സര്‍ക്കാര്‍ പരിപാടികളില്‍ പ്ലാസ്റ്റിക് വേണ്ട
തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ നിന്നു പ്ലാസ്റ്റിക്കിനെ പടിയിറക്കാന്‍ തീരുമാനം. ഇതിന്റെ ആദ്യപടിയായി പരിപാടികളില്‍ വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് ബോട്ടില്‍ കുടിവെള്ളം നിരോധിക്കും. സിക്കിം മോഡല്‍ പദ്ധതി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് ശുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ. വാസുകി സര്‍ക്കാരിന് കത്തു നല്‍കി.
അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തതിനു ശേഷം എല്ലാ വകുപ്പുമേധാവികള്‍ക്കും സര്‍ക്കുലര്‍ അയക്കും. തദ്ദേശ സ്ഥാപനങ്ങള്‍ മുതലുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലെയും പരിപാടികളില്‍ നിന്ന് പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്നും പ്രധാനമായും പ്ലാസ്റ്റിക് ബോട്ടില്‍ കുടിവെള്ളം ഉപയോഗിക്കാനേ പാടില്ലെന്നുമാണ് സര്‍ക്കാര്‍ സര്‍ക്കുലറിലൂടെ ആവശ്യപ്പെടാന്‍ പോകുന്നത്. കഴിഞ്ഞ മേയില്‍ സിക്കിം സര്‍ക്കാര്‍ പ്ലാസ്റ്റിക് ബോട്ടില്‍ കുടിവെള്ളമുള്‍പ്പെടെ പ്ലാസ്റ്റിക്കുകള്‍ സര്‍ക്കാര്‍ പരിപാടിയില്‍ നിരോധിച്ചിരുന്നു. പകരം സ്റ്റീല്‍, മണ്‍പാത്രങ്ങളിലാണ് അവിടെ കുടിവെള്ളവും മറ്റും നല്‍കുന്നത്. നേരത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്കും സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലും ഇടതു സര്‍ക്കാരിന്‍െ സത്യപ്രതിജ്ഞാ ചടങ്ങിലും പ്ലാസ്റ്റിക് ബോട്ടില്‍ കുടിവെള്ളവും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും നിരോധിച്ചിരുന്നു.
ഇതു വിജയംകണ്ടിരുന്നു. ഖരമാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ആഴ്ച ശുചിത്വ മിഷന്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുത്ത സിക്കിമിലെ അഡീഷനല്‍ കലക്ടര്‍മാരായ ബേനു ഗൂരങ്ങും റോഷിനി റായിയുമായി ആലോചിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോ. വാസുകി സര്‍ക്കാരിന് കത്തു നല്‍കിയത്. ഒരു വര്‍ഷം മുമ്പാണ് സിക്കിമില്‍ പ്ലാസ്റ്റിക് ഫ്രീ കാംപയിന്‍ ആരംഭിച്ചത്. പ്രാദേശിക വികസനവകുപ്പിന്റെ നേതൃത്വത്തില്‍ 176 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതു വിജയം കണ്ടതിനെ തുടര്‍ന്നാണു കഴിഞ്ഞ മേയില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന സ്വകാര്യ പരിപാടികള്‍ ഉള്‍പ്പെടെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിലും ആദ്യം സര്‍ക്കാര്‍ പരിപാടികളില്‍ നിന്നു പ്ലാസ്റ്റിക്കിനെ പടിയിറക്കിയ ശേഷം മറ്റു മേഖലകളിലേക്കു വ്യാപിപ്പിക്കാനാണ് ശുചിത്വമിഷന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."