ഇന്ന് കുറവ് രോഗികള്‍, കൂടുതല്‍ രോഗമുക്തി, 5022 പേര്‍ക്ക് കൊവിഡ്: 7469പേര്‍ക്ക് രോഗമുക്തി, 21മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 മരണവും കൊവിഡ് മൂലമാണ്. 7469 പേര്‍ ഇന്ന് രോഗമുക്തി നേടി.
അതേ സമയം ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4257പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഉറവിടമറിയാത്ത 647 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 59പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറിനിടെ 36599 സാമ്പിളുകള്‍ പരിശോധിച്ചു.
കൊവിഡ് ഉച്ചസ്ഥായിലെത്തുന്ന സമയത്തും സംസ്ഥാനത്ത് കൊവിഡ് മരണം കുറക്കുന്നതില്‍ മുന്‍പന്തിയില്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രോഗവ്യാപനം ഉച്ഛാസ്ഥായിലെത്തുന്നത് തടയാനാണ് ഇതുവരെ ശ്രമിച്ചത്. ഇതുവഴി രോഗവ്യാപനം തടയാനും ചികിത്സാ സംവിധാനം ശക്തിപ്പെടുത്താനും സാധിച്ചു. രോഗത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ജീവന്‍ രക്ഷിക്കാനുള്ള വഴികളും മനസിലാക്കാനായി. ഇതെല്ലാം വഴി കൊവിഡ് മരണങ്ങള്‍ തടയാനായി. ഇറ്റലിയില്‍ പോലും രോഗം പെട്ടെന്ന് ഉച്ഛസ്ഥായിയില്‍ എത്തിയിരുന്നു.
രോഗാബാധിതരില്‍ നൂറില്‍ 16 പേര്‍ വരെ മരിക്കുന്ന അവസ്ഥ ഇറ്റലിയിലുണ്ടായി. നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ
മരണനിരക്കും ഞെട്ടിപ്പിച്ചു. കേരളത്തില്‍ തുടക്കം മുതല്‍ മരണനിരക്ക് കുറവായിരുന്നു. കൊവിഡ് വ്യാപനം ഉച്ഛസ്ഥായിലെത്തുന്ന ഈ സമയത്തും മരണനിരക്ക് കുറവാണെന്നാണ് നാം കാണുന്നത്. ഈ മഹാമാരി ലോകം മൊത്തം ഗ്രസിച്ചു. ഇതിലെത്രെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്നും അതിനായി എന്തൊക്കെ ചെയ്തുവെന്നതുമാണ് പ്രധാനം.
ശാസ്ത്രീയ സമീപനത്തിലൂടെയാണ് കേരളം മഹാമാരിയെ നേരിട്ടത്. അതിന്റെ ഫലമാണ് കുറഞ്ഞ മരണനിരക്ക്. മെയ് മാസത്തില്‍ മരണനിരക്ക് 0.77 ശതമാനമായിരുന്നത് ജൂണില്‍ 0.45 ആയി കുറഞ്ഞു. ആഗസ്റ്റില്‍ അത് 0.4ആയി. സെപ്തംബറില്‍ 0.38 ആയി. ഒക്ടോബറില്‍ ഇതുവരെയുള്ള മരണനിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നത് അഭിമാനര്‍ഹമായ നേട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതുകൊണ്ടൊക്കെയാണ് കേരളത്തിന്റെ ആരോഗ്യമേഖല അന്തര്‍ദേശീയതലത്തില്‍ പോലും അംഗീകരിക്കപ്പെട്ടത്. അല്ലാതെ കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ല. എവിടെയും പുരസ്‌കാരത്തിനായി അപേക്ഷ കൊടുത്തിട്ടില്ല. നാം നടത്തിയ കഠിന പോരാട്ടത്തിന്റേയും അശ്രാന്ത പരിശ്രമത്തിന്റേയും ഫലമാണ് കിട്ടിയ അംഗീകാരം. എന്നാല്‍ ഇതിലൊക്കെ പലരും അസ്വസ്ഥരാണ്. അത്തരം ആളുകളാണ് വസ്തുതകള്‍ മനസിലാക്കാതെയും ചിലപ്പോള്‍ മനപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചും കേരളത്തെ അപമാനിക്കുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."