HOME
DETAILS

സകാത്ത്: ഒരു വിശകലനം

  
backup
May 30 2019 | 18:05 PM

todays-article-about-zakath-31-05-2019
ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ മൂന്നാമത്തെ ആരാധനയാണ് സകാത്ത്(നിര്‍ബന്ധ ദാനം). ഇത് രണ്ടു വിധമാണ്. ഒന്ന്, ശരീരത്തിന്റെ സകാത്ത്. ഇതിന് ഫിത്‌റ് സകാത്ത് എന്ന് പറയുന്നു. രണ്ട്, സമ്പത്തിന്റെ സകാത്ത്. കച്ചവടത്തിന്റെ സകാത്ത് ഇതില്‍പെടും. ധനത്തിന്റെ സകാത്തില്‍ വളരെ മുഖ്യമായതും വളരെ കൂടുതല്‍ ആളുകള്‍ക്ക് നിര്‍ബന്ധമായതുമായ സകാത്താണ് കച്ചവടത്തിന്റെ സകാത്ത്. മതവിധികള്‍ അനുശാസിക്കുന്ന സജ്ജനങ്ങള്‍ എന്ന് നാം ധരിച്ചുവച്ച കച്ചവടക്കാരും ബിസിനസുകാരും വലിയൊരളവ് വേണ്ട വിധം സകാത്ത് കൊടുക്കാത്തവരാണ്. അല്ലാഹു ഖുര്‍ആനിലൂടെ അവര്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിപ്രകാരമാണ്: 'സ്വര്‍ണവും വെള്ളിയും നിക്ഷേപിച്ചു വയ്ക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അതിനെ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ അവര്‍ക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ച് സന്തോഷ വാര്‍ത്ത അറിയിക്കുക. നരകത്തിന്റെ അഗ്നിയില്‍ വച്ച് അത് കാച്ചിപ്പഴുപ്പിക്കപ്പെടുന്ന ദിവസം, എന്നിട്ട് അതുകൊണ്ട് അവരുടെ നെറ്റികള്‍ക്കും പാര്‍ശ്വവശങ്ങള്‍ക്കും മുതുകുകള്‍ക്കും ചൂടുവയ്ക്കപ്പെടുകയും ചെയ്യുന്ന(ദിവസം). ഇതത്രെ നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കു വേണ്ടി നിക്ഷേപിച്ചു വച്ചത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ചിരുന്നതിനെ നിങ്ങള്‍ തന്നെ രുചിച്ചുകൊള്ളുവിന്‍'. (സൂറതു ത്തൗബഃ 34, 35) ഇത്തരം നിരവധി താക്കീതുകള്‍ ഖുര്‍ആനിലും ഹദീസിലും കാണാം. സകാത്ത് മുതല്‍ സകാത്തായി തന്നെ നല്‍കണം. പല കച്ചവടക്കാരും നിര്‍ബന്ധ സകാത്തിന്റെ കണക്കിനേക്കാള്‍ പല മടങ്ങ് ധനം നല്ല കാര്യങ്ങള്‍ക്കു ലാഭേച്ഛയില്ലാതെ ചെലവഴിക്കുന്നവരാണ്. നിര്‍ബന്ധ ദാനമായ സകാത്ത് കര്‍മശാസ്ത്രം അനുശാസിക്കുന്ന നിലയില്‍ ശരിയായ രീതിയില്‍ നല്‍കാത്തതിനാല്‍ അവര്‍ കുറ്റക്കാരാണ് എന്നത് അവിതര്‍ക്കിതമാണ്. സകാത്തിന്റെ ഇനങ്ങള്‍ എട്ടു വിഭാഗം സ്വത്തുകളിലാണ് സകാത്ത് നിര്‍ബന്ധമുള്ളത്. ആട്, മാട്, ഒട്ടകം, ധാന്യം, ഈത്തപ്പഴം, മുന്തിരി, സ്വര്‍ണ്ണം, വെള്ളി