മുന്‍ഗണനയും മുന്‍ഗണന ഇതരവും ആനുകൂല്യങ്ങള്‍ക്ക് തടസമാകുന്നു
തൊടുപുഴ : റേഷന്‍കാര്‍ഡുകളില്‍ ബി.പി.എല്‍, എ.പി.എല്‍ പേരുകള്‍ മാറി മുന്‍ഗണന വിഭാഗവും മുന്‍ഗണന ഇതരവിഭാഗവും എന്ന് രേഖപ്പെടുത്തുവാന്‍ തുടങ്ങിയത് പൊല്ലാപ്പായി. വിവിധ ആനുകൂല്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍ എത്തുമ്പോള്‍ മുന്‍ഗണന എന്ന പേര് കാണുന്നതോടെ ആനുകൂല്യം നല്‍കാനാവില്ലെന്ന നിലപാട് ചില ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നു.
കഴിഞ്ഞ ദിവസം തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ആനുകൂല്യം ലഭിക്കുന്നതിനു റേഷന്‍കാര്‍ഡ് ഹാജരാക്കിയപ്പോള്‍ ആനുകൂല്യം നിഷേധിക്കുകയുണ്ടായി. ഏത് വിഭാഗമാണെന്ന സംശയം തീര്‍ക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ തഹസില്‍ദാരെ ബന്ധപ്പെട്ടെങ്കിലും ഇതേകുറിച്ച് വ്യക്തമായ വിവരമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ സമയം താലൂക്ക് സപ്ലൈ ഓഫീസില്‍ അന്വേഷിച്ചിരുന്നെങ്കില്‍ വ്യക്തമായി വിവരം ലഭിക്കുമായിരുന്നു.
താലൂക്ക് ആശുപത്രിയില്‍ പബ്ലിക് റിലേഷന്‍ ഓഫീസറുണ്ടെങ്കിലും ഇദ്ദേഹത്തിന് കാര്യമായ പബ്ലിക് റിലേഷന്‍ ഇല്ലാത്തതും പ്രശ്നമായിട്ടുണ്ട്. ഇതുമൂലം പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. സര്‍ക്കാര്‍ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് ആനുകൂല്യം ഒട്ടേറെയുണ്ടെങ്കിലും ചില ഉദ്യോഗസ്ഥരുടെ ജനദ്രോഹ മനസ് പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയാണ്.
ഗര്‍ഭിണികളെയും കുട്ടികളെയും പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതൊന്നും വേണ്ടരീതിയില്‍ ലഭിക്കാത്ത സ്ഥിതിയാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് പാലും മുട്ടയും പോഷകസമൃദ്ധമായ ഭക്ഷണവും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് കട്ടി ആഹാരമായ പൊറോട്ട ഉള്‍പ്പടെയുള്ളവ നല്കി ഇതിലും ചൂഷണം നടക്കുകയാണ്. ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."