പകല്‍ തുന്നല്‍കാരന്‍; രാത്രിയില്‍ കൊലയാളി
ഭോപ്പാല്‍: ആദേശ് ഖംറ എന്ന തുന്നല്‍കാരനെപ്പറ്റി പാവം എന്നല്ലാതെ നാട്ടുകാര്‍ക്ക് വിശേഷിപ്പിക്കാനില്ലായിരുന്നു. ഭോപ്പാലിലെ തന്റെ ചെറിയ കടയിലിരുന്ന് വസ്ത്രങ്ങള്‍ തയ്ച്ച് കുടുംബം പോറ്റുന്നവനെന്നാണ് എല്ലാവര്‍ക്കും ഇയാളെക്കുറിച്ച് പറയാനുള്ളത്. പകല്‍ സമയങ്ങളില്‍ തന്റെ ടൈലറിങ് ഷോപ്പിലിരിക്കുന്ന ഈ പാവം തുന്നല്‍ക്കാരന്‍ ചില്ലറക്കാരനല്ലെന്നാണ് ഇപ്പോള്‍ പൊലിസ് പറയുന്നത്.
രാത്രിയില്‍ പുറത്തിറങ്ങുന്ന ഇയാള്‍ തുന്നാനുള്ള സൂചിക്കുപകരം കൈയ്യില്‍ കരുതുന്നത് മഴുവാണ്. 2010 മുതലാണ് ഇയാള്‍
കൊലയാളിയാകുന്നത്. ആദ്യ കൊല നടത്തിയത് അമരാവതിയിലാണ്. പിന്നീട് നാസിക്കില്‍. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബിഹാറിലുമെല്ലാം ഇയാള്‍ തന്റെ കൊലപാതക പരമ്പരകളുമായി എത്തിയിട്ടുണ്ട്. എന്നാല്‍ ഓരോ കൊലപാതകങ്ങളിലും സമാനതകളില്ലാത്ത രീതിയിലാണ് ഇയാള്‍ തെളിവുകളില്ലാതാക്കിയത്. ഇയാളുടെ ആക്രമണത്തിന് ഇരയായതാകട്ടെ ട്രക്ക് ഡ്രൈവര്‍മാരും സഹായികളുമാണ്. എന്നാല്‍ ആരുംതന്നെ അക്രമി പാവം തുന്നല്‍കാരനാണെന്ന് ചിന്തിച്ചിരുന്നില്ല.
കഴിഞ്ഞ ആഴ്ചയാണ് പൊലിസ് ഇയാളെ നാടകീയമായി പിടികൂടുന്നത്. പിടിയിലായ ഇയാള്‍ പറഞ്ഞതുകേട്ട് പൊലിസുപോലും ഞെട്ടിയിട്ടുണ്ട്. 33 കൊലപാതകങ്ങള്‍ താന്‍ നടത്തിയതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വച്ചാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്.
ഓരോരുത്തരേയും കൊലപ്പെടുത്തുമ്പോള്‍ അയാള്‍ക്ക് എല്ലാ വേദനയില്‍ നിന്നും താന്‍ മുക്തി നല്‍കിയെന്നു പറഞ്ഞ് ആദേശ് ഖംറ ചിരിക്കുമെന്ന് ഇയാളുടെ സഹായിയായ ജയാകരന്‍ പൊലിസിനോട് പറഞ്ഞു.
അതേസമയം ഇയാള്‍ കൊലപാതകിയാണെന്ന വാര്‍ത്ത വിശ്വസിക്കാന്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."