ദുര്‍ഗാദേവിയുടെ രൂപത്തില്‍ കമലാ ഹാരിസിന്റെ ചിത്രം; ക്ഷമാപണം ആവശ്യപ്പെട്ട് യു.എസിലെ ഹിന്ദു സംഘടനകള്‍
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി കമല ഹാരിസിനെ ദുര്‍ഗ ദേവിയായി ചിത്രീകരിച്ചു കൊണ്ടുളള ചിത്രം ട്വീറ്റ് ചെയ്ത കമലയുടെ അനന്തരവള്‍ മീന ഹാരിസിനോട് ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ട് യു.എസിലെ ഹിന്ദു സംഘടനകള്‍. ഫിനോമിനല്‍ വിമന്‍ ആക്ഷന്‍ ക്യാംപെയ്ന്‍ എന്ന സംഘടനയുടെ സ്ഥാപക കൂടിയായ മീന, ചിത്രം വിവാദമായതോടെ ട്വീറ്റ് നീക്കം ചെയ്തു.
ദുര്‍ഗാദേവിയുടെ ചിത്രത്തിന്റെ മുഖത്തിന്റെ സ്ഥാനത്ത് കമലയുടെ ചിത്രം വെച്ചാണ് മീന ട്വീറ്റ് ചെയ്തത്.
ഹിന്ദു വികാരങ്ങളെ മുറിപ്പെടുത്തുന്നതാണ് ട്വീറ്റെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അംഗം സുഹാങ് എ ശുക്ല അഭിപ്രായപ്പെട്ടു.
ഹിന്ദു അമേരിക്കന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന എച്ച്എഎഫ്, മതവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ വാണിജ്യപരമായ ഉപയോഗത്തിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ചിത്രം മീന ഹാരിസ് തന്നെ സൃഷ്ടിച്ചതല്ലെന്ന് ഹിന്ദു അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയിലെ ഋഷി ഭൂട്ടാഡ പറഞ്ഞു. അവരുടെ ട്വീറ്റിന് മുമ്പായി ഇത് വാട്ട്സ്ആപ്പില്‍ പ്രചരിച്ചിരുന്നു, കൂടാതെ തങ്ങളല്ല ചിത്രം സൃഷ്ടിച്ചതെന്ന് ബൈഡന്‍ ക്യാമ്പെയ്ന്‍ സ്ഥിരീകരിച്ചതായും ഋഷി അറിയിച്ചു.
ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും മീന ഹാരിസ് ക്ഷമാപണം നടത്തണമെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങളുടെ മതപരമായ പ്രതിരൂപം അമേരിക്കയിലെ രാഷ്ട്രീയ സേവനത്തില്‍ ഉപയോഗിക്കരുത്. 2018ല്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജി.ഒ.പി. ഒരു പരസ്യത്തിനായി ഇപ്രകാരം തയ്യാറാക്കിയപ്പോഴും ഇതേ കാര്യം പറഞ്ഞിരുന്നു.' ഋഷി പറയുന്നു.
മീന ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ദുര്‍ഗാ ദേവിയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന കമല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുന്ന രംഗമാണുള്ളത്. ചിത്രത്തിലെ സിംഹത്തിന്റെ മുഖം ബെഡനും.
നവരാത്രി ആരംഭിക്കുന്ന ദിവസം യു.എസിലെ ഹിന്ദു സമൂഹത്തെ ജോ ബൈഡനും അഭിവാദ്യം ചെയ്തിരുന്നു. തിന്മക്കെതിരായ നന്മയുടെ വിജയത്തിനായി അവര്‍ ആശംസകളും നേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."