിര്‍ദേശ പ്രകാരമാണ് ഇരുവരും ഇന്നലെ രാവിലെ ആലുവ ഡിവൈ.എസ്.പി ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പാകെ ഹാജരായത്. ആദ്യം ഫാ.പോള്‍ തേലക്കാട്ടിനെയാണ് ചോദ്യം ചെയ്തത്. ഇതിനു ശേഷം ഫാ.ടോണി കല്ലൂക്കാരനെ ചോദ്യം ചെയ്തു. പിന്നീട് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.
വ്യാജ രേഖ ചമച്ചതില്‍ ഇരുവര്‍ക്കും പങ്കുണ്ടോയെന്നത് സംബന്ധിച്ചാണ് പ്രധാനമായും ഇവരോട് അന്വേഷണ സംഘം ചോദിച്ചതെന്നാണ് വിവരം. തങ്ങള്‍ക്ക് പങ്കില്ലെന്ന് നിലപാട് ഇവര്‍ ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചുവെന്നാണ് വിവരം. ഇന്ന് വീണ്ടും ഹാജരാകണമെന്ന് ഇവരോട് അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന മൂന്നാം പ്രതി ആദിത്യയെയും വരും ദിവസം അന്വേഷണസംഘം ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തും. തുടര്‍ന്ന് മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും അറിയുന്നു. റിമാന്‍ഡിലായിരുന്ന ആദിത്യയ്ക്ക് കഴിഞ്ഞ ദിവസം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ഫാ.പോള്‍ തേലക്കാട്ടും ഫാ.ടോണി കല്ലൂക്കാരനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചത്. ഇരുവരെയും അറസ്റ്റു ചെയ്യരുതെന്നും ഇന്നലെ മുതല്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ ചോദ്യം ചെയ്യാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."