ഇത് ഐക്യമുന്നണികളുടെ നാട്
2008 ജൂലൈ. കേന്ദ്രത്തിന്റെ ഒന്നാം യു.പി.എ സര്‍ക്കാരിനു പിന്തുണ കൊടുത്തിരുന്ന നാലു ഇടതുപക്ഷകക്ഷികളുടെ നേതാക്കള്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ച് തങ്ങള്‍ സര്‍ക്കാരിനു നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. നേരത്തെ ഇക്കാര്യം അറിയിച്ച് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിക്കും ഇടതുനേതൃത്വം കത്തു നല്‍കിയിരുന്നു. 2008 ജൂലൈ എട്ടാം തിയതി ഇടതുപക്ഷത്തിനു ലോക്‌സഭയിലുണ്ടായിരുന്ന 59 അംഗങ്ങളും മന്‍മോഹന്‍ സിങ് ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാറിനോടു യോജിക്കാനാവാതെയാണ് ഇടതു മുന്നണി യു.പി.എ സര്‍ക്കാരിനു നല്‍കിവന്ന പിന്തുണ പിന്‍വലിച്ചത്. കരാറില്‍ നിന്നു പിന്മാറാന്‍ ഇടതുപക്ഷം ഏറെ സമ്മര്‍ദം ചെലുത്തിയെങ്കിലും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തരിമ്പും വഴങ്ങിയില്ല. ജൂലൈ ഏഴാം തിയതി വിദേശയാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച പ്രധാനമന്ത്രി ഇന്ത്യ കരാറില്‍ നിന്ന് പിന്മാറില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. തൊട്ടു പിറ്റേന്നാണ്, ജൂലൈ എട്ടാം തിയതി, സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മറ്റ് ഇടതുപക്ഷകക്ഷി നേതാക്കന്മാരും പത്രസമ്മേളനം നടത്തി യു.പി.എ വിടാനുള്ള തീരുമാനം അറിയിച്ചത്. മന്ത്രിസഭയില്‍ ചേരാതെ പുറത്തുനിന്ന് പിന്തുണയ്ക്കുകയായിരുന്നു ഇടതുപക്ഷം.
ഇടതുപക്ഷത്തെ കോണ്‍ഗ്രസുമായി അടുപ്പിച്ചത് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി നല്ല സൗഹൃദം സ്ഥാപിച്ചു. സോണിയ പല രാഷ്ട്രീയ ഉപദേശങ്ങള്‍ക്കും സി.പി.എം നേതാവിനെ ആശ്രയിക്കുകയും ചെയ്തിരുന്നു. ഒന്നാം യു.പി.എയുടെ പ്രകടനം അങ്ങേയറ്റം മെച്ചപ്പെട്ടതുമായിരുന്നു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വവും ഭരണമികവും ഇടതുപക്ഷത്തിന്റെ കാവലുമാണ് ഒന്നാം യു.പി.എ സര്‍ക്കാരിനെ വിജയത്തിലേയ്ക്കു നയിച്ചതെന്നു പറയാം. അതിന്റെ പച്ചപ്പില്‍ 2009 പൊതുതെരഞ്ഞെടുപ്പില്‍ യു.പി.എ വീണ്ടും അധികാരത്തിലെത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയും കാവലുമില്ലാതെ ഭരിച്ച രണ്ടാം യു.പി.എ ഭരണത്തില്‍ അഴിമതി ആരോപണം പതിവായി. 2014-ലെ തെരഞ്ഞെടുപ്പില്‍ യു.പി.എ തോറ്റു തുന്നംപാടി. ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി.
