ഭീകരവാദത്തിനെതിരേ ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് പതിനാലാമത് ഇസ്ലാമിക ഉച്ചകോടി സമാപിച്ചു
ജിദ്ദ: പതിനാലാമത് ഇസ്ലാമിക ഉച്ചകോടിക്ക് ഉജ്വല സമാപനം. ഇതോടെ മക്കയില്‍ നടന്ന മൂന്നു ഉച്ച കോടികളും സമാപിച്ചു. ഭീകരവാദത്തിനെതിരേ ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത ഇസ്ലാമിക ഉച്ചകോടി ഇറാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിച്ചു.
ഒ.ഐ.സി രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടണമെന്ന ആഹ്വാനത്തോടെയാണ് പതിനാലാമത് ഇസ്ലാമിക ഉച്ചകോടി മക്കയില്‍ സമാപിച്ചത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ജി.സി.സി അറബ് ഉച്ചകോടികള്‍ ആഹ്വാനം ചെയ്ത പോലെ ഇറാന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് ഇസ്ലാമിക ഉച്ചകോടിയും ആവശ്യപ്പെട്ടു. ഇതിനു പുറമെ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കെതിരേ കര്‍ശന നിയന്ത്രണം കൊണ്ടുവരണമെന്നും ഇറാനെ ആണവായുധം നിര്‍മിക്കാന്‍ അനുവദിക്കരുത്.
ഗള്‍ഫ് മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്താനും ശ്രമിക്കുന്ന ഇറാന് നടപടിയില്‍ പ്രതിഷേധിച്ചാണ് അടിയന്തര ഗള്‍ഫ്, അറബ് ഉച്ചകോടികള്‍ മക്കയില്‍ വിശുദ്ധ ഹറമിന്റെ അടുത്തുള്ള അല്‍സ്വഫ കൊട്ടാരത്തില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിളിച്ചുചേര്‍ത്തത്.
രാജ്യരക്ഷയും ഭദ്രതയും ലക്ഷ്യമിട്ട നിരവധി വെല്ലുവിളികള്‍ തരണം ചെയ്യുന്നതിനും വെല്ലുവിളികള്‍ക്കിടെയും ആര്‍ജിത നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും സാമ്പത്തിക, സാമൂഹിക വികസനം സാക്ഷാല്‍ക്കരിക്കാനും സഊദി അറേബ്യക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും സാധിച്ചതായി ഉച്ചകോടിയില്‍ സംസാരിച്ച സല്‍മാന്‍ രാജാവ് പറഞ്ഞു. എല്ലാ വെല്ലുവിളികളും ഭീഷണികളും നിശ്ചയദാര്‍ഢ്യത്തോടെ നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും.
ലോകത്ത് തങ്ങളുടെ സ്വാധീനവും ആധിപത്യവും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാലു ദശകമായി ഇറാന്‍ ഭരണകൂടം ഭീകരതക്ക് പിന്തുണ നല്‍കുകയും സുരക്ഷക്കും ഭദ്രതക്കും ഭീഷണി സൃഷ്ടിക്കുകയുമാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളും ചാര്‍ട്ടറുകളും നിരാകരിക്കുന്നു. യു.എ.ഇ തീരത്തു നാലു വാണിജ്യ കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളും സഊദിയില്‍ രണ്ടു എണ്ണ പമ്പിങ് നിലയങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളും ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയും ആര്‍ജിത നേട്ടങ്ങളും സംരക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുന്നു. മേഖലയുടെ സുരക്ഷയും ഭദ്രതയും സമാധാനവുമാണ് സഊദി അറേബ്യ ആഗ്രഹിക്കുന്നത്. യുദ്ധക്കെടുതികളില്‍നിന്ന് മേഖലയെ അകറ്റിനിര്‍ത്താനും സഊദി അറേബ്യ ആഗ്രഹിക്കുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു.
ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച ഉച്ചകോടി യമനിലെ ഹൂതി ഭീകരവാദികള്‍ മക്ക ഉള്‍പ്പെടെയുള്ള പുണ്യസ്ഥലങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതിനെയും അപലപിച്ചു. ഒ.ഐ.സി അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്ദര്‍ഭത്തിലാണ് പതിനാലാമത് ഉച്ചകോടി നടന്നത്. ഭാവിക്ക് വേണ്ടി കൈകോര്‍ക്കുക എന്ന ശീര്‍ഷകത്തിലായിരുന്നു ഉച്ചകോടി. ഇതോടെ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പാശ്ചാതലത്തില്‍ വിളിച്ചു ചേര്‍ത്ത മൂന്നു ഉച്ചകോടികളും സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."