ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കണം: ഉമ്മന്‍ചാണ്ടി
ദോഹ: ഖത്തറില്‍ മതിയായ ഇന്ത്യന്‍ സ്കൂളുകളില്ലാത്തതിനാല്‍ പ്രവാസി രക്ഷിതാക്കള്‍ നേരിടുന്ന പ്രതിസന്ധി ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളാണു രാജ്യത്ത് പ്രവാസികള്‍ക്കായി ലഭ്യമാക്കുന്നത്. എന്നാല്‍ സീറ്റുകളുടെ കുറവ് നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഇതുമൂലം പലര്‍ക്കും മക്കളെ നാട്ടിലയക്കേണ്ടി വരികയോ കുടുംബത്തിനു നാട്ടിലേക്കു മടങ്ങേണ്ടി വരികയോ ചെയ്യുന്ന സാഹചര്യമാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
വിഷയം അനുഭാവത്തോടെ പരഗണിച്ച പ്രധാനമന്ത്രി ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്കി.
ഖത്തറിലെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവരുടെ ഖത്തറിലെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയും സന്തോഷവും രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഇന്ത്യയിലെ പുരോഗതികളെക്കുറിച്ചും അന്വേഷിച്ചു.
രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കുകയും നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നതിലുള്ള കേരളീയരുടെ സന്തോഷം പ്രധാനമന്ത്രിയെ അറിയിച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സാധാരണക്കാര്‍ക്ക് സഹായകമായ രീതിയില്‍ ഐ സി സി ആസ്ഥാനത്ത് നടന്നു വരുന്ന ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ നിലനിര്‍ത്താനും കൂടുതല്‍ എംബസി സേവനങ്ങള്‍ ഐ സി സിയില്‍ ലഭ്യമാക്കാനും സൗകര്യമൊരുക്കണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പി കുമരനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മുന്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, കെ.കെ.ഉസ്മാന്, സിദ്ദീഖ് പുറായില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."