കേന്ദ്രത്തില്‍ യു.പി.എയുടെ വളര്‍ച്ചയുടെയും തകര്‍ച്ചയുടെയും ചരിത്രം പറഞ്ഞുവരുന്നത് കേരള രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവുകള്‍ വിശദീകരിക്കാനാണ്. 39 വര്‍ഷക്കാലം ഐക്യജനാധിപത്യ മുന്നണിയിലെ പ്രധാന ഘടകകക്ഷികളില്‍ ഒന്നായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഒറ്റച്ചാട്ടത്തിനു ഇടതുമുന്നണിയിലെത്തിയിരിക്കുന്നു. എ.കെ.ജി സെന്ററിലെത്തിയ ജോസ് കെ. മാണിയെയും കൂട്ടരെയും ചുവപ്പു പരവതാനി വിരിച്ചാണ് സി.പി.എം നേതാക്കള്‍ സ്വീകരിച്ചത്. ഇടതാണ് ശരിയെന്നു പ്രഖ്യാപിച്ച് ജോസ് കെ. മാണി ഇടതുരാഷ്ട്രീയത്തിന്റെ ഭാഗമായത് ഒരു ബുദ്ധിമുട്ടുമില്ലാതെയാണ്. ഐക്യമുന്നണി രാഷ്ട്രീയം കനത്ത പരീക്ഷണങ്ങളിലൂടെ വളര്‍ന്ന നാടാണ് കേരളം. ഒരു പാര്‍ട്ടിക്കും ഇവിടെ ഒറ്റയ്ക്ക് ഭരിക്കാനാവില്ല തന്നെ. ഒറ്റയ്ക്കു മത്സരിച്ചു കുറച്ചു സീറ്റെങ്കിലും കൈക്കലാക്കാന്‍ ശേഷിയുള്ള പാര്‍ട്ടികളും ഇവിടെ കുറവാണ്. ചെറുതും വലുതുമായ കക്ഷികള്‍ ഏറെയുണ്ട് കേരളത്തില്‍. ഒക്കെയും രണ്ടു മുന്നണികളിലായി അണിനിരന്നിരിക്കുന്നു. കാലാകാലങ്ങളില്‍ കക്ഷികള്‍ അങ്ങോട്ടുമിങ്ങോട്ടും മുന്നണി മാറിയിട്ടുണ്ട്. 1980-ല്‍ കേരളാ കോണ്‍ഗ്രസ് മാണിവിഭാഗം ഇടതു മുന്നണിയുടെ ഭാഗമായിരുന്നു. ഇ.കെ നായനാര്‍ സര്‍ക്കാരില്‍ കെ.എം മാണി മന്ത്രിയുമായി. കോണ്‍ഗ്രസില്‍ നിന്നകന്ന ആന്റണി വിഭാഗവും അന്ന് ഇടതുമുന്നണിയിലായിരുന്നു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ദീര്‍ഘകാലം ഇടതു മുന്നണിയില്‍ കഴിഞ്ഞു. അവസാനം മാണി ഗ്രൂപ്പില്‍ ലയിച്ചു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ പി.ജെ ജോസഫും മാണിയോടൊപ്പം മന്ത്രിയായി. ജോസഫ് വന്നതുകൊണ്ടു കിട്ടിയ രണ്ടു സീറ്റായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു നിയമസഭയിലുണ്ടായിരുന്ന ഭൂരിപക്ഷം.
അതാണ് കേരളത്തിലെ ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ പ്രത്യേകത. മുന്നണി രാഷ്ട്രീയത്തിന്റെ നല്ലൊരു പരീക്ഷണ ശാലയാണ് കേരളം എന്നു പറയാം. തെരഞ്ഞെടുപ്പില്‍ മുന്നണികളെ മാറിമാറി വിജയിപ്പിക്കുന്നതില്‍ കേരളീയര്‍ വലിയ ശ്രദ്ധ കാണിക്കുന്നു. അതുകൊണ്ടു തന്നെ മുന്നണി നേതൃത്വങ്ങള്‍ തങ്ങളുടെ ശക്തിയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ പെടാപ്പാടു പെടുന്നു. രണ്ടു മുന്നണികള്‍ക്കുമിടയില്‍ ഇടം കണ്ടെത്തി മുന്നേറ്റം നടത്താന്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എയും ആവതു ശ്രമിക്കുന്നുണ്ട്. പക്ഷേ ഏറെക്കുറെ തുല്യ ശക്തികളായി എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം നോക്കി നില്‍ക്കുമ്പോള്‍ എന്‍.ഡി.എ മുന്നോട്ടു വളരാനാവാതെ നില്‍ക്കുന്നു. എന്‍.ഡി.എയില്‍ ചേരാന്‍ മുഖ്യധാരാകക്ഷികളും തയാറാവുന്നില്ല.
