കോണ്‍ഗ്രസ് അധ്യക്ഷ പദവി: അഹമ്മദ് പട്ടേലുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കം.
രാജി തീരുമാനത്തില്‍ നിന്ന് രാഹുല്‍ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അഹമ്മദ് പട്ടേലുമായി മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ്്വിജയ് സിങ്ങ് എന്നിവര്‍ ചര്‍ച്ച നടത്തി. ഇരുവരും പ്രത്യേകം പ്രത്യേകമായാണ് അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ നിലപാട് വ്യക്തമാക്കിയതോടെയാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായത്.
അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തിയ ശേഷം രാഹുല്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനത്ത് തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. രാജ്യത്തെ എല്ലാ സംസ്ഥാന കമ്മിറ്റികളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രമേയം പാസാക്കി രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. രാജി തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്നോക്കം പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളിയിരുന്നു. അതിനിടയില്‍ രാഹുലിന്റെ തീരുമാനത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതിനായി ചില മുതിര്‍ന്ന നേതാക്കള്‍ മുന്‍പ്രധാനമന്ത്രി മന്മോഹന് സിങുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാഹുലിന്റെ വസതിക്ക് മുന്‍പിലും പ്രവര്‍ത്തകര്‍ രാജി തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."