എന്നിവയാണത്. പച്ചക്കറി, മറ്റു പഴങ്ങള്‍ മുതലായവയിലൊന്നും കൃഷി എന്ന രീതിയില്‍ സകാത്തില്ലെങ്കിലും ഇവയുടെ കച്ചവടങ്ങള്‍ക്ക് കച്ചവടം എന്ന നിലയില്‍ സകാത്തുണ്ട്. ഈത്തപ്പഴം, മുന്തിരി, ധാന്യങ്ങള്‍ എന്നിവയില്‍ തൊലിയുള്ളതില്‍ 600 സ്വാഓ (പ്രാചീന കാലത്തെ ഒരളവ്) അതില്‍ കൂടുതലോ (1960 ലിറ്റര്‍) തൊലിയില്ലാത്തത് 300 സ്വാഓ അതില്‍ കൂടുതലോ (960 ലിറ്റര്‍) ഉണ്ടെങ്കില്‍ അതില്‍ സകാത്ത് നിര്‍ബന്ധമാണ്. ഉല്‍പാദനച്ചെലവ് ഇല്ലാത്തതാണെങ്കില്‍ പത്തു ശതമാനവും ഉണ്ടെങ്കില്‍ അഞ്ചു ശതമാനവുമാണ് നല്‍കേണ്ടത്. തൂക്കം പരിഗണിക്കപ്പെടുകയില്ല. അളവാണ് പരിഗണനീയം. സകാത്ത് നല്‍കാതെ മരിച്ചുപോയവരുടെ കച്ചവടത്തില്‍ നിന്നും സമ്പത്തില്‍ നിന്നും സകാത്ത് നല്‍കിയ ശേഷമേ സ്വത്ത് ഓഹരി ചെയ്യാവൂ. കച്ചവടത്തിന്റെ സകാത്ത് കറന്‍സി കൈമാറ്റം അല്ലാത്ത എല്ലാ കച്ചവടത്തിലും ഹിജ്‌റ വര്‍ഷപ്രകാരം ഒരു വര്‍ഷം തികയുന്ന അന്ന് മാര്‍ക്കറ്റ് നിലവാരമനുസരിച്ച് 595 ഗ്രാം വെള്ളിയുടെ വിലയ്ക്കു തുല്യമായതോ അതില്‍ കൂടുതലോ വില്‍പന വസ്തുവുള്ള കച്ചവടത്തിന് നിര്‍ബന്ധമായും അതിന്റെ രണ്ടര ശതമാനം (നാല്‍പതില്‍ ഒന്ന്) സകാത്ത് നല്‍കണം. ഇപ്പോള്‍ പല കച്ചവടക്കാരും പല സാധനങ്ങളും കടമായി ഇറക്കിക്കൊടുക്കും. പിന്നീട് കാശ് നല്‍കിയാല്‍ മതി. എന്നാല്‍ അവയ്‌ക്കെല്ലാം സ്റ്റോക്കെടുപ്പില്‍ പരിഗണിച്ച് സകാത്ത് നല്‍കണം. കച്ചവടക്കാര്‍ കച്ചവട സംബന്ധമായോ മറ്റുവിധേനയോ കടം ഉള്ളവരാണെങ്കിലും സകാത്തില്‍ നിന്ന് ഒഴിവാകുകയില്ല. കട മൊത്തം വിറ്റാലും തീരാത്ത കടമുണ്ടെങ്കിലും മൊത്തം സാധനങ്ങളുടെ കണക്കെടുത്ത് മാര്‍ക്കറ്റ് വില നിശ്ചയിച്ച് അതിന്റെ സകാത്ത് രണ്ടര ശതമാനം നല്‍കേണ്ടതാണ്. വാടക, കറന്റ് ബില്ല്, ജോലിക്കാരുടെ ശമ്പളം മുതലായവകള്‍ക്കുള്ള കടങ്ങളൊന്നും സകാത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്തുകയില്ല. സകാത്ത് കൊടുക്കാത്തതിനാല്‍ കുറ്റക്കാരനാകും. വര്‍ഷങ്ങളായി സകാത്ത് നല്‍കാത്തവരില്‍ ചിലപ്പോള്‍ തന്റെ ബിസിനസ് മൊത്തം വിറ്റ് സകാത്ത് കൊടുത്താലും വീടാത്തവരുണ്ടാകും. ഇപ്പോള്‍ പല ആളുകളും കടം വാങ്ങിയും ലോണെടുത്തും നിരവധി ബിസിനസ് തുടങ്ങുകയും നഷ്ടത്തിലാണെന്ന് പറഞ്ഞ് സകാത്ത് നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നു. അത് അവര്‍ മാത്രമല്ല, അവരുടെ മക്കളും ആശ്രിതരും ഇരുവീട്ടിലും നശിച്ചു പോകാനും പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കാത്തവരാകാനും നിമിത്തമാകുന്നു. ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് വലിയ ബിസിനസുകാരില്‍ പലരും ബില്ലിങ് നടത്തുന്നത്. അവരുടെ സോഫ്റ്റ്‌വെയറുകളില്‍ കച്ചവടത്തിന്റെ ഹിജ്‌റ വര്‍ഷപ്രകാരമുള്ള വാര്‍ഷിക ദിനവും അന്നത്തെ മൊത്തം സ്റ്റോക്കും അതിന്റെ അന്നത്തെ മാര്‍ക്കറ്റ് വിലയും കണക്കാക്കാനും അതിന്റെ സകാത്ത് വിഹിതം നിശ്ചയിക്കാനുമാവശ്യമായ രീതിയില്‍ സോഫ്റ്റ്‌വെയര്‍ ക്രമീകരിച്ചാല്‍ സകാത്ത് വിഹിതം കണ്ടെത്താന്‍ ഉപകരിക്കും. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനം വിറ്റാലും മാര്‍ക്കറ്റ് വില നിശ്ചയിച്ചാണ് സകാത്ത് നല്‍കേണ്ടത്. വിറ്റഴിക്കല്‍, കാലിയാക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടോ മറ്റോ സാധനം വില കുറച്ചു നല്‍കിയാലും ഇപ്രകാരം തന്നെ. സകാത്ത് നല്‍കേണ്ടത് പണമായാണ്, സാധനമായല്ല. സകാത്ത് നിര്‍ബന്ധമായവര്‍ അവധി ആയാല്‍ പിന്തിക്കല്‍ ഹറാമാണ്. അതുകൊണ്ട് കച്ചവടാരംഭത്തിന്റെ ഹിജ്‌റ തിയതി അറിഞ്ഞ് ആ രീതിയില്‍ സകാത്ത് നല്‍കിയില്ലെങ്കില്‍ പിന്തിച്ചതിന് കുറ്റക്കാരനാകും. റമദാനിലേക്ക് സകാത്തിനെ പിന്തിപ്പിക്കുന്ന ഒരു പ്രവണത ചിലരില്‍ കണ്ടു വരുന്നുണ്ട്. റമദാനുമായി ബന്ധപ്പെട്ടത് ഫിത്‌റ് സകാത്ത് മാത്രമാണ്. സ്വര്‍ണം, വെള്ളി, കറന്‍സി അനുവദനീയമായ ആഭരണമല്ലാത്ത സ്വര്‍ണം 85 ഗ്രാമും വെള്ളി 595 ഗ്രാമും ഒരു വര്‍ഷം സ്റ്റോക്ക് വച്ചാല്‍ ഒരു വര്‍ഷത്തിന് അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കണം. അനുവദനീയമായ ആഭരണങ്ങള്‍ അമിതമാവാതിരുന്നാല്‍ സകാത്തില്ല. ആഭരണം ഉപയോഗിക്കാതെ ലോക്കറിലോ മറ്റോ സൂക്ഷിച്ചാലും സകാത്തില്ല എന്ന് പണ്ഡിതന്‍മാര്‍ പറയുന്നുണ്ട്. ആഭരണം എന്ന ഉദ്ദേശ്യത്തോടെയല്ലാതെ ഒരു സ്വത്ത് എന്ന രീതിയില്‍ ഒരു വര്‍ഷം സൂക്ഷിച്ചാല്‍ സകാത്ത് നല്‍കണം. ജ്വല്ലറിക്കാര്‍ കച്ചവടം എന്ന രീതിയിലാണ് സകാത്ത് നല്‍കേണ്ടത്. പണത്തിന്റെ സകാത്ത് 595 ഗ്രാം വെള്ളിയുടെയോ 85 ഗ്രാം സ്വര്‍ണത്തിന്റെയോ വിലയ്ക്കു തുല്യമോ അതില്‍ കൂടുതലോ ആയ തുക ഒരു വര്‍ഷം പൂര്‍ണമായി സൂക്ഷിച്ചാല്‍ 2.5 ശതമാനം സകാത്ത് നല്‍കണം. നിലവില്‍ 595 ഗ്രാം വെള്ളിയുടെ വില 85 ഗ്രാം