ഇറാന്റെ ന്യൂക്ലിയര്‍, ബാലിസ്റ്റിക് മിസൈല്‍ മേഖലക്കും ലോകത്തിനും ഭീഷണിയെന്ന് അറബ് ലോകം
മക്ക: ഇറാനെതിരേ അറബ് ശക്തികള്‍ ഒന്നിച്ച് പോരാടുമെന്ന് വ്യക്തമാക്കി ജി.സി.സി, അറബ് ഉച്ചകോടിക്ക് സമാപനം. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വിളിച്ചു ചേര്‍ത്ത അടിയന്തര ഉച്ചകോടിയിലാണ് ഇറാനെതിരേ അറബ് ഐക്യം സാധ്യമാക്കുന്നതില്‍ സഊദി വിജയം കണ്ടത്.
ഇറാനെതിരായ അമേരിക്കന്‍ നീക്കത്തിന് പരോക്ഷമായി പിന്തുണ നല്‍കുകയും ഇറാനെ നിലക്ക് നിര്‍ത്താന്‍ അറബ് രാജ്യങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം ഉച്ചകോടി നേടിയതായാണ് വിലയിരുത്തല്‍. ഇറാഖ് മാത്രമാണ് ഇറാനെതിരായ നീക്കത്തില്‍ എതിര്‍ ശബ്ദമുയര്‍ത്തിയത്. അടിയന്തര യോഗത്തിനുശേഷം അറബ് ഉച്ചകോടിയും ഇറാനെതിരായ പ്രഖ്യാപനം പിന്താങ്ങിയപ്പോള്‍ പ്രമേയം തയാറാക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുന്നതായി ഇറാഖ് അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച നടന്ന ഉച്ചകോടിക്ക് ശേഷം പുറത്തുവിട്ട പ്രസ്താവനയില്‍ ഇറാഖ് എതിര്‍പ്പ് പ്രകടിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരായ പ്രമേയം തയാറാക്കുന്നതില്‍നിന്ന് ഇറാഖ് വിട്ടുനിന്നതും ഉപരോധം രണ്ടുവര്‍ഷം പിന്നിട്ട ശേഷമെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യവും ഉച്ചകോടിയില്‍ ശ്രദ്ധേയമായി. മേഖലയില്‍ അസ്വസ്ഥത പടരുന്ന സാഹചര്യത്തില്‍ ഇറാനെതിരെ യു.എസ് നടത്തുന്ന നീക്കങ്ങള്‍ക്ക് ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചു. യുദ്ധമൊഴിവാക്കി ഇറാനെ നിലക്ക് നിര്‍ത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഉച്ചകോടി ഫലസ്തീനുള്ള പിന്തുണയും ആവര്‍ത്തിച്ചു.
ഇറാന്റെ ന്യൂക്ലിയര്‍, ബാലിസ്റ്റിക് മിസൈല്‍ മേഖലക്കും ലോക സുരക്ഷക്കും ഭീഷണിയാണെന്ന് സല്‍മാന്‍ രാജാവ് ഉച്ചകോടിയില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ ഇറാന്‍ നടത്തിയ ആക്രമണം ലോക എണ്ണ വിതരണത്തിനുനേരെയും യു.എന്‍ തീരുമാനങ്ങള്‍ക്കും എതിരാണ്. നമ്മള്‍ പരസ്പരം സഹകരിച്ച് എല്ലാ പ്രതിസന്ധികളെയും നേരിടും. ഇറാന്‍ ഭരണകൂടം മറ്റു രാജ്യങ്ങളില്‍ ഇടപെടുകയാണ്. ആണവായുധം കൈക്കലാക്കുന്നതിലും അന്താരാഷ്ട്ര നാവിക സംവിധാനത്തിലും അവര്‍ ഭീഷണിയാണ്. ഇതിനെ നാം ഒറ്റക്കെട്ടായി നേരിടും- സല്‍മാന്‍ രാജാവ് ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.
മേഖലയില്‍ അതി സങ്കീര്‍ണമായ സ്ഥിതി വിശേഷത്തിലാണ് ഗള്‍ഫ് ഉച്ചകോടി ചേരുന്നതെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ സയാനി പറഞ്ഞു. മേഖലയില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ പരിശോധിക്കണമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗൈത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."