ആദ്യഘട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ഒന്നാം വാര്‍ഷികം; വിശപ്പുരഹിത കേരളം പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വിശപ്പുരഹിത കേരളം പദ്ധതിയുമായി സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ ജയലളിത നടപ്പിലാക്കിയ അമ്മ ഹോട്ടല്‍, യു.പിയില്‍ യോഗി ആദിത്യനാഥ് നടപ്പാക്കിയ അന്നപൂര്‍ണ ഭോജനാലയം എന്നിവയുടെ മാതൃകയിലാണ് കേരളത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ആദ്യഘട്ടം 14 ജില്ലാ ആസ്ഥാനങ്ങളിലാണ് പദ്ധതി തുടങ്ങുക.
ഭക്ഷ്യവകുപ്പ്, കൃഷി, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ സന്നദ്ധ സംഘടനകള്‍, സ്വയംസഹായസംഘങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് വൃത്തിയുള്ള ഭക്ഷണം വിതരണം ചെയ്യാനാണ് തീരുമാനം. വീടുകളില്‍ ഒറ്റപ്പെട്ടുകഴിയുന്ന വൃദ്ധജനങ്ങളെക്കൂടി വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുത്തും. വിജയിക്കുന്ന മുറയ്ക്ക് ഇതര സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. പദ്ധതിയുമായി സഹകരിക്കുന്ന ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കും. ഇതിനുപകരം കുറഞ്ഞനിരക്കില്‍ ഗുണമേന്‍മയുള്ള ഭക്ഷണം ഈ സ്ഥാപനങ്ങള്‍ നല്‍കണം. ഭക്ഷണത്തിന് നിവൃത്തിയില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴി കൂപ്പണ്‍ വിതരണം ചെയ്യും. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തില്‍ വിലയും പേരും പ്രഖ്യാപിക്കും. കുടുംബശ്രീ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. രണ്ടാംഘട്ടത്തില്‍ എല്ലാവര്‍ക്കും ഉച്ചഭക്ഷണം സൗജന്യമായി നല്‍കാനുള്ള പദ്ധതിയും ആവിഷ്‌കരിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തെയും വിദേശത്തെയും സന്നദ്ധ സംഘടനകളുടെയും വ്യവസായികളുടെയും സഹകരണത്തോടെയാണ് നടപ്പാക്കുക.
സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും സുപ്രധാന തീരുമാനങ്ങളിലൊന്നായി മാറുമെന്നാണ് വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലെ അമ്മ ഹോട്ടലുകള്‍ രാജ്യത്തെ ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ്. ഇഡ്ഡലിക്ക് ഒരു രൂപയും സാമ്പാര്‍ റൈസിന് അഞ്ച് രൂപയും തൈര് റൈസിന് മൂന്ന് രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്. ഇതേ മാതൃകയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ അന്നപൂര്‍ണ ഭോജനാലയം ആരംഭിച്ചിരുന്നു. ഇവിടെ അഞ്ചു രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും കഴിക്കാം. പ്രഭാത ഭക്ഷണം മൂന്നു രൂപയ്ക്ക് ലഭിക്കും. യു.പിയില്‍ തൊഴില്‍ വകുപ്പിന്റെ കീഴില്‍ 200 ഹോട്ടലുകളാണ് തുടങ്ങിയത്. വിലകുറച്ച് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭക്ഷണവിതരണം നടത്തുമെന്ന് പ്രകടനപത്രികയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."