വി.എസ്. അച്യുതാനന്ദന്‍ ഗവണ്‍മെന്റില്‍ ജലസേചന മന്ത്രിയായിരുന്ന എന്‍.കെ പ്രേമചന്ദ്രന്‍ ഇടതുമുന്നണി വിട്ടത് കൊല്ലം ലോക്‌സഭാ സീറ്റിന്റെ പേരിലാണ്. യു.ഡി.എഫിലായിരുന്ന ആര്‍.എസ്.പിയുമായി ലയിച്ച് പ്രേമചന്ദ്രന്‍ കൊല്ലത്തു തന്നെ മത്സരിച്ചു ജയിച്ചു. പക്ഷേ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി കനത്ത പരാജയം ഏറ്റുവാങ്ങി. ആര്‍.എസ്.പിയുടെ തട്ടകമായ കൊല്ലം ജില്ലയില്‍ എല്ലാ സീറ്റും ഇടതുപക്ഷം കൈക്കലാക്കി. എക്കാലവും ആര്‍.എസ്.പിയുടെ കേന്ദ്രമായിരുന്ന ചവറ പോലും കൈവിട്ടുപോയി. ഇതു കേരള രാഷ്ട്രീയത്തിന്റെ, ഐക്യ മുന്നണി രാഷ്ട്രീയത്തിന്റെ, സ്വാഭാവികമായ ഒരു കാഴ്ച. മുന്നണിയേതായാലും സൂക്ഷിച്ചു കളിച്ചില്ലെങ്കില്‍ പണിപോകും. ശബരിമല വിഷയം മറ്റൊരുദാഹരണം. സുവര്‍ണാവസരമെന്നു കരുത്തിത്തന്നെയാണ് ശബരിമല വിഷയം ബി.ജെ.പി ആളിക്കത്തിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍.ഡി.എ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതും സുവര്‍ണ പ്രതീക്ഷകളോടെ. സംസ്ഥാനത്ത് നെടുങ്കന്‍ വനിതാ മതില്‍ കെട്ടപ്പടുത്ത സി.പി.എമ്മിനും ഇടതു മുന്നണിക്കും വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ഫലം വന്നപ്പോള്‍ 19 സീറ്റുമായി ഐക്യ ജനാധിപത്യ മുന്നണി ചരിത്രം സൃഷ്ടിച്ചു. ബി.ജെ.പിക്കു വട്ടപൂജ്യം.
ഈ സാഹചര്യത്തിലാണ് ജോസ് കെ. മാണിയുടെ രാഷ്ട്രീയക്കളി കാണേണ്ടത്. യു.ഡി.എഫ് നേതൃത്വത്തിന്റെ അശ്രദ്ധ ഒന്നു കൊണ്ടു മാത്രമാണ് ജോസ് കെ. മാണി മുന്നണി വിട്ടത്. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ശിഷ്ടകാല ഭരണം എന്ന തീരെ നിസാരമായ തര്‍ക്കത്തിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ പുറത്തുനിര്‍ത്തുന്നതായി യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. പി.ജെ ജോസഫുമായി ഇടഞ്ഞ ജോസ് കെ. മാണിയെ അടക്കി നിര്‍ത്താനോ ആശ്വസിപ്പിക്കാനോ നേതാക്കള്‍ക്കാര്‍ക്കും കഴിഞ്ഞില്ല. പി.ജെ ജോസഫിനെ നിയന്ത്രിക്കാനുമായില്ല.
