HOME
DETAILS
MAL
കാരുണ്യവാന് സ്തുതി; വീണ്ടും ഹറമില്‍ സംഘടിത നിസ്‌കാരത്തില്‍ മുഴുകി വിശ്വാസികള്‍
backup
October 19 2020 | 01:10 AM
മക്ക/മദീന: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച മസ്ജിദുല്‍ ഹറമിലെ സംഘടിത നിസ്‌കാരം വീണ്ടും പുനഃരാരംഭിച്ചു. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് പ്രത്യേക അനുമതി ലഭിച്ച സ്വദേശികളും വിദേശികളും മസ്ജിദുല്‍ ഹറാമില്‍ നിസ്‌കാരത്തിനെത്തിയത്. ഉംറ തീര്‍ഥാടനം രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഇന്നലെ മുതല്‍ പെര്‍മിറ്റ് നേടുന്ന എല്ലാ വിശ്വാസികള്‍ക്കും ജമാഅത്ത് നിസ്‌കാരത്തിന് അനുമതി നല്‍കിത്തുടങ്ങിയത്. ഇന്നലെ സുബ്ഹി നിസ്‌കാരത്തിന് വിശുദ്ധ ഹറം മുറ്റത്തെത്തിയ വിശ്വാസികള്‍ കാരുണ്യവാന് നന്ദി പറഞ്ഞ് പ്രാര്‍ഥനകളില്‍ മുഴുകി. കൊവിഡ് പ്രഖ്യാപനത്തിന് ശേഷം മസ്ജിദുല്‍ ഹറാം ജീവനക്കാരും ഉദ്യോഗസ്ഥരും മാത്രമായിരുന്നു ജമാഅത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തിരുന്നത്.
മദീനയിലെ മസ്ജിദുന്നബവിയിലും നിസ്‌കാരത്തിന് വിശ്വാസികള്‍ക്ക് പ്രത്യേക അനുമതിയോടെ പ്രവേശനം നല്‍കിയിട്ടുണ്ട്. പുണ്യ വസന്തനാളില്‍ തന്നെ പ്രവാചക പ്രേമികള്‍ക്ക് മനസിന് കുളിനീര്‍ പകര്‍ന്ന് മദീനയിലെ വിശുദ്ധ മസ്ജിദുന്നബവി തുറന്നു കൊടുത്തത് ഏറെ ആശ്വാസമായി. മക്കയിലെയും മദീനയിലും ഹറം പള്ളികളിലും റൗദ സന്ദര്‍ശനത്തിനുമടക്കം ഹറമുകളുമായി ബന്ധപ്പെട്ട ഉംറ ഉള്‍പെടെയുള്ള മുഴുവന്‍ കര്‍മങ്ങള്‍ക്കും ഇഅ്തമര്‍നാ'' മൊബൈല്‍ ആപ് വഴിയാണ് പെര്‍മിറ്റ് നല്‍കുന്നത്.
ഉംറ തീര്‍ഥാടനത്തിന്റെ രണ്ടാം ഘട്ടവും ഇന്നലെ മുതല്‍ ആരംഭിച്ചു. പതിനായിരം തീര്‍ഥാടകര്‍ക്കാണ് പ്രതിദിനം ഉംറക്കായി അനുമതി നല്‍കുന്നത്. നിസ്‌കാരത്തിനായി പ്രതിദിനം 40,000 പേര്‍ ഹറമില്‍ എത്തും. രണ്ടാഴ്ച നീളുന്ന രണ്ടാം ഘട്ടത്തില്‍ 2,20,000 പേര്‍ ഉംറ തീര്‍ഥാടനം നിര്‍വഹിക്കും. 5,60,000 പേര്‍ നിസ്‌കാരത്തിനായും മസ്ജിദുല്‍ ഹറമില്‍ എത്തും. അതിശക്തമായ ആരോഗ്യ സുരക്ഷയില്‍ നടക്കുന്ന ഉംറ തീര്‍ഥാടനം പുനഃരാരംഭിച്ചു മൂന്നാഴ്ചയിലേക്ക് പ്രവേശിക്കുമ്പോഴും ഇത് വരെ തീര്‍ഥാടകര്‍ക്കിടയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."