സ്വര്‍ണത്തിന്റെ വിലയേക്കാള്‍ എത്രയോ കുറവായതുകൊണ്ട് വെള്ളിയുടെ വിലയനുസരിച്ചാണ് കറന്‍സിക്കും കച്ചവടത്തിനും സകാത്ത് കണക്കാക്കേണ്ടത്. ഒരു ഗ്രാം വെള്ളിയുടെ വില 73.9 രൂപയാണെങ്കില്‍ 43970 (595 ഃ 73.9 = 43970) രൂപയോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ വര്‍ഷം തികയുമ്പോള്‍ സകാത്ത് നിര്‍ബന്ധമാകും. നിക്ഷേപമായി നിന്നാല്‍ മാത്രമേ സകാത്ത് നിര്‍ബന്ധമാകൂ. ചില അല്‍പന്‍മാര്‍ പ്രചരിപ്പിക്കുന്നതു പോലെ ശേഖരിച്ചുവയ്ക്കാത്ത ശമ്പളത്തിനും മറ്റും സകാത്ത് നല്‍കണമെന്നത് ശരിയല്ല. ഉപയോഗിക്കാതെ ഒരു വര്‍ഷം വച്ചാല്‍ സകാത്ത് നിര്‍ബന്ധമാകും. കുറി ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കുറികള്‍ക്ക് നിബന്ധനയോടെ സകാത്ത് നിര്‍ബന്ധമായേക്കാം. ഉദാഹരണമായി മാസതവണ 15000 രൂപ വീതമുള്ള കുറി മൂന്നു മാസം കൊണ്ട് 45000 രൂപയാകും. അതിനു ശേഷം ഒരു വര്‍ഷം തികഞ്ഞാല്‍, അഥവാ 15ാം മാസത്തില്‍ 45000 രൂപയുടെ സകാത്ത് നിര്‍ബന്ധമാകും. നാല്, അഞ്ച് എന്നീ മാസങ്ങളിലെ തവണകള്‍ക്ക് സകാത്തിന്റെ വിഹിതം പൂര്‍ണമാകുന്നില്ല. ശേഷം ആറാം മാസത്തെ തവണയോടെ വീണ്ടും 45000 രൂപ തികയുകയും അതിന്റെ വര്‍ഷം തികയുന്ന 18ാം മാസം വീണ്ടും 45000 രൂപയ്ക്ക് സകാത്ത് കൊടുക്കുകയും വേണം. ഇപ്രകാരം സകാത്ത് അളവും വര്‍ഷം തികയലും പരിഗണിച്ച് സകാത്ത് നല്‍കേണ്ടതാണ്. അതുവരെ കുറി ലഭിക്കാത്തവര്‍ക്കാണ് ഇപ്രകാരം സകാത്ത് നിര്‍ബന്ധമാവുക. സകാത്ത് നിര്‍ബന്ധമാകുന്നതിനു മുന്‍പ് കുറി ലഭിക്കുകയും അത് സൂക്ഷിക്കാതിരിക്കുകയും ചെയ്താല്‍ സകാത്ത് ബാധകമാവില്ല. കടം 595 ഗ്രാം വെള്ളിയുടെ വിലയ്ക്ക് തുല്യമോ അതില്‍ കൂടുതലോ പണം കടം നല്‍കിയാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന അന്ന് അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കണം. കിട്ടുമെന്ന് പ്രതീക്ഷയില്ലാത്ത കടത്തിനു കിട്ടിയതിനു ശേഷം ഓരോ വര്‍ഷത്തിനും സകാത്ത് നല്‍കണം. കളവുപോയതോ നഷ്ടപ്പെട്ടതോ അപഹരിക്കപ്പെട്ടതോ ലഭിച്ചാല്‍ കണക്കു പ്രകാരം ഉണ്ടെങ്കില്‍ സകാത്ത് നല്‍കണം. സെക്യൂരിറ്റി ഇന്ന് പല ജോലികള്‍ക്കും കോഴ്‌സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വന്‍ തുക സെക്യൂരിറ്റി നല്‍കി വരാറുണ്ട്. ഇത് വിരമിക്കുമ്പോഴാണ് തിരിച്ചു ലഭിക്കുക. ഇതിനും മേല്‍ പറഞ്ഞ തുകയുണ്ടെങ്കില്‍ വര്‍ഷാവര്‍ഷം സകാത്ത് നല്‍കണം. അഡ്വാന്‍സ് കടകള്‍, മറ്റു സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് നല്‍കുന്ന അഡ്വാന്‍സ് തുകയ്ക്കും മേല്‍പറഞ്ഞ പോലെ സകാത്ത് നല്‍കണം. പ്രോവിഡന്റ് ഫണ്ട് (പി.