വളപട്ടണത്തെ കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ഇന്ന്
പാപ്പിനിശ്ശേരി: വളപട്ടണം ബോട്ട് ജെട്ടിയോട് ചേര്‍ന്ന് നിര്‍മിച്ച കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് പി.
കെ ശ്രീമതി എം.പി നിര്‍വഹിക്കും.
വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി മനോരമ അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഡിവൈ.എസ്.പി പി.പി സദാനന്ദന് തുടങ്ങിയവര്‍ പങ്കെടുക്കും.
വളപട്ടണം പാലത്തിനോട് ചേര്‍ന്ന് മനോഹരമായി നിര്‍മിച്ച പാര്‍ക്ക് ചുറ്റുമതില്‍ കെട്ടി ഭംഗിയാക്കിയിട്ടുണ്ട്. പാര്‍ക്കിന്റെ മധ്യഭാഗത്ത് സഞ്ചാരികള്‍ക്ക് നടന്നു പോകുന്നതിനു വേണ്ടി ഇന്റര്‍ലോക്ക് സ്ഥാപിച്ചു. കുട്ടികള്‍ക്ക് കളിക്കുന്നതിന് വിവിധ രീതിയിലുള്ള ഉപകരണങ്ങള്‍ വെച്ച് പിടിപ്പിക്കുകയും പാര്‍ക്കിനുള്ളില്‍ നിരവധി സ്ഥലങ്ങളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
പാര്ക്കിന് ബോര്‍ഡ് സ്ഥാപിക്കുകയും ഗേറ്റ് വെച്ച് പിടിപ്പിക്കുകയും ചെയ്തതോടെ കൂടുതല്‍ പേര് പാര്ക്കിലേക്കെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
പി.കെ ശ്രീമതി എം.പിയുടെ വികസന ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം കെ.വി ഷക്കീലിന്റെ സഹകരണവും പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായി. നിര്‍മാണ പ്രവൃത്തികള്‍ക്ക് ജില്ലാ നിര്‍മിതി കേന്ദ്രമാണ് മേല്‍നോട്ടം വഹിച്ചത്. 2016 ജൂലായ് 27നാണ് നിര്‍മാണ ജോലികള്‍ ആരംഭിച്ചത്.
വേനലവധിക്കാലത്ത് ജോലികള്‍ തീര്‍ത്ത് കുട്ടികള്‍ക്ക് തുറന്ന് കൊടുക്കാനായിരുന്നു പദ്ധതിയെങ്കിലും കൃത്യസമയത്ത് നവീകരണം പൂര്‍ത്തിയാക്കാനായില്ല. പത്ത് മാസം കൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കിയാണ് ഇന്ന് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."