വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്
തിരുവനന്തപുരം: പ്രളയാനന്തര കാലത്തെ കേരളത്തിലേക്ക് ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ എത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 4.14 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ജനുവരി,മാര്‍ച്ച് മാസങ്ങളില്‍ 4,22,469 വിദേശ വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്. എന്നാല്‍ 2018ല്‍ ഇക്കാലയളവില്‍ 4,40,694 പേര്‍ എത്തിയിരുന്നു.
കോവളവും വര്‍ക്കലയും ഉള്‍പ്പെടുന്ന തിരുവനന്തപുരം ജില്ലയില്‍ 27,760 സഞ്ചാരികളുടെ കുറവുണ്ടായി. 2018 ലെ ആദ്യ പാദത്തില്‍ 1,36,547 വിദേശ സഞ്ചാരികള്‍ എത്തിയിരുന്നിടത്ത് ഇത്തവണ എത്തിയത് 1,08,787 പേരാണ്. എറണാകുളത്തും 22,667 സഞ്ചാരികളുടെ കുറവുണ്ടായി.
എന്നാല്‍ ഇടുക്കിയില്‍ 8,976, ആലപ്പുഴയില്‍ 8,541, കോട്ടയത്ത് (കുമരകം) 9,593 എന്നിങ്ങനെ വിദേശ സഞ്ചാരികള്‍ കൂടുതലായെത്തി. കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലും വര്‍ധനവുണ്ടായി.
അതേസമയം ഇക്കാലയളവിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 6.82 ശതമാനം വര്‍ധനവുണ്ടായി. 46,12,937 ആഭ്യന്തര വിദേശ വിനോദസഞ്ചാരികളാണ് കേരളത്തിന്റെ പ്രകൃതിസൗന്ദര്യം നുകരാനെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 43,18,406 സഞ്ചാരികളായിരുന്നു എത്തിയത്. ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇടുക്കിയില്‍ 3,43,938 (2018ല്‍ 2,48,052) ആലപ്പുഴയില്‍ 1,80,562 (1,32,442), കണ്ണൂരില്‍ 2,10,247 (1,84,389), കോഴിക്കോട് 3,20,795 (2,76,188) സഞ്ചാരികളുമാണ് സന്ദര്‍ശിച്ചത്.
കൊല്ലം, കോട്ടയം, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലും ചെറിയ വര്‍ധനയുണ്ട്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ് ആഭ്യന്തര സഞ്ചാരികളുടെ കാര്യത്തില്‍ പിന്നിലേക്കു പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."