എഫ്) സര്‍ക്കാര്‍, സര്‍ക്കാരേതര ജോലിക്കാര്‍ക്ക് അവരുടെ തൊഴില്‍ദായകര്‍ നിശ്ചിത സമയത്ത് നല്‍കുന്ന ധനമാണ് പി.എഫ്. തന്റെ വിഹിതം 595 ഗ്രാം വെള്ളിയുടെ വിലയ്ക്ക് തുല്യമായതു മുതല്‍ വര്‍ഷം തികഞ്ഞാല്‍ സകാത്ത് നല്‍കണം. ശേഷം വരുന്ന സംഖ്യകള്‍ക്കും ഇത് ബാധകമാവും. റിയല്‍ എസ്റ്റേറ്റുകള്‍ക്കും സകാത്ത് ബാധകമാണ്. അവകാശികള്‍ എട്ടു വിഭാഗമാണ് സകാത്തിന്റെ അവകാശികളായി ഖുര്‍ആനിലുള്ളത്. ഫഖീര്‍, മിസ്‌കീന്‍, സകാത്തിന്റെ ഉദ്യോഗസ്ഥര്‍, പുതുമുസ്‌ലിം (വിശ്വാസത്തിന് ബലഹീനതയുള്ള പുതുമുസ്‌ലിമോ അല്ലെങ്കില്‍ അവര്‍ക്ക് നല്‍കല്‍ നിമിത്തം മറ്റുള്ളവര്‍ ഇസ്‌ലാമിലേക്ക് വരല്‍ പ്രചോദനമാകുന്നവരോ), മോചനപത്രം നിശ്ചയിക്കപ്പെട്ട അടിമ, കടം കൊണ്ട് വലഞ്ഞവന്‍, ശമ്പളം പറ്റാത്ത യോദ്ധാക്കള്‍, വഴിമുട്ടിയ യാത്രക്കാര്‍ എന്നിവരാണവര്‍. ഇവരില്‍ മോചനപത്രം എഴുതപ്പെട്ടവന്‍, യോദ്ധാവ്, സകാത്തിന്റെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്നില്ല. അവകാശികള്‍ മുസ്‌ലിംകളും ഹാശിം, മുത്വലിബ് എന്നീ നബി കുടുംബത്തില്‍ പെടാത്തവരുമായിരിക്കണം. വ്യക്തികള്‍ക്കായിരിക്കണം സകാത്ത് നല്‍കേണ്ടത്. സ്ഥാപനത്തിന് കൊടുത്താല്‍ വീടില്ല. സകാത്ത് നല്‍കുന്നതിന് നിയ്യത്ത് ചെയ്യേണ്ടതാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  4 days ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  4 days ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  4 days ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  4 days ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  4 days ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  5 days ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  5 days ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  5 days ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  5 days ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  5 days ago