നാടന്‍ കുരുമുളക് ഇനങ്ങളുടെ ജീന്‍ ബാങ്കുമായി വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി
തലപ്പുഴ: നാടന്‍ കുരുമുളക് ഇനങ്ങളുടെ ജീന്‍ ബാങ്കുമായി വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി. തലപ്പുഴക്കടുത്ത് ബോയ്‌സ്ടൗണില്‍ ഒരേക്കറിലാണ് സൊസൈറ്റിയുടെ ജീന്‍ബാങ്ക്. വയനാട്ടിലും നീലഗിരി, കൂര്‍ഗ് ഉള്‍പ്പെടെ സമീപ ജില്ലകളില്‍നിന്ന് ശേഖരിച്ച 41 ഇനം കുരുമുളക് ഇനങ്ങളാണ് ഇതിലുള്ളത്.
കരിങ്കോട്ട, വാലന്‍കോട്ട, ഐമ്പിരിയന്‍, ജീരകമുണ്ടി, കല്ലുവള്ളി, പിരിയന്‍ കല്ലുവള്ളി, വയനാടന്‍ ബോള്‍ഡ്, ചെറുമണിയന്‍, നീലമുണ്ടി, കരിമുണ്ട എന്നിങ്ങനെയാണ് കുരുമുളക് ഇനങ്ങളുടെ നിര. കരിമുണ്ടയുടെ മാത്രം ഇരുപതിനടുത്ത് ഇനങ്ങളാണ് ജീന്‍ ബാങ്കിലുള്ളത്.
കാട്ടുകുരുമുളക് ഇനങ്ങള്‍ പുറമെയുമുണ്ട്. വയനാട്ടില്‍ ഒരുകാലത്ത് വ്യാപകമായി കൃഷിചെയ്തിരുന്നതും കാലപ്രയാണത്തില്‍ തോട്ടങ്ങളില്‍ അത്യപൂര്‍വവുമായ കുരുമുളക് ഇനങ്ങളുടെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് ജീന്‍ബാങ്ക് ആസൂത്രണം ചെയ്തതെന്ന് സൊസൈറ്റി പ്രോഗ്രാം ഓഫിസര്‍ പി.എ ജോസ്, ബോട്ടണിസ്റ്റ് കെ.ജെ ബിജു പറഞ്ഞു. വരള്‍ച്ചയെയും രോഗങ്ങളെയും ഒരളവോളം പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് നാടന്‍ കുരുമുളക് ഇനങ്ങള്‍. അത്യുല്‍പാദന ശേഷിയുള്ള ഇനങ്ങളെ അപേക്ഷിച്ച് ഇവക്ക് ആയുസും കൂടുതലാണ്. കാര്‍ഷിക സര്‍വകലാശാലയുടേതടക്കം പരീക്ഷണ ശാലകളില്‍ വികസിപ്പിച്ച അത്യുല്‍പാദന ശേഷിയുള്ള കുരുമുളക് ഇനങ്ങള്‍ ഏകദേശം 20 വര്‍ഷമാണ് മെച്ചപ്പെട്ട വിളവ് നല്‍കുക. എന്നാല്‍ നാടന്‍ ഇനങ്ങളില്‍ നിന്നു 40-50 വര്‍ഷം വിളവ് കിട്ടും. ദ്രുതവാട്ടവും മന്ദവാട്ടവും ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇവ എളുപ്പം കീഴ്‌പ്പെടില്ല.
കുരുമുളക് ഇനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവല്‍കരണം, നടീല്‍ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തല്‍, ജൈവകൃഷി പ്രോത്സാഹനം, വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ബയോ ഡൈനാമിക് ഫാമിങ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കല്‍, വൃക്ഷ ആയുര്‍വേദ കൃഷിരീതി പരിചയപ്പെടുത്തല്‍, പരിശീലനം എന്നിവയും ജീന്‍ ബാങ്കുമായി ബന്ധപ്പെടുത്തി സൊസൈറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്.
ജീന്‍ ബാങ്കിന്റെ പ്രാഥമികഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് സര്‍വേയും ഡാറ്റ ഡോക്യുമെന്റേഷനും നടന്നുവരികയാണെന്ന് സൊസൈറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിക്കുന്ന നടീല്‍വസ്തുക്കള്‍ ജീന്‍ ബാങ്കിലെ നഴ്‌സറികളിലാണ് പരിപാലിക്കുന്നത്. ബയോ ഡൈനാമിക് ഫാമിങ് സിസ്റ്റം സംബന്ധിച്ച് സൊസൈറ്റി സമീപകാലത്ത് ജൈവ കര്‍ഷകര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചിരുന്നു.
ജര്‍മനിയില്‍ നിന്നുള്ള വിദഗ്ധന്‍ ഐസക് നേതൃത്വം നല്‍കിയ ക്ലാസില്‍ ഡോ. എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയം പ്രാവര്‍ത്തികമാക്കുന്ന വാടി പദ്ധതി ഗുണഭോക്താക്കളില്‍ നിന്ന് തെരഞ്ഞെടുത്തവരാണ് പങ്കെടുത്തത്.
വൃക്ഷ ആയുര്‍വേദവുമായി ബന്ധപ്പെട്ട് ലഭ്യമായ രചനകളില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജപ്പെടുന്ന ഭാഗങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് ലഘുലേഖ രൂപത്തില്‍ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് സൊസൈറ്റി.
ജില്ലയില്‍ ജൈവകൃഷി പ്രചാരണ രംഗത്ത് മുന്‍നിരയിലാണ് വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി. 1999ല്‍ സൊസൈറ്റി 98 കര്‍ഷകരുമായി ആരംഭിച്ച ജൈവകൃഷി വ്യാപന പദ്ധതിയില്‍ നിലവില്‍ 13602 അംഗങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."