ഐക്യമുന്നണി രാഷ്ട്രീയം ഇങ്ങനൊക്കെയാണ്. ഘടകകക്ഷികളെയൊക്കെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കി മുന്നോട്ടു കൊണ്ടുപോകാന്‍ മുന്നണിയുടെ നേതൃ പാര്‍ട്ടിക്കും നേതാക്കള്‍ക്കും കഴിയണം. പല പാര്‍ട്ടികള്‍ ചേരുമ്പോഴാണ് ഒരു മുന്നണിയുണ്ടാവുന്നത്. ഓരോ പാര്‍ട്ടിക്കും ഓരോ തരം നയ പരിപാടികളും കാഴ്ചപ്പാടുകളുമുണ്ടാവും. പല പാര്‍ട്ടികള്‍ ഒരു മുന്നണിയിലാവുമ്പോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും യോജിപ്പുള്ള മേഖലകള്‍ കണ്ടെത്തി ഒരു പൊതുപരിപാടി രൂപീകരിക്കുകയും വേണം. പാര്‍ട്ടികള്‍ തമ്മിലും നേതാക്കള്‍ തമ്മിലും സൗഹൃദവും പരസ്പര ബഹുമാനവും ഉറപ്പു വരുത്തുകയും വേണം.
2004-ല്‍ കോണ്‍ഗ്രസിനു സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം പിന്തുണ കൊടുക്കുകയും ഒരു കോമണ്‍ മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യു.പിഎ രൂപീകരിക്കുകയും ചെയ്തത് ഏറ്റവും മികച്ച ഉദാഹരണമായി ആദ്യമേ ചൂണ്ടിക്കാട്ടിയത് ഇതുകൊണ്ടാണ്. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും സോണിയാഗാന്ധിയും തമ്മിലുണ്ടായിരുന്ന അടുത്ത സൗഹൃദവും പരസ്പര ബഹുമാനവുമായിരുന്നു ഒന്നാം യു.പി.എയുടെ അടിസ്ഥാനം. കേരളത്തല്‍ ഐക്യ ജനാധിപത്യ മുന്നണി രൂപപ്പെടുത്തിയെടുത്ത കെ. കരുണാകരന്‍ എല്ലാ കക്ഷികളുടെയും നേതാക്കളെ ഒന്നിച്ചു കൊണ്ടുപോയി. എന്‍.ഡി.പി, എസ്.ആര്‍.പി, ആര്‍.എസ്.പി എന്നിങ്ങനെയുള്ള ഘടകകക്ഷികളും ആര്‍. ബാലകൃഷ്ണപിള്ള, ടി.എം ജേക്കബ് എന്നിവരെ പോലെയുള്ള നേതാക്കളും കരുണാകരന്റെ കീഴില്‍ ഒതുങ്ങി നിന്നു. എന്തിനു, സാക്ഷാല്‍ എം.വി രാഘവനും കെ.ആര്‍ ഗൗരിയമ്മയും പോലും. 1995-ല്‍ ഐക്യജനാധിപത്യ മുന്നണി സ്വന്തം കൈയിലൊതുക്കിയ ഉമ്മന്‍ ചാണ്ടി ഒരു വശത്ത് കെ.എം മാണിയെയും മറുവശത്ത് പി.കെ കുഞ്ഞാലികുട്ടിയെയും ചേര്‍ത്തുനിര്‍ത്തി. ഇന്നിപ്പോള്‍ യു.ഡി.എഫ്. നേതൃത്വം പകച്ചുനില്‍ക്കുകയാണ്. ജോസ് പോവുമ്പോള്‍ എന്താണ് സംഭവിക്കുക? എന്തും സംഭവിക്കാം. ഐക്യമുന്നണി രാഷ്ട്രീയം വിളഞ്ഞു പൂത്തുലയുന്ന നാടാണിത്. മുന്നണി രാഷ്ട്രീയത്തിന്റെ തലപ്പത്തുള്ളവര്‍ വളരെ സൂക്ഷിച്ചുവേണം രാഷ്ട്രീയം കളിക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."