ലോക്‌സഭാ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങുന്നു
കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായുളള യുഡി.എഫ് ജില്ലാതല നേതൃത്വ കണ്‍വന്‍ഷന്‍ 15ന് കാഞ്ഞങ്ങാട്ട് നടക്കും. തുടര്‍ന്ന് മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പുകളും നടക്കും. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുന്നതിനുമുന്‍പ് തന്നെ പ്രവര്‍ത്തനത്തിനു പ്രവര്‍ത്തകരെ സജ്ജമാക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീനും കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
15നു രാവിലെ 10ന് കാഞ്ഞങ്ങാട്ട് വ്യാപാരി ഭവനില്‍ നടക്കുന്ന യു.ഡി.എഫ് ജില്ലാ നേതൃത്വ ക്യാംപ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, കെ.പി.എ മജീദ്, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കും.
ക്യാംപില്‍ ജില്ലയിലെ യു.ഡി.എഫിന്റെ മുന്‍ എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ അംഗങ്ങള്‍, സഹകരണ ബാങ്ക് ഡയരക്ടര്‍മാര്‍, യു.ഡി.എഫിന്റെ നിയോജക മണ്ഡലം ഭാരവാഹികള്‍ എന്നിവരടക്കം 500 പ്രതിനിധികള്‍ പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നിയോജക മണ്ഡലംതല കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു.
പഞ്ചായത്ത്തല കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കും. പഞ്ചായത്ത്തല കമ്മിറ്റികളുടെ രൂപീകരണം ഒക്ടോബര്‍ അഞ്ചിനകം പൂര്‍ത്തീകരിക്കും. ഇതിനുശേഷം ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം ആരംഭിക്കും. നവംബര്‍ 10നകം ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."