വൈറസും വവ്വാലും
കൊറോണയുള്‍പ്പെടെയുള്ള വൈറസ് വ്യാപനം ലോകത്തുണ്ടാകുന്ന സമയത്ത് ഭീകരന്മാരായി മുദ്ര കുത്തിയ ജീവികളില്‍ ഒന്നാണ് വവ്വാല്‍. പറക്കുന്ന ഏക സസ്തനി എന്ന ബഹുമതി വവ്വാലിനാണ്. കൊതുകുകള്‍ ഉള്‍പ്പെടെ മനുഷ്യന് ഉപദ്രവകാരികളായ പല ജീവികളേയും ഭക്ഷിക്കുന്ന വവ്വാലിനെക്കുറിച്ച്
അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ കാണപ്പെടുന്ന വാമ്പയര്‍ വവ്വാലുകള്‍ മനുഷ്യനുള്‍പ്പെടെയുള്ള സസ്തനികളുടെ രക്തം കുടിച്ചാണ് ജീവിക്കുന്നത്. ഇരയുടെ ശരീരത്തില്‍ നേര്‍ത്ത മുറിവുണ്ടാക്കിയ ശേഷം രക്തം വലിച്ച് കുടിക്കുകയാണ് വാമ്പയറുകള്‍ ചെയ്യുന്നത്. രക്തം കുടിച്ചാല്‍ പോലും ഇരയ്ക്ക് ഈ കാര്യം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാറില്ല. അമേരിക്കന്‍ വന്‍കരയില്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന് കന്നുകാലികളെ വാമ്പയറുകള്‍ ആക്രമിച്ച് രക്തം കുടിക്കാറുണ്ട്. വാമ്പയറുകള്‍ ജീവികളെ കൊല്ലില്ലെങ്കിലും പേവിഷ ബാധ പോലുള്ള പല രോഗങ്ങളും പരത്താന്‍ ഇവയ്ക്ക് കഴിയും.
കടവാതിലും നരിച്ചീറും
ചൈറാപ്‌ടെറാ ജീവി വിഭാഗത്തിലാണ് വവ്വാലുകള്‍ ഉള്‍പ്പെടുന്നത്. മെഗാ ചൈറോപ്‌ടെറാ, മൈക്രോ ചൈറാപ്‌ടെറാ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് വവ്വാലുകളിലുള്ളത്. മെഗാ ചൈറോപ്‌ടെറാ വവ്വാലുകള്‍ പഴവര്‍ഗങ്ങള്‍ ഭക്ഷിക്കുന്നവയാണ്. ഇവയെ കടവാതില്‍ എന്നാണ് നമ്മുടെ നാട്ടില്‍ വിളിക്കുന്നത്. മൈക്രോ ചൈറാപ്‌ടെറാ വവ്വാലുകളാവട്ടെ ചെറുജീവികളേയും മറ്റുമാണ് ഭക്ഷിക്കുന്നത്. നരിച്ചീറുകള്‍ എന്നാണ് മൈക്രോ ചൈറാപ്‌ടെറാ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നത്. പക്ഷികളെ പോലെ നന്നായി പറക്കാന്‍ കഴിയുന്ന ഏക സസ്തനികൂടിയാണ് വവ്വാലുകള്‍. വവ്വാലിന്റെ കൈകള്‍ക്കും ശരീരത്തിനുമിടയിലുള്ള ചര്‍മമാണ് ഇവയെ പറക്കാന്‍ സഹായിക്കുന്നത്. രണ്ട് ഗ്രാമോളം ഭാരമുള്ള കിറ്റി ഹോഗ് നോസ്ഡ് വവ്വാല്‍ (ബംബിള്‍ ബീ ബാറ്റ്) തൊട്ട് ഫിലിപ്പൈന്‍സില്‍ കാണപ്പെടുന്ന ഒരു കിലോയിലേറെ ഭാരം വരുന്ന ഗോള്‍ഡന്‍ ക്രൗണ്ട് ഫ്‌ളയിംഗ് ഫോക്‌സ് വരെയുള്ള ഭീമാകാരന്‍ വവ്വാലുകള്‍ വരെ ഈ ശ്രേണിയിലുണ്ട്.
പ്രതി വവ്വാലോ?
ലോകത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്തും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ജീവിയാണ് വവ്വാല്‍. ഇതിനൊരു കാരണമുണ്ട്. പല വൈറസുകളുടേയും നാച്വറല്‍ റിസര്‍വോയറാണ് വവ്വാലിന്റെ ശരീരം.
