വൈദ്യുത ലൈനില്‍ തട്ടിനില്‍ക്കുന്ന മരക്കൊമ്പ് അപകടഭീഷണി ഉയര്‍ത്തുന്നു
പുതുക്കാട്: കുറുമാലി പുഴയുടെ നെല്ലായി ഇറിഗേഷന്‍ കടവില്‍ വൈദ്യുത ലൈനില്‍ തട്ടിനില്‍ക്കുന്ന മരക്കൊമ്പ് അപകടഭീഷണിയാകുന്നു. രണ്ടുമാസത്തിലേറെയായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം. പറപ്പൂക്കരയില്‍ നിന്നും ചെങ്ങാലൂരിലേക്ക് വൈദ്യുതിയെത്തിക്കുന്ന 11 കെ.വി ലൈനിലാണ് മരക്കൊമ്പ് കുരുങ്ങിക്കിടക്കുന്നത്.
പുഴയ്ക്ക് കുറുകെയുള്ള വൈദ്യുതി കമ്പിയിലായതിനാല്‍ പഞ്ചായത്തിന്റെ കടത്തുവഞ്ചി ഉപയോഗിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ അപകടം നേരിടുന്നത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദിവസേന ഇവിടെ കടത്ത് കടക്കുന്നുണ്ട്. കമ്പിയില്‍ മരക്കൊമ്പ് തട്ടുന്ന ഭാഗത്ത് കൂട്ടിയുരഞ്ഞു തീ പാറുന്നതും നാട്ടുകാരെ ഭീതിയിലാക്കുന്നു.ഈ ഭാഗത്ത് വൈദ്യുതി കമ്പി പൊട്ടിവീഴുന്നതിനും സാധ്യതയുണ്ട്. കമ്പിപൊട്ടി പുഴയില്‍ വീഴുന്നതും വലിയ അപകടത്തിനാണ് വഴിവെക്കുന്നത്.
വൈദ്യുതി പ്രവഹിക്കുന്നത് നിര്‍ത്തിവച്ച ശേഷമേ മരക്കൊമ്പ് മുറിച്ചുനീക്കാനാവൂ. ഇതിനായി പലവട്ടം വകുപ്പ് അധികൃതരെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പുതുക്കാട് ഗ്രാമപഞ്ചായത്തംഗം ബേബി കീടായി ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ അപകടാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും പ്രശ്‌ന പരിഹാരമുണ്ടായിട്ടില്ലെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."