ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ ഫോണ്‍ പാക് കോടതി പിടിച്ചെടുത്തു
ഇസ്ലാമാബാദ്: പാകിസ്താനില്‍ കോടതി നടപടി ഫോണില്‍ ചിത്രീകരിച്ച ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ ഫോണ്‍ കോടതി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് കോടതി ഫോണ്‍ തിരിച്ചുനല്‍കുകയും ചെയ്തു. ഇസ്ലാമാബാദ് ഹൈക്കോടതിയിലാണ് നാടകീയ രംഗങ്ങള്‍. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുന്‍ സെക്രട്ടറിയായ പിയൂഷ് സിങ്ങിന്റെ ഫോണാണ് കോടതി പിടിച്ചെടുത്തത്.
ഇന്ത്യക്കാരിയായ യുവതി ഉസ്്മയെ പാക് സ്വദേശി തോക്കിന്മുനയില് നിര്‍ത്തി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന കേസില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് പിഷൂഷ് ഫോണില്‍ കോടതിയിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്.
ജസ്റ്റിസ് മുഹ്്സിന് അക്തര്‍ ഖയാനിയുടേതടക്കം മൂന്ന് ചിത്രങ്ങള്‍ പിയൂഷ് പകര്‍ത്തിയെന്ന് കണ്ടെത്തി. ഉസ്മ തന്റെ ഭാര്യയാണെന്നും അവരെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പാക് പൗരന് താഹിര്‍ അലി നല്കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മൊബൈലില്‍ ഫോട്ടോയെടുത്തത് കോടതിയിലെ ജീവനക്കാരാണ് ജഡ്ജിയെ അറിയിച്ചത്. തുടര്‍ന്ന് ഫോണ്‍ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നുവെന്ന് പാക് ദിനപത്രം എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കോടതിയിലെ ചട്ടങ്ങള്‍ക്ക് എതിരാണ് പിയൂഷിന്റെ നടപടിയെന്ന് ജഡ്ജി പറഞ്ഞു. മറ്റൊരു രാജ്യത്തിന്റെ നയതന്ത്രജ്ഞനായതിനാല്‍ ശിക്ഷാനടപടിയിലേക്ക് കടക്കുന്നില്ലെന്നും മാപ്പപേക്ഷ എഴുതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
തുടര്‍ന്ന് സിങ് നല്കിയ മാപ്പപേക്ഷ സ്വീകരിച്ചതായി ജഡ്ജി പറഞ്ഞു. ഇത് ആവര്‍ത്തിക്കരുതെന്ന് വാക്കാല്‍ നിര്‍ദേശം നല്കി ഫോണ്‍ തിരിച്ചുനല്‍കി. മലേഷ്യയില്‍ വച്ച് പരിചയപ്പെട്ട ഡല്‍ഹി സ്വദേശിനി ഉസ്മയും താഹിര്‍ അലിയും പാകിസ്താനില്‍ വച്ച് വിവാഹിതരായിരുന്നു. ബന്ധുക്കളെ കാണാനെത്തിയ തന്നെ തോക്കിന്മുനയില് നിര്‍ത്തി വിവാഹം ചെയ്തുവെന്ന് മെയ് എട്ടിനാണ് ഉസ്മ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ അലിക്കെതിരേ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."