വവ്വാല്‍ രോഗാണുക്കളെ ശരീരത്തില്‍ കൊണ്ടു നടക്കുമെങ്കിലും രോഗാണുക്കള്‍ വവ്വാലിനെ കീഴ്‌പ്പെടുത്തില്ല. ഇതിന് കാരണമാകുന്നത് കോ എവല്യൂഷന്‍ എന്ന ഗാഢബന്ധമാണ്. അതായത് രണ്ടു ജീവി വിഭാഗങ്ങള്‍ പരസ്പര സഹകരണത്തോടെ പരിണാമത്തിന് വിധേയമാകുന്ന അവസ്ഥയാണിത്. പ്രാചീനകാലം തൊട്ടേ ഭൂമുഖത്തുണ്ടായിരുന്ന വവ്വാലുകളും വൈറസുകളും പരസ്പരം സഹകരണത്തോടെ ജീവിക്കുകയാണ് കോ എവല്യൂഷനിലൂടെ സംഭവിക്കുന്നത്. വവ്വാലുകളുടെ പ്രതിരോധ ശേഷി കുറയുന്ന സമയത്ത് രോഗാണുക്കള്‍ വവ്വാലിന്റെ ശരീരത്തില്‍നിന്നു പുറത്തെത്തുമെങ്കിലും ആ വൈറസുകള്‍ വവ്വാലിന് രോഗമുണ്ടാക്കില്ല. വവ്വാല്‍ രോഗം വന്ന് ഇല്ലാതായാല്‍ വൈറസുകള്‍ക്ക് പിന്നെ ജീവിക്കാന്‍ കഴിയില്ലല്ലോ.
കൊറോണ മാത്രമല്ല നിപ്പയും എബോളയും സാര്‍സും മെര്‍സും റാബീസുമൊക്കെ വന്നപ്പോള്‍ പ്രതിപ്പട്ടികയില്‍ വവ്വാലും വന്നിരുന്നു. എന്നാല്‍ വവ്വാല്‍ വൈറസ് രോഗം പരത്തുമോ എന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്.
എക്കോലൊക്കേഷന്‍
രാത്രിയിലാണല്ലോ വവ്വാലുകള്‍ ഇരതേടാനെത്തുന്നത്. വവ്വാലുകള്‍ നല്ല കാഴ്ച്ചശക്തിയുള്ളവരാണെങ്കിലും ഇവയ്ക്ക് നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ല. എക്കോ ലൊക്കേഷന്‍ എന്ന സൂത്രവിദ്യയാണ് വവ്വാലുകള്‍ ഇരതേടാനായി പ്രയോഗിക്കുന്നത്. വവ്വാലിന്റെ ലാറിന്‍ക്‌സില്‍നിന്നു പുറത്തു വരുന്ന 20-200 കിലോഹെര്‍ട്‌സ് പരിധിയിലുള്ള അള്‍ട്രാസോണിക് ശബ്ദവീചികളാണ് ഇവയെ ഇതിനായി സഹായിക്കുന്നത്. ശബ്ദവീചികള്‍ സഞ്ചാര പാതയിലെ പ്രതിബന്ധങ്ങളില്‍ തട്ടി പ്രതിധ്വനിക്ക് വിധേയമാകുന്നതിന് അനുസരിച്ചാണ് വവ്വാലിന്റെ സഞ്ചാരം സുഗമമാകുന്നത്. സോണാര്‍ സാങ്കേതിക വിദ്യ എക്കോലൊക്കേഷന്റെ മറ്റൊരു പതിപ്പാണെന്നു പറയാം. എക്കോ ലൊക്കേഷന്‍ ഉപയോഗിച്ച് ഇരകളേയും ശത്രുക്കളേയും വവ്വാലുകള്‍ വേഗത്തില്‍ മനസിലാക്കുന്നു. ഒരു സമയത്തുള്ള ശബ്ദത്തിനു പകരം ശബ്ദ പരമ്പരകള്‍ സൃഷ്ടിച്ചാണ് വവ്വാല്‍ ഇരയുടേയും ശത്രുവിന്റെയും സ്ഥാനം നിര്‍ണയിക്കുന്നത്. സോണാറിന്റെയും അള്‍ട്രാസൗണ്ടിന്റെയും കണ്ടെത്തലില്‍ വവ്വാല്‍ മനുഷ്യര്‍ക്ക് പ്രചോദനം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."