പ്രളയം: സ്കൂള്‍ വിദ്യാര്‍ഥികള്‍ നല്‍കിയത് 13 കോടിയോളം രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെയുള്ള കണക്ക് പ്രകാരം സ്കൂള്‍ വിദ്യാര്‍ഥികളുടെ സംഭാവന 12.8 കോടി രൂപ. രണ്ടു ദിവസമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളുള്ള സ്കൂളുകളിലെ കുട്ടികളില്‍നിന്നു ശേഖരിച്ച തുക വൈകിട്ട് ആറുവരെ കൈറ്റിന്റെ 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ രേഖപ്പെടുത്തിയ കണക്കാണിത്.
കണക്ക് രേഖപ്പെടുത്തിയ 12,855 സ്കൂളുകളില്‍ 212 സ്കൂളുകള്‍ (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) ഒഴികെ മുഴുവനും സംസ്ഥാന സിലബസില്നിന്നുള്ളവയാണ്. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയ സ്കൂള്‍ കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസാണ്. 10.05 ലക്ഷം രൂപയാണ് ഈ സ്കൂള്‍ സ്വരൂപിച്ചത്. ഏറ്റുവും കൂടുതല്‍ തുക നല്കിയ ജില്ല മലപ്പുറമാണ്. മലപ്പുറത്തെ സ്കൂളുകളില്‍നിന്നു 2.1 കോടി രൂപയാണ് സമാഹരിച്ചത്.
പല സ്കൂളുകളും തുക അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ശേഖരിച്ച കൃത്യമായ കണക്ക് ഇന്നു മാത്രമേ ലഭ്യമാകൂ. തുക അടയ്ക്കുന്ന സമയത്തു ചില എസ്.ബി.ഐ ശാഖകളില്‍നിന്നു സാങ്കേതിക അസൗകര്യങ്ങള്‍ കാരണം ശേഖരിച്ച സര്‍വിസ് ചാര്‍ജ് ദുരിതാശ്വാസ ഫണ്ടില്‍തന്നെ നിക്ഷേപിക്കുമെന്ന് എസ്.ബി.ഐ അധികൃതര്‍ അറിയിച്ചു.
അന്‍പതു ലക്ഷത്തോളം കുട്ടികളില്‍നിന്ന് ഒരേസമയം റിലീഫ് ഫണ്ട് ശേഖരിക്കുന്നതും അവയുടെ തത്സമയ കണക്കെടുപ്പ് ഓണ്‍ലൈനായി നടത്തുന്നതും സംസ്ഥാനത്ത് ആദ്യമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."