അംഗപരിമിതികള്‍ക്കിടയിലും ദുരിതബാധിതര്‍ക്ക് സഹായഹസ്തം നീട്ടി ഫൈസല്‍ മാവുണ്ടിരിക്കടവ്
നെല്ലായ: പേപ്പര്‍ പേന നിര്‍മിച്ചു ജീവിതമാര്‍ഗ്ഗം തേടുന്ന ഭിന്നശേഷിക്കാരനായ യുവാവ് പ്രളയദുരിതബാധിതരായ വിദ്യാര്‍ഥികളെ സഹായിച്ചും മാതൃകയാവുന്നു. നെല്ലായ പഞ്ചായത്തിലെ മാവുണ്ടിരിക്കടവ് തെക്കേപാട്ട് തൊടി ഫൈസലാണ് അംഗപരിമിതികള്‍ക്കിടയിലും കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടുന്നത്. തന്റെ സുഹൃത്തുക്കള്‍ മുഖേന ദുരിതബാധിതരായ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ച നൂറോളം കടലാസ് വിത്ത് പേനകള്‍ കണ്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ എം രവീന്ദ്രനാഥ് അടക്കമുള്ളവര്‍ ഇദ്ദേഹത്തെ പ്രശംസിച്ചിരുന്നു.
സുഹൃത്തും കുളപ്പിട സ്‌കൂള്‍ അധ്യാപകനമായ സജീവ് മുഖേനെയാണ് വിദ്യാഭ്യാസ മന്ത്രിയെ കാണാനും തന്റെ പേനകളെകുറിച്ച് മന്ത്രിയോട് സംസാരിക്കാനും അവസരമുണ്ടായത്. മണിക്കൂറില്‍ നൂറോളം പേനകള്‍ നിര്‍മിക്കുന്ന ഇദ്ദേഹത്തിന്റെ കഴിവ് അഭിനന്ദനര്‍ഹനീയമാണ്. പേനകള്‍ക്കുള്ളില്‍ വിവിധ ഔഷധ സസ്യങ്ങളുടെ വിത്തുകള്‍കൂടി ഉള്‍പെടുത്തുന്നതോടെ ഈ പേനകള്‍ പരിസ്ഥിതിസൗഹൃദവുമാവുന്നു. ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്ന പേനകളില്‍ നിന്നും മുള പൊട്ടി പുതിയൊരു ചെടി വളര്‍ന്നു വരുന്നതോടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയിലേക്കുള്ള മാതൃകാസന്ദേശവും കാല്‍വെപ്പും കൂടിയാണ് ഫൈസലിന്റെ കടലാസ് പേനകള്‍ സമൂഹത്തിന് നല്‍കുന്നത്.
8 രൂപയാണ് വിത്ത് പേനയുടെ വില. വിവാഹത്തിന് വധു വരന്‍മാരുടെപേര്, ബര്‍ത്ത്‌ഡേകള്‍ക്ക് കുട്ടികളുടെ പേര്, വിവിധ സമ്മേളനങ്ങള്‍ തുടങ്ങിയവക്ക് അനുയോജ്യമായ രീതിയില്‍ ആവശ്യക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാറ്റര്‍ പേനയില്‍ സ്റ്റ്ക്കര്‍ ചെയ്തും ഇദ്ദേഹം പേനകള്‍ നിര്‍മിക്കുന്നു. ഒരു രൂപയാണ് സ്റ്റിക്കര്‍ വര്‍ക്കിന് അധികം ഈടാക്കുന്നത്. ഇന്ത്യയില്‍ എവിടേക്കും കൊറിയറായി അയച്ചുകൊടുക്കാനും ഫൈസല്‍ റെഡിയാണ്. ഓള്‍കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍ സംഘടനയുടെ പാലക്കാട് ജില്ലാ എക്‌സികൂട്ടീവ് മെമ്പര്‍, ഒറ്റപ്പാലം താലൂക്ക് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ഫൈസലിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യ: ഫൗസിയ. മക്കള്‍: മുസ്തഫ, ഫാത്തിമ ഫൈഹ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."