സഹോദരങ്ങള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
വടക്കാഞ്ചേരി(തൃശൂര്‍): മുള്ളൂര്‍ക്കര പഞ്ചായത്തിലെ തെക്കേകരയില്‍ വാടക വീടിനുള്ളില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. അവണൂര്‍ മണിത്തറ സ്വദേശി കിഴുശ്ശേരിയില്‍ ശ്രീധരന്‍ നായരുടെ മക്കളായ പ്രഭാകരന്‍ (47), മുരളീധരന്‍ (44) എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാളായി മുള്ളൂര്‍ക്കരയില്‍ വാടകക്ക് താമസിക്കുകയാണ് അവിവാഹിതരായ സഹോദരങ്ങള്‍. സംഗീത അധ്യാപികയായിരുന്ന മാതാവ് ശാന്തകുമാരി അമ്മയുമൊത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രണ്ട് പേരും മുള്ളൂര്‍ക്കരയില്‍ എത്തിയത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് അമ്മ മരിച്ചതോടെ യുവാക്കള്‍ തീര്‍ത്തും നിരാശയിലായിരുന്നു. രണ്ട് പേര്‍ക്കും മാനസികാസ്വാസ്ഥ്യവും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
കാറ്ററിങ് ജോലിക്കാണ് യുവാക്കള്‍ പോയിരുന്നത്. ജോലി കഴിഞ്ഞെത്തിയാല്‍ വീടിനുള്ളില്‍ കയറി മുറിയടച്ചിരിക്കുന്നതാണ് പ്രകൃതം. നാട്ടുകാരുമായി ഒരു ബന്ധവും യുവാക്കള്‍ക്ക് ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ മരണ വിവരം പുറത്തറിയാന്‍ വൈകി. അടച്ചിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിച്ചത്. വടക്കാഞ്ചേരി പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശെല്‍വരാജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."